ജസ്പ്രീത് ബുംറക്ക് ന്യൂസിലൻഡിൽ ശസ്ത്രക്രിയ; ഐ.പി.എൽ നഷ്ടമാകും

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ന്യൂസിലൻഡിൽ ശസ്ത്രക്രിയക്ക് വിധേയനായി. പുറംഭാഗത്തെ പരിക്കിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ മുതൽ താരം ടീമിനു പുറത്താണ്. താരത്തിന്‍റെ പുറംഭാഗത്തെ ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും സുഖം പ്രാപിക്കുകയാണെന്നും ബി.സി.സി.ഐയെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബുംറ പൂർണ ആരോഗ്യം വീണ്ടെടുക്കാൻ 24 ആഴ്ചയെടുക്കുമെന്നും ആഗസ്റ്റോടെ നെറ്റ്സിൽ പരിശീലനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ബി.സി.സി.ഐ വൃത്തങ്ങൾ പറയുന്നു. സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യ കപ്പും ഐ.പി.എല്ലും താരത്തിന് നഷ്ടമാകും. ഏകദിന ലോകകപ്പിനു മുന്നോടിയായി കളത്തിലേക്ക് തിരിച്ചെത്തും. 2022 ഏഷ്യ കപ്പ്, ട്വന്‍റി20 ലോകകപ്പ്, ബോർഡർ-ഗവാസ്കർ ട്രോഫി എന്നിവയെല്ലാം താരത്തിന് നഷ്ടമായിരുന്നു. ക്രൈസ്റ്റ്ചർച്ചിലെ ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ.

കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആശുപത്രി അധികൃതർ തയറായില്ല. ബുംറയെ കുറിച്ചുള്ള വിവരങ്ങൾക്ക് ബി.സി.സി.ഐയുമായി ബന്ധപ്പെടുന്നതാകും നല്ലതെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്തു.

അതേസമയം, ആസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും മത്സരം വ്യാഴാഴ്ച ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.

Tags:    
News Summary - Jasprit Bumrah Undergoes Back Surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.