ലണ്ടൻ: മുൻകാല താരങ്ങൾ പാഡണിയുന്ന ലെജൻഡ്സ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും സെമിഫൈനലിൽ മുഖാമുഖമെത്തിയതോടെ സ്പോൺഷർഷിപ്പിൽ നിന്നും പിൻവാങ്ങി ഇന്ത്യൻ കമ്പനി. ടൂർണമെന്റിന്റെ ലീഗ് മത്സരങ്ങൾ പൂർത്തിയായി, സെമി ഫൈനൽ ചിത്രം തെളിഞ്ഞതിനു പിന്നാലെയാണ് ചാമ്പ്യൻഷിപ്പിന്റെ പ്രധാന സ്പോൺസർമാരായ ‘ഈസ് മൈ ട്രിപ്പ്’ പിൻമാറ്റം പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയാണ് ഇന്ത്യയും പാകിസ്താനും തമ്മിലെ ഒന്നാം സെമി ഫൈനൽ. നേരത്തെ ലീഗ് റൗണ്ടിൽ പാകിസ്താനെതിരെ കളിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ടീം അംഗങ്ങൾ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. എന്നാൽ, സെമിയിൽ അയൽക്കാർ വീണ്ടും മുഖാമുഖമെത്തിയതോടെ വിവാദങ്ങളും സജീവമായി. വ്യാഴാഴ്ചത്തെ മത്സരത്തിൽ ഇന്ത്യ കളിക്കുമോയെന്ന് ഇനിയും വ്യക്തമല്ല.
കളിക്കാരുടെ പ്രഖ്യാപനം വരും മുമ്പാണ് സ്പോൺസർമാരായ ട്രവൽ പ്ലാറ്റ്ഫോ ഈസ് മൈ ട്രിപ്പ് തങ്ങളുടെ നിലപാട് അറിയിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലെ സെമി ഫൈനൽ മത്സരവുമായി കമ്പനി സഹകരിക്കില്ലെന്നും, ഭീകരതയും ക്രിക്കറ്റും ഒരുമിച്ച് മുന്നോട്ട് പോവില്ലെന്നും കമ്പനി സഹസ്ഥാപകൻ നിശാന്ത് പിറ്റി പറഞ്ഞു.
‘പാകിസ്താനെതിരായ സെമിഫൈനൽ മറ്റൊരു മത്സരം മാത്രമല്ല. ഭീകരതയും ക്രിക്കറ്റും ഒന്നിച്ച് പോവില്ല. ഞങ്ങൾ ഇന്ത്യക്കൊപ്പമാണ്. ഭീകരതയെ പിന്തുണക്കുന്ന രാജ്യവുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഒന്നുമായും സഹകരിക്കില്ല’ -എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിലൂടെ നിഷാന്ത് പിറ്റി പ്രഖ്യാപിച്ചു.
ശുഐബ് മാലിക് നായകനായ പാകിസ്താൻ ടീമിൽ മുൻകാല താരങ്ങളായ ആസിഫ് അലി, സുഹൈൽ തൻവീർ, കമ്രാൻ അക്മൽ എന്നിവരാണ് പ്രമുഖർ. യുവരാജ് സിങ് നയിക്കുന്ന ഇന്ത്യൻ ടീമിൽ സ്റ്റുവർട് ബിന്നി, സുരേഷ് റെയ്ന, ശിഖർ ധവാൻ, യൂസുഫ് പഠാൻ തുടങ്ങിയ താരങ്ങളും കളിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.