അഹ്മദാബാദ്: ട്വന്റി20 പരമ്പരയിലെ അവസാനത്തെ മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ജയം തുടരാനായാൽ ഇന്ത്യക്ക് പരമ്പര 3-1ന് സ്വന്തമാക്കാം. സമനില പിടിക്കാൻ പ്രോട്ടീസിനും ജയം അനിവാര്യമാണ്.
പരിക്കേറ്റ് പുറത്തായ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനു പകരം മലയാളി താരം സഞ്ജു സാംസൺ ടീമിലെത്തി. പരമ്പരയിൽ ആദ്യമായാണ് സഞ്ജു കളിക്കുന്നത്. അഭിഷേക് ശർമക്കൊപ്പം ഓപ്പണറായി ബാറ്റിങ്ങിനിറങ്ങും. ട്വന്‍റി20 ലോകകപ്പ് നടക്കാനിരിക്കെ, ഇന്നത്തെ പ്രകടനം സഞ്ജുവിന് നിർണായകമാകും. പേസർ ജസ്പ്രീത് ബുംറ, വാഷിങ്ടൺ സുന്ദർ എന്നിവർ പ്ലെയിങ് ഇലവനിലെത്തിയപ്പോൾ ഹർഷിത് റാണയും കുൽദീപ് യാദവും പുറത്തായി. ഒരു മാറ്റവുമായാണ് സന്ദർശകർ കളിക്കാനിറങ്ങുന്നത്. ആൻറിച് നോർയെക്കു പകരം ജോർജ് ലിൻഡെ കളിക്കും.
ലഖ്നോയിലെ അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന നാലാം മത്സരം മഞ്ഞുവീഴ്ചയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു. രണ്ട് ടെസ്റ്റും ഏകപക്ഷീയമായി സന്ദർശകർ നേടിയപ്പോൾ ഏകദിനത്തിൽ 2-1നായിരുന്നു ആതിഥേയ വിജയം.
ഫെബ്രുവരിയിൽ തുടങ്ങുന്ന ട്വന്റി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യക്ക് ന്യൂസിലൻഡിനെതിരായ പരമ്പര മാത്രമാണ് ബാക്കിയുള്ളത്. കിട്ടുന്ന അവസരം ഉപയോഗപ്പെടുത്തിയില്ലെങ്കിൽ സഞ്ജുവിന്റെ കാര്യം പരുങ്ങലിലാവും. ട്വന്റി20 പരമ്പര സമനിലയിൽപ്പിടിച്ച് തലയുയർത്തി മടങ്ങാനാണ് എയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്കൻ സംഘത്തിന്റെ നീക്കം.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശർമ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി.
ടീം ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, ഡോണോവൻ ഫെരേരിയ, റീസ ഹെൻഡ്രിക്‌സ്, മാർകോ യാൻസൻ, ജോർജ് ലിൻഡെ, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ഒട്ടിനിൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.