ഡക്കറ്റിനും റൂട്ടിനും അർധ സെഞ്ച്വറി; കട്ടക്ക് ഏകദിനത്തിൽ ഇന്ത്യക്ക് 305 റൺസ് വിജയലക്ഷ്യം

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 305 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസിന് പുറത്തായി. ഓപ്പണർ ബെൻ ഡക്കറ്റും (56 പന്തിൽ 65 റൺസ്) ജോ റൂട്ടും (72 പന്തിൽ 69) സന്ദർശകർക്കായി അർധ സെഞ്ച്വറി നേടി. ഇന്ത്യക്കായി രവീന്ദ്ര ജദേജ മൂന്നു വിക്കറ്റ് വീഴ്ത്തി.

ഇംഗ്ലണ്ടിനായി ഓപ്പണർമാരായ ഫിൽ സാൾട്ടും ബെൻ ഡക്കറ്റും മികച്ച തുടക്കം നൽകി. ഇരുവരും 10.5 ഓവറിൽ 81 റൺസെടുത്തു. പിന്നാലെ 29 പന്തിൽ 26 റൺസെടുത്ത് സാൾട്ട് മടങ്ങി. വരുൺ ചക്രവർത്തിയുട പന്തിൽ രവീന്ദ്ര ജദേജ ക്യാച്ചെടുത്താണ് താരം പുറത്തായത്. ടീം സ്കോർ നൂറു കടന്നതോടെ ജദേജയുടെ പന്തിൽ പാണ്ഡ്യ ക്യാച്ച് നൽകി ഡക്കറ്റ് മടങ്ങി. ജോ റൂട്ടും ഹാരി ബ്രൂക്കും ക്രീസിൽ നിലയുറപ്പിച്ചതോടെ ടീം സ്കോർ 150 കടന്നു. 52 പന്തിൽ 31 റൺസെടുത്ത ബ്രൂക്കിനെ ഹർഷിത് റാണ ശുഭ്മൻ ഗില്ലിന്‍റെ കൈകളിലെത്തിച്ചു. ജദേജയുടെ പന്തിൽ കോഹ്ലിക്ക് ക്യാച്ച് നൽകിയാണ് റൂട്ട് പുറത്തായത്.

ലിയാം ലിവിങ്സ്റ്റൺ 32 പന്തിൽ 41 റൺസെടുത്തു. ജെയ്മി ഓവർട്ടൻ (10 പന്തിൽ ആറ്), ഗസ് അറ്റ്കിൻസൻ (ഏഴു പന്തിൽ മൂന്ന്), ആദിൽ റഷീദ് (അഞ്ച് പന്തിൽ 14), മാർക്ക് വുഡ് (പൂജ്യം) എന്നിവരെല്ലാം വേഗത്തിൽ മടങ്ങി. ഇന്ത്യക്കായി മുഹമ്മദ് ഷമി, ഹർഷിത് റാണ, ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്‍ലർ ബാറ്റിങ് തെരഞ്ഞെടുത്തു. പരിക്കു മാറി വിരാട് കോഹ്ലി തിരിച്ചെത്തിയതോടെ കഴിഞ്ഞ മത്സരത്തിൽ ഏകദിന അരങ്ങേറ്റം കുറിച്ച യശസ്വി ജയ്‌സ്വാൾ പുറത്തായി. കുൽദീപ് യാദവിനു പകരം വരുൺ ചക്രവർത്തിയും പ്ലെയിങ് ഇലവനിലെത്തി.

താരത്തിന്‍റെ ഏകദിന അരങ്ങേറ്റമാണിത്. മൂന്നു മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങിയത്. ജോഫ്ര ആർച്ചർ, ജേക്കബ് ബെത്തൽ, ബ്രൈഡൻ കാഴ്സ് എന്നിവർക്കു പകരം മാർക്ക് വുഡ്, ഗസ് അറ്റ്കിൻസൻ, ജെയ്മി ഓവർട്ടൻ എന്നിവർ ടീമിലെത്തി. നാഗ്പുരിൽ നടന്ന ഒന്നാം ഏകദിനത്തിൽ നാലു വിക്കറ്റിനു ജയിച്ച ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. ട്വന്‍റി20 പരമ്പര ഇന്ത്യ നേടിയിരുന്നു.

ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, അക്സർ‍ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി

ഇംഗ്ലണ്ട് ടീം: ജോസ് ബട്‍ലർ (ക്യാപ്റ്റൻ), ഫിലിപ് സാൾട്ട് (വിക്കറ്റ് കീപ്പർ), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റൺ, ജെയ്മി ഓവർട്ടൻ, ഗസ് അറ്റ്കിൻസൻ, ആദിൽ റഷീദ്, മാർക്ക് വുഡ്, സാഖിബ് മഹ്മൂദ്

Tags:    
News Summary - India vs England 2nd ODI: Jadeja Strikes Thrice As India Bowl Out England For 304

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.