ജെമീമ റോഡ്രിഗസ് 

‘സെമിക്ക് പിന്നാലെ ആയിരത്തിലേറെ മെസേജുകൾ, വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തു’; ഫൈനലിന് മുമ്പ് സോഷ്യൽ മീഡിയയിൽനിന്നും വിട്ടുനിന്നെന്ന് ജമീമ

മുംബൈ: വനിത ലോകകപ്പിൽ ആസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ ഇന്ത്യയുടെ വിജയശിൽപിയായിരുന്നു ജെമീമ റോഡ്രിഗസ്. 134 പന്തിൽ 14 ഫോറുകളുടെ അകമ്പടിയോടെ പുറത്താകാതെ 127 റൺസെടുത്ത ജെമീമ ഇന്ത്യക്ക് അവിശ്വസനീയ ജയം സമ്മാനിച്ചാണ് ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. പ്രാഥമിക റൗണ്ടിൽ തുടർച്ചയായി പരാജയപ്പെട്ട താരത്തിന്‍റെ തിരിച്ചുവരവ് കൂടിയായിരുന്നു ഈ ഇന്നിങ്സ്. മത്സരത്തിനു പിന്നാലെ അഭിനന്ദന പ്രവാഹമായിരുന്നു താരത്തിന്. ഇതിനിടെ എങ്ങനെയോ വാട്സ്ആപ്പ് നമ്പർ ആരാധകർക്ക് കിട്ടിയതോടെ ആയിരത്തിലേറെ അജ്ഞാത നമ്പരുകളിൽനിന്നാണ് ജെമീമക്ക് മെസേജുകൾ വന്നത്. ഇതോടെ ഫൈനലിനു ദിവസങ്ങൾ ശേഷിക്കെ, വാട്സ്ആപ്പ് താൽക്കാലികമായി ഉപേക്ഷിക്കേണ്ടി വന്നുവെന്നും ക്രിക്ബസിന് നൽകിയ അഭിമുഖത്തിൽ താരം പറയുന്നു

“സെമി ഫൈനലിലെ ആ ഇന്നിങ്സിന് ശേഷം എന്റെ ഫോൺ നിർത്താതെ ശബ്ദിച്ചുകൊണ്ടിരുന്നു. കോളുകളും മെസ്സേജുകളും കൊണ്ട് ഫോൺ നിറഞ്ഞു. എനിക്ക് ആയിരത്തിലേറെ വാട്സ്ആപ്പ് സന്ദേശങ്ങൾ വന്നു. എന്നാൽ അതിന് മറുപടി നൽകാനായിരുന്നില്ല എന്‍റെ പ്രാഥമിക പരിഗണന. കാരണം ടൂർണമെന്‍റ് കഴിഞ്ഞിട്ടില്ല, ഫൈനൽ ഇനിയുമുണ്ട്. ഒടുവിൽ ഏകാഗ്രത കിട്ടാനായി വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തു. ഫൈനൽ കഴിയുന്നത് വരെ ഞാൻ വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ല. ഞാൻ സോഷ്യൽ മീഡിയയിൽനിന്നും പൂർണമായും വിട്ടുനിന്നു. ലോകകപ്പിന് ശേഷമാണ് പിന്നീട് സാമൂഹ മാധ്യമങ്ങളിൽ സജീവമായത്” -ജെമീമ പറഞ്ഞു.

ടൂർണമെന്‍റിനു ശേഷം സമൂഹമാധ്യമങ്ങളിൽ തന്‍റെ പ്രകടനത്തിന്‍റെയോ തന്നെക്കുറിച്ച് ആരെങ്കിലും പറയുന്നതിന്‍റെയോ വിഡിയോ കണ്ടത് വലിയ അനുഭവമായിരുന്നുവെന്നും ജമീമ പറഞ്ഞു. സാധാരണ ഗതിയിൽ നാലോ അഞ്ചോ പേരുടെ മെസേജുകളാണ് വാട്സ്ആപ്പിൽ വരാറുണ്ടായിരുന്നത്. എന്നാൽ സെമിയിലെ ആ പ്രകടനത്തിനു ശേഷം എണ്ണമറ്റ സന്ദേശങ്ങൾ വന്നത് എങ്ങനെ കൈകാര്യം ചെയ്യണമെന്നു പോലും തനിക്ക് മനസ്സിലായില്ലെന്ന് താരം കൂട്ടിച്ചേർത്തു. നേരത്തെ ടൂർണമെന്‍റിനിടെ താൻ കടന്നുപോയ മാനസിക പ്രയാസത്തെക്കുറിച്ചും താരം മനസ്സ് തുറന്നിരുന്നു. വിഷാദം അലട്ടിയ പല ഘട്ടങ്ങളിലും സഹതാരങ്ങളാണ് തനിക്ക് ഊർജം പകർന്നതെന്നും ജമീമ പറഞ്ഞു.

കലാശപ്പോരാട്ടത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപിച്ച് ഇന്ത്യൻ വനിതകൾ ലോകകപ്പ് നേടിയിരുന്നു. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള വനിതാ ഏകദിന ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ വനിതകൾ കിരീടം ചൂടിയത്. ഏഴു തവണ കപ്പടിച്ച ആസ്ട്രേലിയയെ ത്രില്ലർ സെമിയിൽ വീഴ്ത്തിയ ഇന്ത്യ, അതേ പോരാട്ട വീര്യവുമായി ​ഫൈനലിൽ ദക്ഷിണാഫ്രിക്കൻ കിരീടമോഹത്തെയും തച്ചുടച്ചു. 2005ലും 2017ലും ഫൈനലിൽ വീണുടഞ്ഞ കിരീട സ്വപ്നമാണ് മുംബൈയിൽ ​പൂവണിഞ്ഞത്.

Tags:    
News Summary - Jemimah Rodrigues Was Forced To Uninstall WhatsApp During World Cup: "Random People Got My Number"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.