സൂര്യകുമാർ യാദവ്
ദുബൈ: സൂപ്പർതാരം രോഹിത് ശര്‍മയുടെ ‘മറവി’ പല തവണ വാര്‍ത്തകളില്‍ ഇടംപിടിച്ചതാണ്. 2023ലെ ഇന്ത്യ-ന്യൂസിലാന്‍ഡ് രണ്ടാം ഏകദിനത്തിനിടെ ടോസ് നേടിയിട്ടും എന്ത് തെരഞ്ഞെടുക്കണമെന്ന് മറന്നുപോയ സംഭവം ഏറെ രസകരമാണ്. സമാന മറവി ഇന്ത്യയുടെ ട്വന്‍റി20 നായകൻ സൂര്യകുമാറിനെയും ബാധിച്ചിരിക്കുന്നു.
ഏഷ്യ കപ്പ് ടൂർണമെന്‍റിൽ പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ ടോസിനിടെയാണ് സൂര്യക്ക് അബദ്ധം പിണഞ്ഞത്. ഒമാനെതിരെ ടോസ് നേടിയ നായകൻ ബാറ്റിങ് തെരഞ്ഞെടുത്തു. അവതാരകൻ രവി ശാസ്ത്രിയുമായി സംസാരിക്കുന്നതിനിടെ ടീമിൽ രണ്ടു മാറ്റങ്ങൾ വരുത്തിയെന്ന് പറയുന്നുണ്ട്. പേസർ ഹർഷിത് റാണയുടെ പേരു പറയുന്നുണ്ടെങ്കിലും രണ്ടാമത്തെ താരത്തിന്‍റെ പേര് സുര്യക്ക് ഏറെ ആലോചിച്ചിട്ടും പറയാൻ കിട്ടുന്നില്ല. പിന്നാലെ രോഹിത് ശരമയെ പോലെയായെന്ന് സൂര്യകുമാർ മൈക്കിലൂടെ പറയുന്നുണ്ട്. ഇത് കേട്ട് രവി ശാസ്ത്രിയുടെ മുഖത്തും ഗാലറിയിലും ചിരി പടർന്നു.
ശാസ്ത്രിയോട് സംസാരിക്കുമ്പോഴും താരത്തിന്‍റെ പേര് സൂര്യക്ക് ഓർമ വരുന്നില്ല. ‘ആദ്യം ബാറ്റ് ചെയ്യും. ടൂർണമെന്‍റിൽ ഇതുവരെ ആദ്യം ബാറ്റ് ചെയ്തിട്ടില്ല. ടീം ബാറ്റിങ്ങിന്‍റെ കരുത്ത് തെളിയിക്കണം. സൂപ്പർ ഫോറിലേക്ക് കടക്കുന്നതിനാൽ തന്നെ മത്സരം സുപ്രധാനമാണ്. ആദ്യ രണ്ടു മത്സരങ്ങളിലും കാഴ്ചവെച്ച മികച്ച പ്രകടനം തുടരാനാണ് ടീം ആഗ്രഹിക്കുന്നത്. ടീമിൽ രണ്ടു മാറ്റങ്ങളുണ്ട്. ഹർഷിത് റാണയാണ് ഒരു താരം, ഒരാളും കൂടിയുണ്ട്. ഞാൻ ഇപ്പോൾ രോഹിത്തിനെ പോലെയായി’ -സൂര്യകുമാർ ചിരിച്ചുകൊണ്ട് പറഞ്ഞു.
അർഷ്ദീപ് സിങ്ങിന്‍റെ പേരാണ് താരം മറന്നുപോയത്. സമാന അബദ്ധം ഒമാൻ നായകൻ ജീതേന്ദർ സിങ്ങിനും സംഭവിക്കുന്നുണ്ട്. ടീമിൽ രണ്ടു മാറ്റമുണ്ടെന്നു പറഞ്ഞ ജതീന്ദർ, ഒരു താരത്തിന്റെ പേര് മറന്നു പോകുകയായിരുന്നു. പേസർ ജസ്പ്രീത് ബുംറക്കും സ്പിന്നർ വരുൺ ചക്രവർത്തിക്കുമാണ് ടീം ഇന്ത്യ വിശ്രമം നൽകിയത്. പകരം അർഷ്ദീപ് സിങ്, ഹർഷിത് റാണ എന്നിവർ പ്ലെയിങ് ഇലവനിലെത്തി. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ബാറ്റിങ്ങിന് അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണും ഹാർദിക് പാണ്ഡ്യക്കും ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽകി. സഞ്ജു മൂന്നാം നമ്പറിലും ഹാർദിക് നാലാം നമ്പറിലും ബാറ്റിങ്ങിന് ഇറങ്ങി.
നായകൻ സൂര്യകുമാർ യാദവും തിലക് വർമയും മധ്യനിരയിലേക്ക് മാറി. ബുംറക്ക് മത്സരത്തിൽ വിശ്രമം നൽകുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. യു.എ.ഇക്കും പാകിസ്താനുമെതിരെ ജയിച്ച് അടുത്ത റൗണ്ടിൽ ഇടംപിടിച്ച ഇന്ത്യക്ക് ഇത് പരിശീലന മത്സരമാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളും തോറ്റ് പുറത്തായ ഒമാന് മാനം കാക്കാനുള്ള മത്സരവും.
ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ) അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, സഞ്ജു സാംസൺ, തിലക് വർമ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്
ടീം ഒമാൻ: ജതീന്ദർ സിങ് (ക്യാപ്റ്റൻ), ആമിൽ കലീം, ഹമ്മാദ് മിർസ, വിനായക് ഷുക്ല, ഷാ ഫൈസൽ, സിക്രിയ ഇസ്ലാം, ആര്യൻ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീൽ അഹ്മദ്, സമയ് ശ്രീവാസ്തവ, ജിതിൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.