ഇന്ത്യക്ക് സമ്പൂർണ ജയം; ഏകദിന റാങ്കിങ്ങിൽ ഒന്നാമത്; ന്യൂസിലൻഡിനെ തകർത്തത് 90 റൺസിന്

ഇൻഡോർ: ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവരി ഇന്ത്യ. ഇൻഡോറിൽ നടന്ന മൂന്നാം ഏകദിനത്തിൽ 90 റൺസിനായിരുന്നു ഇന്ത്യയുടെ ജയം.

പരമ്പരയിലെ ആദ്യ രണ്ടു മത്സരവും ജയിച്ച് ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഇതോടെ ലോക ഏകദിന റാങ്കിങ്ങിൽ ഇന്ത്യ ഒന്നാമതെത്തി. ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യ ഒന്നിലെത്തിയത്. ഇന്ത്യ കുറിച്ച 386 വിജയ ലക്ഷ്യം പിന്തുടർന്ന കിവീസ് 41.2 ഓവറിൽ 295 റൺസിന് എല്ലാവരും പുറത്തായി. സ്കോർ: ഇന്ത്യ - ഒമ്പത് വിക്കറ്റിന് 385. ന്യൂസിലൻഡ് -41.2 ഓവറിൽ 295.

കിവീസിനായ ഡെവോൺ കോൺവേ സെഞ്ച്വറി നേടി. 100 പന്തിൽ എട്ട് സിക്സും 12 ഫോറുമടക്കം താരം 138 റൺസെടുത്തു. ഹെന്റി നിക്കോൾസ് 40 പന്തിൽ 42 റൺസും ഡാരിൽ മിച്ചൽ 31 പന്തിൽ 24 റൺസും എടുത്ത് പുറത്തായി. ഓപ്പണറായ ഫിൻ അലനെ ആദ്യ ഓവറിൽതന്നെ പൂജ്യത്തിന് ഹാർദിക് പാണ്ഡ്യ പുറത്താക്കി സന്ദർശകരെ പ്രതിരോധത്തിലാക്കി.

എന്നാൽ രണ്ടാം വിക്കറ്റിൽ കോൺവേയും നിക്കോൾസും ചേർന്ന് സ്കോർ നൂറു കടത്തി. നായകൻ ടോം ലഥാമിനെ (പൂജ്യം) ആദ്യ പന്തിൽതന്നെ ഷാർദൂൽ ഠാക്കൂര്‍ മടക്കി. ഗ്ലെൻ ഫിലിപ്സ് (ഏഴു പന്തിൽ അഞ്ച്), മൈക്കൽ ബ്രേസ് വെൽ (22 പന്തിൽ 26), ഫെർഗൂസൻ (12 പന്തിൽ ഏഴ്), ജേക്കബ് ഡഫി (പൂജ്യം), മിച്ചൽ സാന്റ്നർ (29 പന്തിൽ 34) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ബ്ലെയർ ടിക്നർ റണ്ണൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.

ഇന്ത്യക്കായി ഷാർദുൽ ഠാക്കൂർ, കുൽദീപ് യാദവ് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. യുസ്വേന്ദ്ര ചഹൽ രണ്ടും ഹാർദിക് പാണ്ഡ്യ, ഉമ്രാൻ മാലിക് എന്നിവർ ഓരോ വിക്കറ്റും നേടി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 385 റൺസെടുത്തത്. സെഞ്ച്വറി നേടിയ രോഹിത് ശർമ (85 പന്തിൽ 101), ശുഭ്മാൻ ഗിൽ (78 പന്തിൽ 112), അർധ സെഞ്ച്വറിയുമായി തിളങ്ങിയ ഹാർദിക് പാണ്ഡ്യ (38 പന്തിൽ 54) എന്നിവരുടെ പ്രകടനാണ് ഇന്ത്യയെ വമ്പൻ സ്കോറിലെത്തിച്ചത്.

വിരാട് കോഹ്ലി (27 പന്തിൽ 36), ഷാർദൂൽ ഠാക്കൂര്‍ (17 പന്തിൽ 25), ഇഷാൻ കിഷൻ (24 പന്തിൽ 17), സൂര്യകുമാർ യാദവ് (ഒൻപതു പന്തിൽ 14), വാഷിങ്ടൺ സുന്ദർ (ഒമ്പത്), കുൽദീപ് യാദവ് (മൂന്ന്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. 83 പന്തുകളിൽനിന്നാണ് രോഹിത് ഏകദിന കരിയറിലെ 30ാം സെഞ്ച്വറി സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിലെ നാലാം സെഞ്ച്വറിയാണു ഗില്ലിന്റേത്.

ഒന്നാം വിക്കറ്റിൽ ഇരുവരും 212 റൺസാണ് അടിച്ചുകൂട്ടിയത്. ന്യൂസിലൻഡിനായി ജേക്കബ് ഡഫി, ബ്ലെയർ ടിക്നർ എന്നിവർ മൂന്നു വിക്കറ്റു വീതവും മൈക്കിൾ ബ്രേസ്‍വെൽ ഒരു വിക്കറ്റും നേടി.

Tags:    
News Summary - India vs New Zealand, 3rd ODI: India Series Sweep Against New Zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.