സഞ്ജു പുറത്തുതന്നെ, കുൽദീപും ഹർഷിതും കളിക്കും; ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് വിട്ടു

ധരംശാല: മൂന്നാം ട്വന്‍റി20യിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് വിട്ടു. രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. പേസർ ജസ്പ്രീത് ബുംറ, ഓൾ റൗണ്ടർ അക്സർ പട്ടേൽ എന്നിവർക്കു പകരം കുൽദീപ് യാദവും ഹർഷിത് റാണയും ടീമിലെത്തി.

മലയാളി താരം സഞ്ജു സാംസണ് മൂന്നാം മത്സരത്തിലും അവസരമില്ല. ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്നു മാറ്റങ്ങളുണ്ട്. ആൻറിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്, കോർബിൻ ബോഷ് എന്നിവർ പ്ലെയിങ് ഇലവനിലെത്തി. ആദ്യ രണ്ട് കളികൾ ഇരു ടീമും യഥാക്രമം ജയിച്ച് പരമ്പരയിൽ ഒപ്പത്തിനൊപ്പം നിൽക്കുന്നതിനാൽ അഞ്ച് മത്സര പരമ്പരയിൽ മുന്നിലെത്താനുള്ള അവസരം കൂടിയാണ് ഇന്നത്തെ മത്സരം. മുൻനിര ബാറ്റർമാരുടെ പരാജയമാണ് കഴിഞ്ഞ മത്സരത്തിൽ തോൽവി‍യുടെ മുഖ്യ കാരണം.

പരിക്കിൽനിന്ന് മോചിതനായെത്തി ഓപണറായി തുടരുന്ന ശുഭ്മൻ ഗില്ലിന്റെ കാര്യമാണ് ഏറെ പരിതാപരം. ടെസ്റ്റിലും ഏകദിനത്തിലും നായകനായ ഗില്ലിനെ ട്വന്റി20യിലും ക്യാപ്റ്റൻ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ശ്രമം നടക്കവെ ബാറ്റിങ്ങിൽ നിരന്തരം പരാജയപ്പെടുകയാണ് ഗിൽ. ആദ്യ കളിയിൽ നാല് റൺസിൽ വീണ താരം രണ്ടാം മത്സരത്തിൽ ഗോൾഡൻ ഡക്കായി. ഓപണറായി സ്ഥാനക്കയറ്റം ലഭിച്ച് തിളങ്ങിക്കൊണ്ടിരിക്കുന്ന സഞ്ജു സാംസണിനെ പ്ലേയിങ് ഇലവനിൽനിന്ന് തന്നെ മാറ്റിയാണ് ഗില്ലിനെ നിലനിർത്തിക്കൊണ്ടിരിക്കുന്നത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനായി മിന്നിയ സഞ്ജുവിനെ പരിഗണിക്കാതെ ശരാശരി പ്രകടനം നടത്തിയ ജിതേഷ് ശർമയെയാണ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് ഏൽപിച്ചിരിക്കുന്നതും. ഉപനായനെപ്പോലെ നായകൻ സൂര്യകുമാർ യാദവും മോശം പ്രകടനം തുടരുകയാണ്. വെടിക്കെട്ട് ഓപണർ അഭിഷേക് ശർമയിൽനിന്ന് കാര്യമായ സംഭാവന ഇനിയും ഉണ്ടായിട്ടില്ല. ഓപണർ ക്വിന്റൺ ഡി കോക്ക് ഫോമിൽ തിരിച്ചെത്തിയ ആശ്വാസത്തിലാണ് പ്രോട്ടീസ്.

ബൗളർമാരും മികച്ച പ്രകടനമാണ് നടത്തുന്നത്. ഏകദിന പരമ്പര നഷ്ടമായത് മറന്ന് ടെസ്റ്റിനൊപ്പം ട്വന്റി20യും പിടിച്ചടക്കാനാണ് എയ്ഡൻ മാർക്രം നയിക്കുന്ന സംഘത്തിന്റെ ശ്രമം.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ, ജിതേഷ് ശർമ, കുൽദീപ് യാദവ്.

ദക്ഷിണാഫ്രിക്ക ടീം: എയ്ഡൻ മാർക്രം (ക്യാപ്റ്റൻ), ക്വിന്റൺ ഡി കോക്ക്, ഡോണോവൻ ഫെരേരിയ, റീസ ഹെൻഡ്രിക്‌സ്, മാർകോ യാൻസൻ, ലുങ്കി എൻഗിഡി, ആൻറിച് നോർയെ, ട്രിസ്റ്റൻ സ്റ്റബ്സ്, ഒട്ടിനിൽ ബാർട്ട്മാൻ, കോർബിൻ ബോഷ്, ഡെവാൾഡ് ബ്രെവിസ്

Tags:    
News Summary - India vs South Africa T20I: India Opt To Bowl, Jasprit Bumrah Misses Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.