ധരംശാല: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തിൽ ഇന്ത്യക്ക് 118 റൺസ് വിജയലക്ഷ്യം. നായകൻ എയ്ഡൻ മാർക്രമിന്‍റെ ഒറ്റയാൾ പോരാട്ടമാണ് പ്രോട്ടീസിനെ വലിയ നാണക്കേടിൽനിന്ന് കരകയറ്റിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ 20 ഓവറിൽ 117 റൺസിന് ഓൾ ഔട്ടായി. മാർക്രം 46 പന്തിൽ രണ്ടു സിക്സും ആറു ഫോറുമടക്കം 61 റൺസെടുത്തു. മാർക്രമിനെ കൂടാതെ, ഡോണോവൻ ഫെരേരിയ (15 പന്തിൽ 20), ആൻറിച് നോർയെ (12 പന്തിൽ 12) എന്നിവർ മാത്രമാണ് പ്രോട്ടീസ് നിരയിൽ രണ്ടക്കം കടന്നത്.
തകർച്ചയോടെയാണ് ബാറ്റിങ് തുടങ്ങിയത്. ഒരു റൺസെടുക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. റീസ ഹെൻഡ്രിക്കിനെ (പൂജ്യം) അർഷ്ദീപ് സിങ്ങും ക്വിന്റൺ ഡി കോക്കിനെ (മൂന്നു പന്തിൽ ഒന്ന്) ഹർഷിത് റാണയുമാണ് പുറത്താക്കിയത്. നാലാമത്തെ ഓവറിൽ ഡെവാൾഡ് ബ്രെവിസും (ഏഴു പന്തിൽ രണ്ട്) മടങ്ങിയതോടെ പ്രോട്ടീസ് മൂന്നു വിക്കറ്റിന് ഏഴ് റൺസെന്ന നിലയിലേക്ക് തകർന്നു. ഒരു വശത്ത് മാർക്രം പിടിച്ചുനിന്നെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു.
ടിസ്റ്റൻ സ്റ്റബ്സ് (13 പന്തിൽ ഒമ്പത്), കോർബിൻ ബോഷ് (ഒമ്പത് പന്തിൽ നാല്), ഫെരേരിയ, മാർകോ യാൻസൻ (ഏഴു പന്തിൽ രണ്ട്) എന്നിവരെല്ലാം വന്നപോലെ മടങ്ങി. പ്രോട്ടീസ് ഏഴിന് 77 റൺസ്. അർധ സെഞ്ച്വറി നേടിയതിനു പിന്നാലെ മാർക്രമിനെ അർഷ്ദീപ് വിക്കറ്റ് കീപ്പർ ജിതേഷിന്‍റെ കൈകളിലെത്തിച്ചു. ആൻറിച് നോർയെ, ഒട്ടിനിൽ ബാർട്ട്മാൻ (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇന്ത്യക്കുവേണ്ടി അർഷ്ദീപ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് വിടുകയായിരു്നു. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. പേസർ ജസ്പ്രീത് ബുംറ, ഓൾ റൗണ്ടർ അക്സർ പട്ടേൽ എന്നിവർക്കു പകരം കുൽദീപ് യാദവും ഹർഷിത് റാണയും ടീമിലെത്തി.
മലയാളി താരം സഞ്ജു സാംസണ് മൂന്നാം മത്സരത്തിലും അവസരമില്ല. ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്നു മാറ്റങ്ങളുണ്ട്. ആൻറിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്, കോർബിൻ ബോഷ് എന്നിവർ പ്ലെയിങ് ഇലവനിലെത്തി. ആദ്യ രണ്ട് കളികൾ ഇരു ടീമും യഥാക്രമം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നതിനാൽ അഞ്ച് മത്സര പരമ്പരയിൽ മുന്നിലെത്താനുള്ള അവസരം കൂടിയാണ് ഇന്നത്തെ മത്സരം. മുൻനിര ബാറ്റർമാരുടെ പരാജയമാണ് കഴിഞ്ഞ മത്സരത്തിൽ തോൽവിയുടെ മുഖ്യ കാരണം.
ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ, ജിതേഷ് ശർമ, കുൽദീപ് യാദവ്.
ദക്ഷിണാഫ്രിക്ക ടീം: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, ഡോണോവൻ ഫെരേരിയ, റീസ ഹെൻഡ്രിക്‌സ്, മാർകോ യാൻസൻ, ലുങ്കി എൻഗിഡി, ആൻറിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്, ഒട്ടിനിൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.