കൊച്ചി: ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയതിൽ വിശദീകരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ( കെ.സി.എ). സംഭവത്തിൽ കെ.സി.എ അധികൃതരുടെ ഈഗോ ആണ് സഞ്ജുവിന്റെ കരിയർ തകർക്കുന്നതെന്ന് വിമർശിച്ച് ശശി തരൂർ എം.പിയും രംഗത്തുവന്നിരുന്നു. അതിനു പിന്നാലെയായിരുന്നു കെ.സി.എ പ്രസിഡന്റ് ജയേഷ് ജോർജിന്റെ പ്രതികരണം.
സഞ്ജുവിന് തോന്നുമ്പോൾ വന്ന് കളിക്കാനുള്ളതല്ല കേരള ടീം എന്ന് കെ.സി.എ പ്രസിഡന്റ് വ്യക്തമാക്കി. ''സഞ്ജുവിന് സ്ക്വാഡിൽ വരാൻ ഒരു ക്യാമ്പ് ആവശ്യമില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ അദ്ദേഹത്തിന് തോന്നുമ്പോൾ മാത്രം വന്ന് പ്രതിനിധീകരിക്കാൻ കഴിയുന്ന ഒന്നാണോ കേരള ടീം? സഞ്ജു കെ.സി.എയിലൂടെയാണ് ഇന്ത്യൻ ടീമിലെത്തിയത്. അതിനർഥം കേരള ടീമിന് വേണ്ടി തോന്നുമ്പോൾ മാത്രം കളിക്കാൻ എത്തിയാൽ മതി എന്നല്ല.''-ജയേഷ് ജോർജ് ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിക്കായുള്ള പരിശീലന ക്യാമ്പിൽ നിന്ന് സഞ്ജു കാരണങ്ങളൊന്നും പറയാതെ വിട്ടുനിന്നുവെന്നും കെ.സി.എ പ്രസിഡന്റ് വിശദീകരിച്ചു. 'ഞാനുണ്ടാകില്ല' എന്ന ഒറ്റവരി മെയിൽ മാത്രമാണ് സഞ്ജു കെ.സി.എ സെക്രട്ടറിക്ക് അയച്ചത്. ക്യാമ്പിൽ നിന്ന് വിട്ടുനിൽക്കാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞിട്ടില്ല. ക്യാമ്പ് കഴിഞ്ഞ് ടീം പ്രഖ്യാപിച്ചപ്പോൾ ഞാനുണ്ടാകുമെന്ന മെയിലും അയച്ചു.സഞ്ജു ആദ്യമായിട്ടല്ല കെ.സി.എയ്ക്കൊപ്പം കളിക്കുന്നത്. ഒരു ക്യാമ്പ് പ്രഖ്യാപിക്കുമ്പോൾ ഇത്തരത്തിൽ സീനിയർ ആയിട്ടുള്ള ഉത്തരവാദിത്തപ്പെട്ട താരം ഒരു വരി സന്ദേശമാണോ അയക്കുക. കാരണവും പറഞ്ഞില്ല.- ജയേഷ് ജോർജ് പറഞ്ഞു. സഞ്ജു മാറിനിന്നു. അതുകൊണ്ട് ടീമിലെടുത്തില്ലെന്നും ജയേഷ് ജോർജ് കൂട്ടിച്ചേർത്തു.
സഞ്ജു കൃത്യമായ കാരണം കാണിക്കാതെ വിട്ടുനിന്നതിനെ കുറിച്ച് ബി.സി.സി.ഐ അന്വേഷണം നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വിജയ് ഹസാരെ ട്രോഫിക്കായുള്ള ടീമില്‍ എടുക്കാതിരുന്ന കെ.സി.എ നടപടി മൂലമാണ് സഞ്ജുവിന് ഇന്ത്യന്‍ ടീമിലും ഇടംലഭിക്കാതിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.