രവീന്ദ്ര ജദേജ റിവാബക്കൊപ്പം

‘വിദേശ പര്യടനത്തിനിടെ ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങൾ ചെയ്യുന്നു, പക്ഷേ ജദേജ അങ്ങനെയല്ല’; റിവാബയുടെ പരാമർശം വിവാദത്തിൽ

അഹ്മദാബാദ്: വിദേശത്തായിരിക്കുമ്പോൾ ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങൾ ചെയ്യുന്നുവെന്ന വിവാദ പരാമർശവുമായി ഗുജറാത്ത് മന്ത്രിയും ഓൾറൗണ്ടർ രവീന്ദ്ര ജദേജയുടെ ഭാര്യയുമായ റിവാബ ജദേജ രംഗത്ത്. ഇന്ത്യന്‍ ടീം അംഗങ്ങളില്‍ ചിലര്‍ക്ക് പല സ്വഭാവദൂഷ്യങ്ങളുമുണ്ടെന്നും ധാര്‍മികതക്ക് നിരക്കാത്തത് ചെയ്യാറുണ്ടെന്നും റിവാബ പറയുന്നു. ഗുജറാത്തിലെ ദ്വാരകയില്‍ നടന്ന ഒരു ചടങ്ങില്‍ ഭർത്താവിന്‍റെ മാന്യമായ പെരുമാറ്റത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് റിവാബയുടെ വിവാദ പരാമർശം. പ്രസംഗത്തിന്‍റെ വിഡി‍യോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

‘‘ലണ്ടനിലും ദുബൈയിലും ആസ്ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജദേജ പോയിട്ടുണ്ട്. പലതരം സ്ഥലങ്ങളില്‍ എത്തിയിട്ടും ഏതെങ്കിലും ആസക്തികളിലേക്കോ മോശപ്പെട്ട കാര്യങ്ങളിലേക്കോ അദ്ദേഹം തിരിഞ്ഞിട്ടില്ല. മറ്റുതാരങ്ങള്‍ സദാചാര വിരുദ്ധമായ പല പ്രവൃത്തികളിലും ഏര്‍പ്പെട്ടിട്ടുണ്ട്. ജദേജ അതില്‍നിന്നെല്ലാം ഒഴിഞ്ഞ് നില്‍ക്കുന്നത് അദ്ദേഹത്തിനുള്ളിലെ ഉത്തരവാദിത്തബോധം കൊണ്ടാണ്. സ്വന്തം തൊഴിലിനെ കുറിച്ച് നല്ല ബോധ്യവും ഉത്തരവാദിത്തബോധവും അദ്ദേഹത്തിനുണ്ട്. മറ്റുള്ളവർക്ക് മോശം കാര്യങ്ങളിൽ ഏർപ്പെടുന്നതിന് അവരുടെ കുടുംബത്തിലും എതിർപ്പ് നേരിടേണ്ടിവരാറില്ല. ജീവിതത്തിൽ എത്ര ഉയർന്നാലും നമ്മൾ ലാളിത്യം കാത്തുസൂക്ഷിക്കുകയും സാംസ്കാരിക പൈതൃകം ഓർമിക്കുകയും വേണം’’ – റിവാബ പറഞ്ഞു.

പ്രസംഗം വൈറലായതോടെ വാദപ്രതിവാദങ്ങളും ഉയർന്നു. എന്തു പ്രവൃത്തിയെന്നോ ആരൊക്കെയാണെന്നേ തുടങ്ങിയ കാര്യങ്ങൾ റിവാബ വെളിപ്പെടുത്തിയിട്ടില്ല. ഏതാനും വർഷംമുമ്പ് മദ്യക്കമ്പനികളുടെ‍യും പുകയില ഉൽപന്നങ്ങളുടെയും പരസ്യത്തിൽനിന്ന് താരങ്ങൾ പിന്മാറണമെന്ന് ബി.സി.സി.ഐ നിർദേശിച്ചിരുന്നു. എന്നാൽ റിവാബ ഉദ്ദേശിച്ചത് ഇക്കാര്യമാണോ എന്ന് വ്യക്തമല്ല. തെറ്റായ പ്രവൃത്തിയെന്ന് റിവാബ പറഞ്ഞത് സത്യമാണെങ്കില്‍ രാജ്യത്തിന് കൂടി നാണക്കേടാണ് താരങ്ങളുടെ പ്രവര്‍ത്തിയെന്ന് ചിലര്‍ ആരോപിച്ചു. അതേസമയം, ആരാണ് രാജ്യത്തെ മോശക്കാരാക്കിയതെന്ന് വ്യക്തമായി പറയാതെ ഇത്തരത്തില്‍ സംസാരിക്കുന്നത് ശരിയല്ലെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്.

ലോകകപ്പ് വിജയത്തിനു പിന്നാലെ ട്വന്റി20യിൽനിന്നു വിരമിച്ച രവീന്ദ്ര ജദേജ, നിലവിൽ ഏകദിനത്തിലും ടെസ്റ്റിലുമാണ് ഇന്ത്യക്കായി കളിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞതോടെ വിശ്രമത്തിലാണ് താരം. ജനുവരിയിൽ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ജദേജ കളിച്ചേക്കും. ഐ.പി.എല്ലിൽ താരം ഇക്കുറി രാജസ്ഥാന്‍ റോയല്‍സിന് വേണ്ടിയാകും ഇറങ്ങുക. ചെന്നൈ സൂപ്പര്‍ കിങ്സ് സഞ്ജുവിനെ വാങ്ങിയതോടെയാണ് ജദേജ റോയല്‍സിലെത്തിയത്. 

Tags:    
News Summary - Ravindra Jadeja's Wife Rivaba's Shock 'Intoxication Claim' Involving India Players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.