ഇംഗ്ലണ്ടിനെ കരകയറ്റി റൂട്ടും ഡോസണും, ഇന്ത്യക്ക് 259 റൺസ് വിജയ‍ലക്ഷ്യം, അക്ഷർ പട്ടേലിന് നാലു വിക്കറ്റ്

ബെർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 259 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 47.5 ഓവറിൽ 258 റൺസിന് ഓൾ ഔട്ടായി.

ജോ റൂട്ടിന്‍റെയും ലിയാം ഡോസണിന്‍റെയും അർധ സെഞ്ച്വറികളാണ് ആതിഥേയരെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. റൂട്ട് 76 പന്തിൽ ഒരു സിക്സും ആറു ഫോറുമടക്കം 76 റൺസെടുത്ത് പുറത്താകാതെ നിന്നു. ഡോസൺ 83 പന്തിൽ 68 റൺസെടുത്തു. ഇന്ത്യക്കായി അക്ഷർ പട്ടേൽ 9.5 ഓവറിൽ 62 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്തു. ഒരുഘട്ടത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 107 റൺസെന്ന നിലയിൽ തകർന്നടിഞ്ഞ ആതിഥേയരെ ജോ റൂട്ടും ലിയാം ഡോണസും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടിലൂടെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഏഴാം വിക്കറ്റിൽ 121 റൺസാണ് ഇരുവരും ചേർന്ന് സ്കോർ ബോർഡിർ ചേർത്തത്.

ഇംഗ്ലണ്ടിനെ ചെറിയ സ്കോറിലൊതുക്കാമെന്ന ഇന്ത്യയുടെ പ്രതീക്ഷകളാണ് റൂട്ടും ഡോസണും ചേർന്ന് തല്ലികെടുത്തിയത്. ഇംഗ്ലീഷുകാർക്കായി ഓപ്പണർമാരായ ബെൻ ഡക്കറ്റും ജേക്കബ് ബെഥലും മികച്ച തുടക്കമാണ് നൽകിയത്. 12.1 ഓവറിൽ 61 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. 31 പന്തിൽ 14 റൺസെടുത്ത ബെഥലിനെ പുറത്താക്കി ഗുർണൂർ ബ്രാറാണ് സന്ദർശകർക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. ഗുർണൂർ എറിഞ്ഞ 12ാം ഓവറിലെ രണ്ടാം പന്തിൽ വാഷിങ്ടൺ സുന്ദറിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.

അതേ ഓവറിലെ നാലാമത്തെ പന്തിൽ ഡക്കറ്റിനെയും മടക്കി ഗുർണൂറിന്‍റെ ഇരട്ടപ്രഹരം. തൊട്ടടുത്ത ഓവറിൽ ജസപ്രീത് ബുംറ ഇംഗ്ലീഷ് നായകൻ ഹാരി ബ്രൂക്കിനെയും (മൂന്നു പന്തിൽ ഒന്ന്) പുറത്താക്കി ഇന്ത്യക്ക് പ്രതീക്ഷ നൽകി. ഇംഗ്ലണ്ട് മൂന്നിന് 64. ജോസ് ബട്ട്ലർ (14 പന്തിൽ അഞ്ച്), സാം സാം കറൻ (പൂജ്യം) എന്നിവരും വേഗത്തിൽ മടങ്ങി. ടീം നൂറു കടന്നതിനു പിന്നാലെ വിൽ ജാക്സിനെ (19 പന്തിൽ 20) ശിവം ദുബെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്‍റെ കൈകളിലെത്തിച്ചു. ഇംഗ്ലണ്ടിന് ആറിന് 107. എന്നാൽ, തകർന്നടിഞ്ഞ ഇംഗ്ലണ്ടിനെ റൂട്ടും ഡോസണും ചേർന്ന് കരകയറ്റി 200 കടത്തി.

ജൊഫ്ര ആർച്ചർ (ആറു പന്തിൽ 12), ആദിൽ റഷീദ് (അഞ്ചു പന്തിൽ ഒന്ന്), ജോസ് ടങ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ, ഗുർണൂർ ബ്രാർ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ട്വന്റി20യിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യക്ക് ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ ഇന്ന് ജയം അനിവാര്യമാണ്. ശുഭ്മൻ ഗിൽ നയിക്കുന്ന സംഘത്തിൽ സീനിയർ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നിവരും ഇടംനേടി.

Tags:    
News Summary - England post 258 all out in 47.5 overs against India in the first ODI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.