ഏഷ്യ കപ്പിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ ഫൈനൽ; ലങ്കയെ എട്ടു വിക്കറ്റിന് തകർത്ത് കൗമാരപ്പട

ദുബൈ: അണ്ടർ 19 ഏഷ്യ കപ്പിൽ ഇന്ത്യ ഫൈനലിൽ. ദുബൈയിൽ നടന്ന സെമിയിൽ ശ്രീലങ്കയെ എട്ടു വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. മഴ കാരണം 20 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ലങ്ക എട്ടു വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 12 പന്തുകൾ ബാക്കിനിൽക്കെ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 139 റൺസെടുത്തു. ഫൈനലിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ.

മലയാളി താരം ആരോൺ ജോർജിന്‍റെയും വിഹാൻ മൽഹോത്രയുടെയും അർധ സെഞ്ച്വറികളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ആരോൺ 49 പന്തിൽ 58 റൺസും മൽഹോത്ര 45 പന്തിൽ 61 റൺസെടുത്തും പുറത്താകാതെ നിന്നു. ഓപ്പണർമാരായ ആയുഷ് മാത്രെയും (എട്ടു പന്തിൽ ഏഴ്) വൈഭവ് സൂര്യവംശിയും (ആറു പന്തിൽ ഒമ്പത്) വേഗത്തിൽ മടങ്ങിയിരുന്നു. മൂന്നാം വിക്കറ്റിൽ ആരോണും മൽഹോത്രയും ചേർന്ന് 114 റൺസ് കൂട്ടിച്ചേർത്തു. ടൂർണമെന്‍റിൽ ആരോണിന്‍റെ മൂന്നാം അർധ സെഞ്ച്വറിയാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക തുടക്കത്തിൽ തന്നെ പതറി. 28 റൺസെടുക്കുന്നതിനിടെ ടീമിന് മൂന്നു വിക്കറ്റുകൾ നഷ്ടമായി. ദുൽനിത് സിഗേര (1), വിരാൻ ചാമുദിത (19), കാവിജ ഗാമേജ് (2) എന്നിവരാണ് പുറത്തായത്. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ വിമത് ദിൻസാരയും ചാമികയും ചേർന്ന് ടീം സ്കോർ 50 കടത്തി. പിന്നാലെ 29 പന്തിൽ 32 റൺസെടുത്ത ദിൻസാര പുറത്തായി. കിത്മ വിതനപതിരണ (7), ആദം ഹിൽമി (1) എന്നിവരും പുറത്തായതോടെ ലങ്ക ആറിന് 84 എന്ന നിലയിലേക്ക് വീണു.

ഏഴാം വിക്കറ്റിൽ സെത്മിക സെനവിരത്‌നെയുമായി ചേർന്ന് സ്കോർ 130 കടത്തി. ചാമിക 42 റൺസെടുത്തും സെനവിരത്നെ 30 റൺസെടുത്തും പുറത്തായി. പിന്നാലെ ലങ്കൻ ഇന്നിങ്സ് എട്ടിന് 138 റൺസിൽ അവസാനിച്ചു. ഇന്ത്യക്കായി ഹെനിൽ പട്ടേലും കനിഷ്ക് ചൗഹാനും രണ്ട് വീതം വിക്കറ്റെടുത്തു. മഴ കാരണം രാവിലെ 10.30ന് ആരംഭിക്കേണ്ട മത്സരം വൈകീട്ട് 3.30നാണ് തുടങ്ങിയത്.

രണ്ടാം സെമിയിൽ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിനാണ് പാകിസ്താൻ തകർത്തത്. മഴ കാരണം 27 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 26.3 ഓവറിൽ 121 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 16.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 122 റൺസെടുത്തു.

Tags:    
News Summary - India U-19 enter Asia Cup final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.