അഞ്ചാം ട്വന്‍റി20യിൽ ഇന്ത്യക്ക് 30 റൺസ് ജയം, പരമ്പര (3-1); വരുണിന് നാലു വിക്കറ്റ്

അഹ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യക്ക്. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം മത്സരത്തിൽ 30 റൺസിനാണ് ഇന്ത്യയുടെ ജയം. 3-1നാണ് പരമ്പര ജയം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പ്രോട്ടീസിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ക്വിന്‍റൺ ഡി കോക്കാണ് സന്ദർശകരുടെ ടോപ് സ്കോറർ. 35 പന്തിൽ മൂന്നു സിക്സും ഒമ്പതു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. 30 പന്തിലാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഡെവാൾഡ് ബ്രെവിസ് 17 പന്തിൽ 31 റൺസുമായി ഭേദപ്പെട്ട പ്രകടനം നടത്തി. മറ്റുള്ളവർക്കൊന്നും തിളങ്ങാനായില്ല. വരുൺ ചക്രവർത്തിയുടെ നാലു വിക്കറ്റ് പ്രകടനമാണ് പ്രോട്ടീസിന്‍റെ വിജയസ്വപ്നം തല്ലികെടുത്തിയത്. നാലു ഓവറിൽ 53 റൺസ് വഴങ്ങിയാണ് താരം ഇത്രയും വിക്കറ്റെടുത്തത്. ജസ്പ്രീത് ബുംറ നാലു ഓവറിൽ 17 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

ഒന്നാം വിക്കറ്റിൽ ഡീകോക്കും റീസ ഹെൻഡ്രിക്സും ചേർന്ന് 6.3 ഓവറിൽ 69 റൺസാണ് അടിച്ചെടുത്തത്. ആദ്യത്തെ പത്ത് ഓവറിൽ ടീമിന് വിജയ പ്രതീക്ഷയുണ്ടായിരുന്നു. 10.2 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ 120 റൺസെന്ന നിലയിലായിരുന്നു. ഡികോക്ക് പുറത്തായതോടെ ടീമിന്‍റെ സ്കോറിങ് വേഗത കുറഞ്ഞു. പിന്നാലെ വന്നവരെല്ലാം വേഗത്തിൽ മടങ്ങിയതോടെ തോൽവി ഉറപ്പിച്ചു. നേരത്തെ, തിലക് വർമയുടെയും ഹാർദിക് പാണ്ഡ്യയുടെയും വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ നേടിയത്. 42 പന്തിൽ ഒരു സിക്സും 10 ഫോറുമടക്കം 73 റൺസെടുത്ത തിലകാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

ഹാർദിക് 25 പന്തിൽ അഞ്ചു വീതം സിക്സും ഫോറുമടക്കം 63 റൺസെടുത്തു. 16 പന്തിലാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. ഒരു ഇന്ത്യക്കാരന്‍റെ വേഗമേറിയ രണ്ടാമത്തെ അർധ സെഞ്ച്വറിയാണിത്. 12 പന്തിൽ അർധ സെഞ്ച്വറി നേടിയ യുവരാജ് സിങ്ങാണ് ഒന്നാമത്. അഭിഷേക് 17 പന്തിൽ ഫിഫ്റ്റിയടിച്ചിരുന്നു. ഇന്ത്യക്കായി ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 5.4 ഓവറിൽ 63 റൺസാണ് അടിച്ചുകൂട്ടിയത്. 21 പന്തിൽ 34 റൺസെടുത്ത അഭിഷേകിനെ കോർബിൻ ബോഷ് പുറത്താക്കി.

പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച സഞ്ജു 22 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 37 റൺസെടുത്തു. ജോർജ് ലിൻഡെയുടെ പന്തിൽ ബൗൾഡായാണ് താരം പുറത്തായത്. നായകൻ സൂര്യകുമാർ യാദവ് വീണ്ടും നിരാശപ്പെടുത്തി. ഏഴു പന്തിൽ അഞ്ചു റൺസാണ് താരത്തിന്‍റെ സമ്പാദ്യം. പിന്നാലെ തിലകിന്‍റെയും ഹാർദിക്കിന്‍റെയും വെടിക്കെട്ടായിരുന്നു. നാലാം വിക്കിറ്റിൽ 105 റൺസാണ് ഇരുവരും നേടിയത്. മൂന്നു പന്തിൽ 10 റൺസുമായി ശിവം ദുബെയും റണ്ണൊന്നും എടുക്കാതെ ജിതേഷ് ശർമയും പുറത്താകാതെ നിന്നു.

പ്രോട്ടീസിനായി കോർബിൻ ബോഷ് രണ്ടും ഒട്ടിനിൽ ബാർട്ട്മാൻ, ജോർജ് ലിൻഡെ എന്നിവർ ഒരു വിക്കറ്റ് വീതവും നേടി. നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ലഖ്നോയിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം മഞ്ഞുവീഴ്ചയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. രണ്ട് ടെസ്റ്റും ഏകപക്ഷീയമായി സന്ദർശകർ നേടിയപ്പോൾ ഏകദിന, ട്വന്‍റി20 പരമ്പര ഇന്ത്യ നേടി.

Tags:    
News Summary - Hardik Pandya Stars As All-Round India Beat SA By 30 Runs, Clinch Series 3-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.