1605 ദിവസങ്ങൾക്കുശേഷം ഇന്ത്യക്ക് ഒന്നാം സ്ഥാനം നഷ്ടം; ഇംഗ്ലണ്ടിനോടേറ്റ സമ്പൂർണ തോൽവിക്കു പിന്നാലെ പടിയിറക്കം

മുംബൈ: ട്വന്‍റി20 ക്രിക്കറ്റിൽ നാലു വർഷമായി കാത്തുസൂക്ഷിച്ചുപോന്ന ഒന്നാം സ്ഥാനം ഇന്ത്യക്ക് നഷ്ടമായി. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്‍റി20 പരമ്പരയിൽ ഇംഗ്ലണ്ടിനോട് സമ്പൂർണ തോൽവി വഴങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

അയർലൻഡിനു (2-0) പിന്നാലെയാണ് ഇംഗ്ലണ്ടിനോടും (4-0) ട്വന്‍റി20 പരമ്പരയിൽ വൈറ്റ് വാഷ് നേരിടുന്നത്. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. 1605 ദിവസങ്ങളായി ഐ.സി.സി ട്വന്‍റി20 റാങ്കിങ്ങിൽ ഇന്ത്യയായിരുന്നു ഒന്നാം സ്ഥാനത്ത്. 2022 ഫെബ്രുവരിയിൽ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യ, ഇതിനിടെ രണ്ടു തവണ ട്വന്‍റി20 ലോകകപ്പ് കിരീടം നേടുകയും ഒരു തവണ സെമി ഫൈനലിൽ എത്തുകയും ചെയ്തു.

ശ്രേയസ് അയ്യർക്കു കീഴിൽ കളിച്ച കഴിഞ്ഞ ആറു മത്സരങ്ങളിലും ഇന്ത്യ തോറ്റു. 38 മത്സരങ്ങളിൽനിന്ന് 268 റേറ്റിങ്ങും 10186 പോയന്റുമായി ഇംഗ്ലണ്ടാണ് റാങ്കിങ്ങിൽ ഒന്നാമത്. 268 റേറ്റിങ്ങും 15532 പോയന്റുമായി ഇന്ത്യ രണ്ടാം സ്ഥാനത്തേ വീണു. ഇംഗ്ലീഷ് വൈറ്റ്-ബാൾ ടീമിന്റെ ക്യാപ്റ്റനായി ബ്രൂക്ക് ചുമതലയേറ്റതിന് ശേഷം ടീം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബ്രൂക്കിനു കീഴിൽ കളിച്ച 21 മത്സരങ്ങളിൽ 18 എണ്ണത്തിലും ഇംഗ്ലണ്ട് ജയിച്ചു.

ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യൻ ബാറ്റർമാരും ബൗളർമാരും ഒരുപോലെ നിരാശപ്പെടുത്തി. നാണംകെട്ട തോൽവിക്കു പിന്നാലെ ടീമിൽ വലിയ അഴിച്ചുപണിയുണ്ടാകുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബി.സി.സി.ഐ അവലോകന യോഗം വിളിച്ചിട്ടുണ്ട്. അഞ്ചാം മത്സരത്തിൽ 56 റൺസിനാണ് ഇന്ത്യ തോറ്റമ്പിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷാൻ (35 പന്തിൽ 56), തിലക് വർമ (25 പന്തിൽ 53) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറർമാർ. സഞ്ജു സാംസൺ (14 പന്തിൽ 27), നായകൻ ശ്രേയസ് അയ്യർ (16 പന്തിൽ 28) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.

ഇംഗ്ലണ്ടിനായി സാം കറൺ നാലു ഓവറിൽ 36 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ആദിൽ റാഷിദ് രണ്ട് വിക്കറ്റ് നേടി. നേരത്തെ, ആതിഥേയർ ഓപണർ ജോസ് ബട്ട്ലറുടെയും (64 പന്തിൽ 131) ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ‍യും (45 പന്തിൽ 95 നോട്ടൗട്ട്) വെടിക്കെട്ടുകളുടെ മികവിലാണ് വമ്പൻ സ്കോറിലെത്തിയത്. 12 ഫോറും എട്ട് സിക്സുമടങ്ങിയതായിരുന്നു ബട്ട്ലറുടെ സെഞ്ച്വറി പ്രകടനം. ഇന്ത്യക്കെതിരായ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ടീം സ്കോറുമാണ് കളിയിൽ പിറന്നത്. ബ്രൂക് നാല് ഫോറും എട്ട് സിക്സും പറത്തി.

Tags:    
News Summary - India Dethroned From World No. 1 Ranking After Four Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.