ധോണിയും കോഹ്ലിയുമാണ് പ്രചോദനം...; തകർപ്പൻ പ്രകടനത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി ജോസ് ബട്‍ലർ

കൊൽക്കത്ത: ഒരുഘട്ടത്തിൽ കൈവിട്ടുപോയ മത്സരമാണ് ഇംഗ്ലണ്ട് താരം ജോസ് ബട്‍ലറുടെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിൽ രാജസ്ഥാൻ റോയൽസ് തിരിച്ചുപിടിച്ചത്. ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ അവസാന പന്തിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ സഞ്ജുവും സംഘവും രണ്ടു വിക്കറ്റിന് തോൽപിച്ചത്.

ഇംപാക്ട് പ്ലെയറായി ഇറങ്ങി 60 പന്തിൽ 107 റൺസെടുത്ത് പുറത്താകാതെ നിന്ന ബട്‍ലറാണ് രാജസ്ഥാന്‍റെ വിജയശിൽപി. ആറു സിക്സറുകളും ഒമ്പത് ഫോറുകളും അടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ജയത്തോടെ ഏഴു മത്സരങ്ങളിൽനിന്ന് ആറു ജയവും 12 പോയന്‍റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാൻ. ബട്‍ലറുടെ സീസണിലെ രണ്ടാം സെഞ്ച്വറിയാണ്. ആദ്യ മത്സരങ്ങളിൽ ഫോം കണ്ടെത്താനാകാതെ വലഞ്ഞിരുന്ന ബട്‍ലറിൽ ടീം മാനേജ്മെന്‍റ് അർപ്പിച്ച വിശ്വാസം തെറ്റിയില്ല. വെസ്റ്റിൻഡീസ് വെടിക്കെട്ട് ബാറ്റർ ക്രിസ് ഗെയ്ലിനെ മറികടന്ന് ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന വിദേശ താരമെന്ന റെക്കോഡും ഇംഗ്ലീഷ് താരം സ്വന്തമാക്കി. ബട്‍ലറുടെ സെഞ്ച്വറി നേട്ടം ഏഴായി.

തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ തനിക്ക് പ്രചോദനമായത് ഇന്ത്യൻ സൂപ്പർതാരങ്ങളായ വിരാട് കോഹ്ലിയും എം.എസ്. ധോണിയുമാണെന്ന് ബട്‍ലർ മത്സരശേഷം പറഞ്ഞു. ‘സ്വന്തം കഴിവിലുള്ള വിശ്വാസം തുടരുക, അതായിരുന്നു ഇന്നത്തെ വിജയരസഹ്യം. താളം കണ്ടെത്താനായി പ്രയാസപ്പെടുകയായിരുന്നു. ചിലപ്പോൾ നമുക്ക് നിരാശ തോന്നാം, അല്ലെങ്കിൽ സ്വയം കുറ്റപ്പെടുത്തും. അപ്പോഴെല്ലാം ഞാൻ എന്നെ തന്നെ സ്വയം ആശ്വസിപ്പിക്കും, നിങ്ങൾക്ക് ഫോം കണ്ടെത്താനാകും, സമാധാധനത്തോടെ ഇരിക്കുക. ഐ.പി.എല്ലിൽ ഉടനീളം നിരവധി തവണ അവിശ്വസനീയ കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്’ -ബട്‍ലർ പറഞ്ഞു.

ഏറെ ആത്മവിശ്വാസത്തോടെ ധോണിയും കോഹ്ലിയും അവസാനം വരെ ബാറ്റ് ചെയ്യുന്നതാണ് മത്സരത്തിൽ ഞാനും പിന്തുടർന്നത്. ഇക്കാര്യം സംഗക്കാര തന്നോട് പലതവണ പറഞ്ഞിട്ടുണ്ട്. ഒരു ബ്രേക്കിങ് പോയന്‍റ് ലഭിക്കും. ക്രീസിൽ പിടിച്ചുനിൽക്കുകയും വിക്കറ്റ് കളയാതിരിക്കുകയുമാണ് ഈസമയം ചെയ്യേണ്ടത്. കളിയുടെ ഗതി മാറ്റാനുള്ള ഒരു സമയം വരുമെന്ന് ഉറപ്പുണ്ടായിരുന്നതായും ബട്‍ലർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Jos Buttler reveals how Virat Kohli and MS Dhoni inspired his 'greatest IPL innings'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.