സർഫറാസിന് രാജകീയ അരങ്ങേറ്റം! 48 പന്തിൽ അർധ സെഞ്ച്വറി; ജദേജക്കും സെഞ്ച്വറി; 300 കടന്ന് ഇന്ത്യ

രാജ്കോട്ട്: ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന സർഫറാസ് ഖാന് അർധ സെഞ്ച്വറി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ 48 പന്തിലാണ് താരം 50 റൺസ് പൂർത്തിയാക്കിയത്. ഇന്ത്യക്കായി നായകൻ രോഹിത് ശർമക്കു പിന്നാലെ സൂപ്പർതാരം രവീന്ദ്ര ജദേജയും സെഞ്ച്വറി നേടി.

നിലവിൽ ഇന്ത്യ 83 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തിട്ടുണ്ട്. 198 പന്തിലാണ് ജദേജ നൂറിലെത്തിയത്. താരത്തിന്‍റെ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ച്വറിയാണിത്. 66 പന്തിൽ 62 റൺസെടുത്ത സർഫറാസ് റണ്ണൗട്ടാകുകയായിരന്നു. ഒരു സിക്സും ഒമ്പത് ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. 196 പന്തിൽ 131 റൺസെടുത്താണ് രോഹിത് പുറത്തായത്. 157 പന്തുകളിൽനിന്നാണ് താരം കരിയറിലെ 11ാം ടെസ്റ്റ് സെഞ്ചറിയിലെത്തിയത്.

രാജ്കോട്ട് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ തുടക്കത്തിലെ തകർച്ചയിൽനിന്ന് കരകയറ്റിയത് രോഹിതും ജദേജയും ചേർന്നാണ്. ഇരുവരും നാലാം വിക്കറ്റിൽ 204 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 8.5 ഓവറിൽ 33 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്നു വിക്കറ്റുകൾ നഷ്ടമായിരുന്നു. യശസ്വി ജയ്സ്വാൾ (10 പന്തിൽ 10), ശുഭ്മൻ ഗിൽ (പൂജ്യം), രജത് പട്ടീദാർ (15 പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായത്. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീണതോടെ രക്ഷാപ്രവർത്തനത്തിനു വേണ്ടി ജദേജ നേരത്തേ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. സ്കോർ 22ൽ നിൽക്കെ മാർക് വുഡിന്റെ പന്തിൽ ജോ റൂട്ടിന് ക്യാച്ച് നൽകിയാണ് ജയ്സ്വാൾ മടങ്ങിയത്.

രണ്ടു റൺസ് കൂട്ടിചേർക്കുന്നതിനിടെ ശുഭ്മൻ ഗില്ലും പുറത്തായി. വുഡിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് ക്യാച്ചെടുത്താണ് പുറത്തായത്. സ്പിന്നർ ടോം ഹാർട്‌ലിയാണ് രജത് പട്ടീദാറിനെ പുറത്താക്കിയത്. വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറലും ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിക്കുകയാണ്. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്നു വിക്കറ്റ് വീഴ്ത്തി. ടോം ഹാർട്ലി ഒരു വിക്കറ്റും നേടി. ഇരു ടീമുകളും ഓരോ ടെസ്റ്റ് വീതം ജയിച്ച് പരമ്പരയിൽ സമനിലയിലാണ്.

Tags:    
News Summary - India vs England Test Series: Sarfaraz Khan Departs After Mixup With Ravindra Jadej

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.