ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകൾ വീണത് 44 റൺസിനിടെ; ഇംഗ്ലണ്ടിന് ജയിക്കാൻ 399

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ അവസാന ആറ് വിക്കറ്റുകൾ 44 റൺസെടുക്കുന്നതിനിടെ നിലംപൊത്തിയതോടെ ഇംഗ്ലണ്ടിന് 399 റൺസ് വിജയലക്ഷ്യം. അഞ്ച് വിക്കറ്റിന് 211 റൺസെന്ന നിലയിൽനിന്നാണ് ഇന്ത്യ 255 റൺസിന് പുറത്തായത്. ഒന്നാം ഇന്നിങ്സിൽ നേടിയ 143 റൺസ് ലീഡാണ് 400 റൺസിനടുത്ത് വിജയലക്ഷ്യം ഒരുക്കാൻ ആതിഥേയർക്ക് തുണയായത്.

രണ്ടാം ടെസ്റ്റിലും വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ്. 28 റൺസെടുത്ത ഓപണർ ബെൻ ഡക്കറ്റിന്റെ വിക്കറ്റാണ് നഷ്ടമായത്. അശ്വിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ശ്രീകർ ഭരത് പിടിച്ചായിരുന്നു പുറത്താകൽ. 29 റൺസുമായി സാക് ക്രോളിയും ഒമ്പത് റൺസുമായി രെഹാൻ അഹ്മദുമാണ് ക്രീസിൽ. ഒമ്പത് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 322 റൺസ് കൂടി വേണം.

ആശ്വാസമായത് ഗില്ലിന്റെ സെഞ്ച്വറി

143 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ആദ്യ ഇന്നിങ്സിലെ ഇരട്ട സെഞ്ച്വറിക്കാരൻ യശസ്വി ജയ്സ്വാൾ 17 റൺസുമായും നായകൻ രോഹിത് ശർമ 13 റൺസുമായും തിരിച്ചുകയറി. എന്നാൽ, ഏറെ നാളായി ഫോം കണ്ടെത്താൻ വിഷമിച്ചിരുന്ന ശുഭ്മൻ ഗിൽ തകർപ്പൻ സെഞ്ച്വറിയുമായി നിലയുറപ്പിച്ചതാണ് ഇന്ത്യക്ക് പിടിവള്ളിയായത്. മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യർ ഗില്ലിനൊപ്പം പിടിച്ചുനിന്നെങ്കിലും അധികം ആയുസുണ്ടായില്ല. 29 റൺ​സെടുത്ത താരത്തെ ഹാർട്ട്‍ലിയുടെ പന്തിൽ ബെൻ സ്റ്റോക്സ് പിടികൂടുകയായിരുന്നു. വൈകാതെ ഒമ്പത് റൺസുമായി രജത് പാട്ടിദാറും മടങ്ങി.

തുടർന്നെത്തിയ അക്സർ പട്ടേൽ ഗില്ലിനൊപ്പം പൊരുതിയെങ്കിലും അഞ്ചാമനായി ഗില്ലും ക്രീസ് വിട്ടു. 147 പന്ത് നേരിട്ട് രണ്ട് സിക്സിന്റെയും 11 ഫോറിന്റെയും അകമ്പടിയിൽ 104 റൺസ് നേടിയ താരത്തെ ശുഐബ് ബഷീറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് പിടികൂടുകയായിരുന്നു. ഇതോടെ സ്കോർ അഞ്ചിന് 211 എന്ന നിലയിലായി. തുടർന്നായിരുന്നു ഇന്ത്യയുടെ കൂട്ടത്തകർച്ച. ഒമ്പത് റൺസ് കൂടി ചേർത്തപ്പോഴേക്കും 45 റൺസെടുത്ത അക്സർ പട്ടേലിനെ ഹാർട്ട്‍ലി വിക്കറ്റിന് മുന്നിൽ കുടുക്കി. ആറ് റൺസെടുത്ത വിക്കറ്റ് കീപ്പർ ശ്രീകർ ഭരതിനെ രെഹാൻ അഹ്മദിന്റെ പന്തിൽ ബെൻ സ്റ്റോക്സും പിടികൂടി. കുൽദീപ് യാദവും ജസ്പ്രീത് ബുംറയും റൺസൊന്നുമെടുക്കാതെയും മടങ്ങി. ഒരറ്റത്ത് പിടിച്ചുനിന്ന അശ്വിൻ 29 റൺസുമായി പത്താമനായും മടങ്ങിയതോടെ ഇന്ത്യൻ ഇന്നിങ്സിനും വിരാമമായി. മുകേഷ് കുമാർ റൺസൊന്നുമെടുക്കാതെ പുറത്താകാതെനിന്നു. ഇംഗ്ലണ്ടിനായി ടോം ഹാർട്ട്‍ലി നാലും രെഹാൻ അഹ്മദ് മൂന്നും വിക്കറ്റെടുത്തപ്പോൾ ജെയിംസ് ആ​ൻഡേഴ്സൺ രണ്ടും ശുഐബ് ബഷീർ ഒന്നും വിക്കറ്റെടുത്തു.

ഓപണർ യശസ്വി ജയ്സ്വാളിന്‍റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ ഒന്നാം ഇന്നിങ്സിൽ 396 റൺസടിച്ച ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 253 റൺസിന് പുറത്തായിരുന്നു. ആറ് വിക്കറ്റുമായി പേസർ ജസ്പ്രീത് ബുംറ കൂടി തിളങ്ങിയതോടെയാണ് ഇന്ത്യക്ക് മികച്ച ഒന്നാം ഇന്നിങ്സ് ലീഡ് നേടാനായത്.

Tags:    
News Summary - India's last five wickets fell within 44 runs; 399 for England to win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.