വിൻഡീസിനായി തകർത്തടിച്ച് ഹോപ്പും റുഥർഫോർഡും; രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് തോൽവി

റാഞ്ചി: കൂറ്റൻ സിക്സറുകൾ കൊണ്ട് വിൻഡീസ് ബാറ്റർമാർ നിറഞ്ഞാടിയപ്പോൾ രണ്ടാം ടി20-യിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റ് തോൽവി. ഇന്ത്യ ഉയർത്തിയ 250 റൺസിന്റെ വലിയ വിജയലക്ഷ്യം വെറും 18.3 ഓവറിൽ നാലു വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിൻഡീസ് അനായാസം മറികടന്നു. ഈ വിജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ വിൻഡീസ് ആതിഥേയർക്ക് ഒപ്പമെത്തി (1-1). റാഞ്ചിയിൽ അക്ഷരാർഥത്തിൽ സിക്‌സർ മഴയാണ് പെയ്തത്. വിൻഡീസ് ബാറ്റർമാർ ചേർന്ന് 20 സിക്‌സറുകളാണ് ഗാലറിയിലേക്ക് പറത്തിയത്.

ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെയും ഷെർഫെയ്ൻ റുഥർഫോർഡിന്റെയും തകർപ്പൻ ഇന്നിങ്‌സുകളാണ് സന്ദർശകരെ വിജയത്തിലെത്തിച്ചത്. ഇന്ത്യൻ ബൗളർമാർക്ക് ഇവരുടെ കടന്നാക്രമണത്തിന് മറുപടിയുണ്ടായിരുന്നില്ല. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് വെറും 54 പന്തിൽ നിന്ന് അടിച്ചെടുത്ത 120 റൺസ് മത്സരത്തിന്റെ വിധി നിർണയിക്കുന്നതിൽ നിർണായകമായി. സമീപകാലത്ത് ഇന്ത്യയ്‌ക്കെതിരേ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഷായ് ഹോപ്പ് വെറും 45 പന്തിൽ നിന്ന് ഒമ്പത് സിക്‌സും ആറ് ഫോറുമടക്കം 102* റൺസോടെ പുറത്താകാതെ നിന്നു.

250 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റെടുത്ത വിൻഡീസിന് ആദ്യ ഓവറിൽ തന്നെ കാമിൽ പുരാനെയും (4) ഷിംറോൺ ഹെറ്റ്മയറെയും (0) നഷ്ടമായിരുന്നു. മായങ്ക് യാദവാണ് ഇരുവരേയും പുറത്താക്കിയത്. എന്നാൽ മൂന്നാം വിക്കറ്റിൽ റോവ്മാൻ പവലിനെ കൂട്ടുപിടിച്ച് ഷായ് ഹോപ്പ് 27 പന്തിൽ നിന്ന് 53 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റി. 13 പന്തിൽ നിന്ന് ഒരു സിക്‌സും നാല് ഫോറുമടക്കം 24 റൺസെടുത്ത പവലിനെ ആറാം ഓവറിൽ മായങ്ക് വീണ്ടും പുറത്താക്കി.

തുടർന്ന് നാലാം വിക്കറ്റിൽ ഷായ് ഹോപ്പും ഷെർഫെയ്ൻ റുഥർഫോർഡും ഒന്നിച്ചതോടെ വിൻഡീസ് സ്‌കോർ ബോർഡ് കുതിച്ചുയർന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബൗളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഈ കൂട്ടുകെട്ട് പൊളിക്കാൻ സാധിച്ചില്ല. ഒടുവിൽ 15-ാം ഓവറിൽ റുഥർഫോർഡിനെ പുറത്താക്കി കുൽദീപ് യാദവാണ് കൂട്ടുകെട്ട് തകർത്തത്. 37 പന്തിൽ നിന്ന് ഏഴു വീതം സിക്‌സും ഫോറുമടക്കം 84 റൺസെടുത്താണ് റുഥർഫോർഡ് മടങ്ങിയത്. അദ്ദേഹം പുറത്തായെങ്കിലും റൊമാരിയോ ഷെപ്പേർഡിനെ (13 പന്തിൽ 34) കൂട്ടുപിടിച്ച് ഷായ് ഹോപ്പ് വിൻഡീസിനെ വിജയത്തിലെത്തിച്ചു. അഞ്ചാം വിക്കറ്റിൽ ഇരുവരും വെറും 26 പന്തിൽ നിന്ന് 74 റൺസാണ് അടിച്ചുകൂട്ടിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 249 റൺസെടുത്തത്. 41 പന്തിൽ നിന്ന് നാല് സിക്‌സും ഒമ്പത് ഫോറുമടക്കം 82 റൺസെടുത്ത സഞ്ജു സാംസന്റെ മികച്ച ഇന്നിങ്‌സാണ് ഇന്ത്യൻ സ്‌കോറിന് അടിത്തറയൊരുക്കിയത്.

ഇന്ത്യൻ ഓപ്പണർമാരുടെ സ്പിൻ ബൗളിംഗിനെതിരെയുള്ള ദൗർബല്യം മുതലാക്കാൻ അകീൽ ഹുസൈനെ കൊണ്ടാണ് വിൻഡീസ് ബൗളിങ് ഓപ്പൺ ചെയ്തത്. എന്നാൽ ശ്രദ്ധയോടെ തുടങ്ങിയ സഞ്ജുവും അഭിഷേകും പിന്നീട് കത്തിക്കയറി. 24 പന്തിൽ നിന്ന് 42 റൺസ് ചേർത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 12 പന്തിൽ നിന്ന് ഒരു സിക്‌സും രണ്ട് ഫോറുമടക്കം 20 റൺസെടുത്ത അഭിഷേകിനെ പുറത്താക്കി റോസ്റ്റൺ ചേസാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെ സഞ്ജുവിന് കൂട്ടായി ഇഷാൻ കിഷൻ എത്തിയതോടെ ഇന്ത്യൻ ഇന്നിങ്‌സ് കൂടുതൽ വേഗത കൈവരിച്ചു. 43 പന്തിൽ ഇരുവരും ചേർന്ന് 97 റൺസ് അടിച്ചെടുത്തു. ഇതിനിടയിൽ അകീൽ ഹുസൈന്റെ ഒരു ഓവറിൽ സഞ്ജു രണ്ട് വീതം സിക്‌സും ഫോറുമടിച്ച് 22 റൺസ് നേടി. എന്നാൽ 12-ാം ഓവറിൽ കിഷനെ പുറത്താക്കി റോസ്റ്റൺ ചേസ് ഈ കൂട്ടുകെട്ടും തകർത്തു. 22 പന്തിൽ നിന്ന് രണ്ട് സിക്‌സും ആറ് ഫോറുമടക്കം 43 റൺസെടുത്താണ് കിഷൻ മടങ്ങിയത്. തുടർന്ന് സ്ഥാനക്കയറ്റം കിട്ടിയത്തിയ ശിവം ദുബെയേയും (10 പന്തിൽ 7) ചേസ് പുറത്താക്കി. ദുബെയ്ക്കു പിന്നാലെ ഷമാർ സ്പ്രിംഗറുടെ പന്തിൽ കാമിൽ പുരാന് ക്യാച്ച് നൽകി സഞ്ജുവും (82) പുറത്തായി.

ഇന്ത്യയുടെ സ്‌കോറിങ് റേറ്റ് അൽപം താഴ്‌ന്നെങ്കിലും ക്യാപ്റ്റൻ ശ്രേയസ് അയ്യരും തിലക് വർമയും ചേർന്ന് തകർത്തടിച്ചതോടെ ഇന്ത്യൻ സ്‌കോർ 249-ൽ എത്തി. വെറും 32 പന്തിൽ നിന്ന് 83 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. അയ്യർ 18 പന്തിൽ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 40 റൺസെടുത്തപ്പോൾ, തിലക് 18 പന്തിൽ നിന്ന് മൂന്നു വീതം സിക്‌സും ഫോറുമടക്കം 44* റൺസോടെ പുറത്താകാതെ നിന്നു. ഷമാർ സ്പ്രിംഗർ എറിഞ്ഞ അവസാന ഓവറിൽ മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 23 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. ഇതിൽ മൂന്ന് സിക്‌സും പിറന്നത് തിലകിന്റെ ബാറ്റിൽ നിന്നായിരുന്നു. വിൻഡീസ് ബൗളർമാരിൽ നാല് ഓവറിൽ 24 റൺസ് മാത്രം വഴങ്ങി 10 ഡോട്ട് ബോളുകളടക്കം മൂന്ന് വിക്കറ്റെടുത്ത റോസ്റ്റൺ ചേസാണ് തിളങ്ങിയത്.

Tags:    
News Summary - West Indies Defeats India by 6 Wickets in 2nd T20I as Shai Hope and Sherfane Rutherford Chase Down 250 in Ranchi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.