ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതും സുദീർഘവുമായ കൂട്ടുകെട്ടുകളിലൊന്നിന് വിരാമമിട്ട് ചെന്നൈ സൂപ്പർ കിങ്സും (സി.എസ്.കെ) മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്ങും വഴിപിരിയുന്നു. 18 വർഷം നീണ്ട ഊഷ്മളമായ ബന്ധത്തിനൊടുവിലാണ് ഫ്രാഞ്ചൈസിയും ഫ്ലെമിങ്ങും പരസ്പര സമ്മതത്തോടെ പിരിയാൻ തീരുമാനിച്ചത്. സി.എസ്.കെ മാനേജ്‌മെന്റുമായുള്ള സുതാര്യവും തുറന്നതുമായ ചർച്ചകൾക്ക് ശേഷമാണ് പരസ്പര ബഹുമാനത്തോടെ ഈ തീരുമാനമെടുത്തതെന്ന് ഫ്രാഞ്ചൈസി പുറത്തുവിട്ട ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 2023-ലെ ഐ.പി.എൽ കിരീട നേട്ടത്തിന് ശേഷം, 2024, 2025, 2026 വർഷങ്ങളിൽ തുടർച്ചയായി പ്ലേ ഓഫിലെത്താൻ സി.എസ്.കെയ്ക്ക് കഴിയാതിരുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതാണ് ഫ്ലെമിങ്ങിന്റെ അപ്രതീക്ഷിത പടിയിറക്കത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.
2008-ലെ പ്രഥമ ഐ.പി.എൽ സീസണിൽ കളിക്കാരനായാണ് മുൻ ന്യൂസിലൻഡ് ക്യാപ്റ്റൻ കൂടിയായ ഫ്ലെമിങ് സി.എസ്.കെയുടെ ഭാഗമാകുന്നത്. തുടർന്ന് 2009-ൽ മുഖ്യ പരിശീലകന്റെ കുപ്പായമണിഞ്ഞ അദ്ദേഹം ടീമിനെ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസികളിലൊന്നാക്കി മാറ്റുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഫ്ലെമിങ്ങിന് കീഴിൽ അഞ്ച് ഐ.പി.എൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും സി.എസ്.കെ സ്വന്തമാക്കിയിട്ടുണ്ട്. റെക്കോർഡായ 12 തവണ പ്ലേ ഓഫിലെത്തിയ ടീം, പത്ത് തവണ ഫൈനലിലും കളിച്ചു.
"കായികരംഗത്ത് 18 വർഷമെന്നത് ഒരു ജീവിതകാലമാണ്, തികഞ്ഞ കൃതജ്ഞതയോടെയാണ് ഞാൻ പടിയിറങ്ങുന്നത്," തന്റെ പടിയിറക്കത്തെക്കുറിച്ച് സ്റ്റീഫൻ ഫ്ലെമിങ് വൈകാരികമായി പ്രതികരിച്ചു. "എന്റെ കോച്ചിങ് കരിയറിലെ ഏറ്റവും വലിയ സവിശേഷതയായിരുന്നു സി.എസ്.കെക്കൊപ്പമുള്ള കാലം. നമ്മൾ ഒന്നിച്ച് നേടിയ നേട്ടങ്ങളിൽ എനിക്ക് അതിയായ അഭിമാനമുണ്ട്. ഒരുമിച്ച് മറക്കാനാവാത്ത വിജയങ്ങൾ ആഘോഷിച്ചു, പ്രതിസന്ധികളെ അതിജീവിച്ചു. സി.എസ്.കെ എക്കാലത്തും എന്റെ ഹൃദയത്തോട് ചേർന്നുനിൽക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകദേശം രണ്ട് പതിറ്റാണ്ടോളം സി.എസ്.കെ കോച്ചിങ് യൂണിറ്റിന്റെ ഹൃദയമിടിപ്പായിരുന്നു ഫ്ലെമിങ്ങെന്ന് ടീം ഉടമ രൂപ ഗുരുനാഥ് പറഞ്ഞു. "ടീമിന്റെ ഐഡന്റിറ്റിയും ലക്ഷ്യങ്ങളും രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു. ടീമിന് അദ്ദേഹം നൽകിയ നിസ്വാർത്ഥ സേവനത്തിനും നേതൃപാടവത്തിനും ഫ്രാഞ്ചൈസിയുടെ പേരിൽ അഗാധമായ നന്ദി അറിയിക്കുന്നു," അവർ വ്യക്തമാക്കി.
ഒരു ഫ്രാഞ്ചൈസി എന്ന നിലയിൽ സി.എസ്.കെ എന്തായിരിക്കണമെന്ന് രൂപപ്പെടുത്താൻ ഫ്ലെമിങ്ങിന് കഴിഞ്ഞുവെന്ന് സി.എസ്.കെ മാനേജിങ് ഡയറക്ടർ കെ.എസ് വിശ്വനാഥൻ പറഞ്ഞു. സ്ഥിരത, വിനയം, ടീമിന് മുൻഗണന നൽകൽ എന്നിവയിലൂന്നിയ ഒരു സംസ്കാരം വളർത്തിയെടുക്കാനും കളിക്കാരിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാനും അദ്ദേഹത്തിന് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.