സൂര്യകുമാർ യാദവും സഞ്ജു സാംസണും

സഞ്ജു ലോകകപ്പ് കളിക്കും, ഗിൽ പുറത്ത്; നയിക്കാൻ സൂര്യകുമാർ, സ്ക്വാഡ് പ്രഖ്യാപിച്ച് ബി.സി.സി.ഐ

മുംബൈ: 2026 ട്വന്റി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. ശുഭ്മാൻ ​ഗിൽ ടീമിൽ ഇടം നേടിയില്ല. അക്സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ തവണ ലോകകപ്പ്‌ ടീമുലുണ്ടായിട്ടും സഞ്‌ജുവിന്‌ ഒറ്റക്കളിയിലും അവസരം കിട്ടിയിരുന്നില്ല. ഋഷഭ്‌ പന്തായിരുന്നു വിക്കറ്റ്‌കീപ്പർ. എസ് ശ്രീശാന്തിനുശേഷം ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി എന്ന ഖ്യാതിയാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ശ്രീശാന്ത് 2007 ട്വന്റി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവയുടെ ഭാഗമായിരുന്നു. ​ ഇഷാൻ കിഷനും റിങ്കു സിങും ടീമിലേക്ക് തിരിച്ചെത്തി.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ, ഇഷാൻ കിഷൻ, റിങ്കു സിങ്.

ഫെബ്രുവരി ഏഴു മുതൽ മാർച്ച് എട്ടുവരെയാണ് ടൂർണമെന്റ്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും പാകിസ്താനും ഒരേ ​ഗ്രൂപ്പിലാണ്. ​ഗ്രൂപ്പ് എയിൽ ഇരുരാജ്യങ്ങള്‍ക്കും പുറമെ യു.എസ്.എ, നമീബിയ, നെതർലൻഡ്‌സ് ടീമുകളുമുണ്ട്. ഫെബ്രുവരി ഏഴിന് മുംബൈയിൽ ഇന്ത്യയും യു.എസ്.എയും ഏറ്റുമുട്ടും. ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ പാക് മത്സരം. ഇന്ത്യയിലെ അഞ്ച് വേദികളിലും ശ്രീലങ്കയിലെ മൂന്ന് വേദികളിലുമായി എട്ട് സ്റ്റേഡിയങ്ങളിലായാണ് മത്സരം. 20 ടീമുകളാണ് ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. ഓരോ ഗ്രൂപ്പിൽനിന്നും ആദ്യ രണ്ട്‌ ടീമുകൾ സൂപ്പർ എട്ട്‌ റൗണ്ടിലേക്ക്‌ മുന്നേറും.

ഇന്ത്യയുടെ ഗ്രൂപ്പ്ഘട്ട മത്സരങ്ങൾ

  • ഫെബ്രുവരി 7 - യു.എസ്.എ (മുംബൈ )
  • ഫെബ്രുവരി 12 - നമീബിയ (ഡൽഹി)
  • ഫെബ്രുവരി 15 - പാകിസ്താൻ (കൊളംബോ)
  • ഫെബ്രുവരി 18 - നെതർലൻഡ്‌സ്‌ (അഹ്മദാബാദ്‌)
Tags:    
News Summary - India’s squad for ICC Men’s T20 World Cup 2026 announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.