ഹസ്തദാനമില്ല, ബുംറയും വരുണും ടീമിൽ; പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു

ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ സൂപ്പർ ഫോറിൽ പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുത്തു.

കഴിഞ്ഞ മത്സരത്തിൽ വിശ്രമം നൽകിയ പേസർ ജസ്പ്രീത് ബുംറയും സ്പിന്നർ വരുൺ ചക്രവർത്തിയും ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. പാകിസ്താൻ ടീമിലും രണ്ടു മാറ്റങ്ങളുണ്ട്. ഹസൻ നവാസ്, ഖുഷ്ദിൽ ഷാ എന്നിവർക്കു പകരം ഫഹീം അഷ്‌റഫ് ഹുസൈൻ തലത്ത് എന്നിവർ പ്ലെയിങ് ഇലവനിലെത്തി.

ടോസ് സമയത്ത് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും പാക് ക്യാപ്റ്റൻ സൽമാൻ ആഗയും ഹസ്തദാനം നടത്തിയില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഹസ്തദാനം നടത്താത്തത് വലിയ വിവാദമായിരുന്നു. സൂര്യകുമാർ യാദവും സൽമാൻ ആഗയും മുഖത്തേക്കു നോക്കാതെ, ടോസിട്ട ശേഷം ഗ്രൗണ്ട് വിടുകയായിരുന്നു. കഴിഞ്ഞ തവണ ഇന്ത്യ-പാക് പോരാട്ടം നിയന്ത്രിച്ച ആൻഡി പൈക്രോഫ്റ്റ് തന്നെയാണ് സൂപ്പർ ഫോർ മത്സരത്തിലും മാച്ച് റഫറി.

ഹസ്തദാന വിവാദത്തിൽ പൈക്രോഫ്റ്റിനെ ടൂർണമെന്റിൽനിന്നു മാറ്റിനിർത്തണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ഐ.സി.സിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വിസമ്മതിച്ചു. ഇതോടെ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്നുവരെ പി.സി.ബി ഭീഷണി മുഴക്കിയിരുന്നു.ഹസ്തദാനം പൈക്രോഫ്റ്റ് ഇടപെട്ട് മുടക്കിയെന്നാണ് പി.സി.ബിയുടെ പരാതി. എന്നാൽ ഇതെല്ലാം തള്ളിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) പൈക്രോഫ്റ്റിനെ പിന്തുണക്കുകയായിരുന്നു.

യു.എ.ഇക്കെതിരായ മത്സരത്തിന് മുന്നോടിയായി നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. സമയമായിട്ടും താരങ്ങൾ ഹോട്ടലിൽ തന്നെ തുടർന്നതോടെ പാക്-യു.എ.ഇ മത്സരവും അനിശ്ചിതത്വത്തിലായി. ഒടുവിൽ ഐ.സി.സി നടത്തിയ അനുനയ ശ്രമങ്ങളെ തുടർന്നാണ് പാകിസ്താൻ കളിക്കാൻ തയാറായത്. മത്സരത്തലേന്നുള്ള വാർത്തസമ്മേളനം പാക് ടീം ബഹിഷ്കരിച്ചിരുന്നു. 

ജയം തുടരാനുറച്ച് ഇന്ത്യയിറങ്ങുമ്പോൾ തോൽവിക്ക് പകരം ചോദിക്കുകയാണ് പാക് ലക്ഷ്യം. ഗ്രൂപ് റൗണ്ടിൽ അജയ്യരായിരുന്നു ഇന്ത്യ. പാകിസ്താൻ ഇന്ത്യയോട് തോറ്റു. ഏഴ് വിക്കറ്റിനായിരുന്നു സൂര്യകുമാറിന്റെയും സംഘത്തിന്റെയും ജയം.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.

പാകിസ്താൻ ടീം: സൽമാൻ ആഗ (ക്യാപ്റ്റൻ), സാഇം അയ്യൂബ്, സാഹിബ്‌സാദ ഫർഹാൻ, മുഹമ്മദ് ഹാരിസ്, ഫഖർ സമാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്‌റഫ്, ഷഹീൻ ഷാ അഫ്രീദി, സൂഫിയാൻ മുഖീം, അബ്രാർ അഹ്മദ്, ഹുസൈൻ തലത്ത്, സൽമാൻ മിർസ.

Tags:    
News Summary - India won the toss and elected to bowl against Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.