രാജസ്ഥാന് സീസണിലെ രണ്ടാം തോൽവി; ഒരു റൺ ജയത്തോടെ ​പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി ഹൈദരാബാദ്

ത്രില്ലർ പോരിൽ രാജസ്ഥാൻ റോയൽസിനെ ഒരു റണ്ണിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. ട്രാവിസ് ഹെഡിന്റെയും നിതിഷ് റെഡ്ഡിയുടെയും അർധ സെഞ്ച്വറികളുടെ കരുത്തിൽ ഹൈദരാബാദ് ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സഞ്ജു സാംസണും സംഘവും രണ്ട് റൺസകലെ വീഴുകയായിരുന്നു. അവസാന പന്തിൽ ജയിക്കാനായി രണ്ട് റൺസ് മാത്രമായിരുന്നു വേണ്ടിയിരുന്നത്, എന്നാൽ, റോവ്മാൻ പവൽ ഭുവനേശ്വർ കുമാറിന്റെ പന്തിൽ പുറത്തായി.

രാജസ്ഥാന് വേണ്ടി യശസ്വ ജയ്സ്വാളും (40 പന്തുകളിൽ 67), റിയാൻ പരാഗും (49 പന്തുകളിൽ 77) മിന്നും പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നാൽ, ആദ്യ ഓവറിൽ തന്നെ ഭുവനേശ്വർ കുമാർ രാജസ്ഥാന് ഷോക്ക് നൽകിയിരുന്നു. സ്കോർ ബോർഡിൽ ഒരു റൺസ് മാത്രമുള്ള സമയത്ത് സഞ്ജുവിനെയും ജോസ് ബട്ലറെയും താരം പുറത്താക്കുകയായിരുന്നു.

ഹൈദരാബാദിന് വേണ്ടി ഭുവനേശ്വർ മൂന്നും പാറ്റ് കമ്മിൻസ്, ടി. നടരാജൻ എന്നിവർ രണ്ട് വീതവും വിക്കറ്റുകൾ വീഴ്ത്തി. ഇന്നത്തെ ജയത്തോടെ 12 പോയന്റുമായി നാലാമതുള്ള ഹൈദരാബാദ് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി. 10 മത്സരങ്ങളിൽ 16 പോയന്റുമായി രാജസ്ഥാൻ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 42 പന്തുകളിൽ എട്ട് കൂറ്റൻ സിക്സറുകളും മൂന്ന് ബൗണ്ടറികളുമടക്കം നിതിഷ് റെഡ്ഡി 76 റൺസെടുത്തു. 44 പന്തുകളിൽ 58 റൺസെടുത്ത ട്രാവിസ് ഹെഡ് ആറ് ബൗണ്ടറികളും മൂന്ന് സിക്സറുമടിച്ചു. അവസാന ഓവറുകളിൽ ഹെൻ റിച്ച് ക്ലാസൻ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു സ്കോർ 200 കടത്തിയത്. 19 പന്തുകളിൽ 42 റൺസ് നേടിയ താരം മൂന്ന് വീതം സിക്സും ഫോറുമടിച്ചു.  

Tags:    
News Summary - IPL 2024, Sunrisers Hyderabad Beats Rajasthan Royals by 1 run

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.