ദേവ്ദത്ത് പടിക്കൽ
അഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരെ കര്‍ണാടകക്ക് എട്ട് വിക്കറ്റ് വിജയം. കേരളം ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യം പത്ത് പന്തുകൾ ബാക്കിനിൽക്കേ കർണാടക മറികടന്നു. മലയാളി താരം കരുണ്‍ നായർ (130*), ദേവ്ദത്ത് പടിക്കൽ (124) എന്നിവരുടെ സെഞ്ച്വറി കർണാടകയുടെ ജയം എളുപ്പമാക്കി. കരുണിനൊപ്പം സ്മരണ്‍ രവിചന്ദ്രനും (25) പുറത്താകാതെ നിന്നു. ഒരു റണ്‍സെടുത്ത ക്യാപ്റ്റൻ മായങ്ക് അഗര്‍വാളിന്‍റെയും 137 പന്തില്‍ റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന്‍റെയും വിക്കറ്റുകളാണ് കര്‍ണാടകക്ക് നഷ്ടമായത്. സ്കോർ: കേരളം -50 ഓവറിൽ ഏഴിന് 284, കർണാടക - 48.2 ഓവറിൽ രണ്ടിന് 285.
രണ്ടാം ഓവറില്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കിയ അഖില്‍ സ്കറിയ കേരളത്തിന് മികച്ച തുടക്കം നല്‍കിയെങ്കിലും ദേവ്ദത്തും കരുണും ക്രീസിലുറച്ചതോടെ കേരളത്തിന്‍റെ പിടി അയഞ്ഞു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 223 റണ്‍സാണ് അടിച്ചെടുത്തത്. കര്‍ണാടകയുടെ ജയം ഏതാണ്ട് ഉറപ്പിച്ചശേഷമാണ് ദേവ്ദത്ത് എം.ഡി നിധീഷിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയത്. 137 പന്തിൽ 12 ഫോറും മൂന്ന് സിക്സും സഹിതം 124 റൺസാണ് താരം നേടിയത്. ദേവ്ദത്തിന്‍റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണിത്. നേരത്തെ ഝാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ 118 പന്തില്‍ 147 റണ്‍സടിച്ചിരുന്നു. അതേസമയം 130 പന്തിൽ 16 ഫോറുൾപ്പെടെ അത്ര തന്നെ റൺസാണ് കരുൺ കുറിച്ചത്.
മധ്യനിരയിൽ ബാബ അപരാജിത് (71), മുഹമ്മദ് അസ്ഹറുദ്ദീൻ (84*) എന്നിവർ നേടിയ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് കേരളം പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്. മത്സരത്തിൽ ടോസ് നേടിയ കർണാടക കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 12 റൺസ് നേടുന്നതിനിടെ അഭിഷേക് നായർ (7), അഹ്മദ് ഇമ്രാൻ (0) എന്നിവരുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. അഭിലാഷ് ഷെട്ടിയാണ് തുടക്കിൽതന്നെ കേരളത്തെ ഞെട്ടിച്ചത്. സ്കോർ 49ൽ നിൽക്കേ 12 റൺസ് നേടിയ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനെ കൂടി പുറത്താക്കി അഭിലാഷ് വിക്കറ്റ് നേട്ടം മൂന്നാക്കി ഉയർത്തി. പിന്നീടൊന്നിച്ച അപരാജിത് -അഖിൽ സ്കറിയ സഖ്യം 77 റൺസ് കൂട്ടിച്ചേർത്താണ് പിരിഞ്ഞത്.
62 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം 71 റൺസ് നേടിയ അപരാജിതിനെ, ശ്രേയസ് ഗോപാൽ രവിചന്ദ്രൻ സ്മരണിന്‍റെ കൈകളിലെത്തിച്ചു. 27 റൺസ് നേടിയ അഖിൽ സ്കറിയ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 35-ാം ഓവറിൽ സ്കോർ 182ൽ നിൽക്കേ വിഷ്ണു വിനോദ് (35) പുറത്തായി. പിന്നാലെ അങ്കിത് ശർമയും (2) മടങ്ങിയതോടെ സ്കോർ ഏഴിന് 185. എട്ടാം വിക്കറ്റിൽ അസറുദ്ദീനും എം.ഡി. നിധീഷും ചേർന്ന് 99 റൺസ് കൂട്ടിച്ചേർത്തു. 84 റൺസ് നേടിയ അസ്ഹറിനൊപ്പം എം.ഡി. നിധീഷും (34*) പുറത്താകാതെ നിന്നു. കർണാടകക്കായി അഭിലാഷ് ഷെട്ടി മൂന്ന് വിക്കറ്റ് നേടി. നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് കേരളം 384 റൺസ് നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.