ഹാർദിക് പാണ്ഡ്യ പഴയ തട്ടകത്തിലേക്ക്? ‘മോഹവില’ നൽകാൻ മുംബൈ ഇന്ത്യൻസ്

ഇന്ത്യയുടെ ട്വന്‍റി20 നായകൻ ഹാർദിക് പാണ്ഡ്യ ഐ.പി.എല്ലിൽ പഴയ തട്ടകത്തിലേക്ക് മടങ്ങുന്നു? ഗുജറാത്ത് ടൈറ്റൻസ് നായകനെ 15 കോടി മോഹവില നൽകി ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ മുംബൈ ഇന്ത്യൻസ് സജീവമാക്കിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

നിലനിർത്തിയ കളിക്കാരെ സംബന്ധിക്കുന്ന വിവരങ്ങൾ ഞായറാഴ്ചക്കകം ഫ്രാഞ്ചൈസികൾ ബി.സി.സി.ഐയെ അറിയിക്കണം. അതിനാൽ ഹാർദിക് ഗുജറാത്ത് വിടുമോ എന്ന കാര്യത്തിൽ ഞായറാഴ്ച വ്യക്തതവരും. ഏഴു സീസൺ മുംബൈ ഇന്ത്യൻസിനൊപ്പം കളിച്ച താരം, 2022ലാണ് ഗുജറാത്ത് ടൈറ്റൻസിലേക്ക് കൂടുമാറുന്നത്. കഴിഞ്ഞ രണ്ടു സീസണുകളിൽ ടീമിനെ തുടർച്ചയായി ഫൈനലിലേക്ക് നയിച്ച ഹാർദിക്, അരങ്ങേറ്റ സീസണിൽ തന്നെ ടീമിന് കിരീടവും സമ്മാനിച്ചു.

അതേസമയം, ഹാർദിക്കിനെ ടീമിലെടുക്കുകയാണെങ്കിൽ മുംബൈക്ക് ഏതാനും താരങ്ങളെ ഒഴിവാക്കേണ്ടി വരും. ഫ്രാഞ്ചൈസികൾക്ക് ശമ്പളയിനത്തിൽ പരമാവധി 100 കോടി രൂപ വരെ ചെലവഴിക്കാനാകു. കഴിഞ്ഞ വർഷം ഇത് 95 കോടിയായിരുന്നു. അഞ്ച് കോടിയുടെ വർധനയാണ് ഇത്തവണ വരുത്തിയിരിക്കുന്നത്. മുംബൈയുടെ കൈയിൽ നിലവിൽ അഞ്ചര കോടി രൂപയാണുള്ളത്. കഴിഞ്ഞ രണ്ടു സീസണുകളിലും പരിക്കുമൂലം ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായ ഇംഗ്ലണ്ട് താരം ജൊഫ്ര അർച്ചറിനെ മുംബൈ ഒഴിവാക്കുമെന്നാണ് പുറത്തുവരുന്ന വിവരം. എട്ടു കോടി രൂപക്കാണ് താരത്തെ ടീം സ്വന്തമാക്കിയത്.

ഭാവിയിൽ രോഹിത് ശർമക്ക് പകരക്കാരനായി നായക സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരമെന്ന നിലയിലാണ് ഹാർദിക്കിനായി മുംബൈ വലവിരിക്കുന്നത്. ഹാർദിക് മുംബൈ ഇന്ത്യൻസിലേക്ക് പോകുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നതായി ഗുജറാത്ത് ടീമുമായി അടുത്ത ബന്ധമുള്ളവർ വെളിപ്പെടുത്തി. അതേസമയം, മുംബൈ ഇന്ത്യൻസ് അധികൃതർ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിലവിൽ മുംബൈ നായകനായ രോഹിതിന്‍റെ നേതൃത്വത്തിൽ ടീം അഞ്ചു തവണ കിരീടം നേടിയിട്ടുണ്ട്. ഈ വർഷത്തെ ഐ.പി.എൽ ലേലം ദുബൈയിൽ നടക്കുമെന്നാണ് വിവരം. ഡിസംബർ 19നായിരിക്കും ലേലം നടക്കുക. ഇതാദ്യമായാണ് ഐ.പി.എൽ താരലേലം ഇന്ത്യക്ക് പുറത്ത് നടത്തുന്നത്. ഈ വരുന്ന സീസണോടെ കളിക്കാരുടെ മൂന്ന് വർഷത്തെ കരാർ അവസാനിക്കുകയാണ്. അടുത്ത വർഷം മെഗാതാരലേലം നടക്കും.

Tags:    
News Summary - IPL 2024: Hardik Pandya To Move Back To Mumbai Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.