അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ രാജസ്ഥാനെതിരെ കേരളത്തിന് 344 റൺസ് വിജയലക്ഷ്യം. അപരാജിത സെഞ്ച്വറിയുമായി കളംനിറഞ്ഞ കരൺ ലാമ്പയുടെ ഇന്നിങ്സാണ് രാജസ്ഥാനെ മികച്ച ടോട്ടലിലേക്ക് നയിച്ചത്. അർധ സെഞ്ച്വറി നേടിയ ദീപക് ഹൂഡയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ 343 റൺസടിച്ചത്. കേരളത്തിനായി ഷറഫുദ്ദീൻ മൂന്ന് വിക്കറ്റ് നേടി.
മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്കോർ ബോർഡിൽ 47 റൺസ് ചേർക്കുന്നതിനിടെ ഓപണർമാരെ നഷ്ടമായ രാജസ്ഥാൻ പിന്നീട് കളിയിൽ പിടിമുറുക്കുകയായിരുന്നു. ആദിത്യ റാത്തോഡിനെ (25) ഏദൻ ആപ്പിൾ ടോമും റാം ചൗഹാനെ (15) അങ്കിത് ശർമയും പുറത്താക്കി. മൂന്നാം വിക്കറ്റിൽ കരൺ ലാമ്പയും ദീപക് ഹൂഡയും ചേർന്ന് 171 റൺസ് കൂട്ടിച്ചേർത്തു. 35-ാം ഓവറിൽ ഹൂഡയെ പുറത്താക്കി ബാബ അപരാജിതാണ് ഈ കൂട്ടുകെട്ട് തകർത്തത്. 83 പന്തിൽ മൂന്ന് ഫോറും ആറ് സിക്സും സഹിതം 86 റൺസ് നേടിയാണ് താരം പുറത്തായത്.
മഹിപാൽ റോംറോർ (9), സമർപിത് ജോഷി (12), കുക്നാ അജയ് സിങ് (23), മാനവ് സുതർ (21) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. നാലം ഓവറിൽ ക്രീസിലെത്തിയ കരൺ ലാമ്പ അവസാന പന്തുവരെ പുറത്താകാതെ ക്രീസിലുറച്ചുനിന്നു. 131 പന്തിൽ ആറ് ഫോറും നാല് സിക്സും സഹിതം 119 റൺസാണ് താരം നേടിയത്. ടൂർണമെന്‍റിൽ രാജസ്ഥാന്‍റെ ആദ്യ മത്സരത്തിലും താരം സെഞ്ച്വറി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.