തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രണ്ടാം ട്വന്‍റി20യിൽ ആസ്ട്രേലിയയെ തരിപ്പണമാക്കി ഇന്ത്യ 44 റൺസിന്‍റെ തകർപ്പൻ ജയമാണ് നേടിയത്. ബാറ്റർമാരും ബൗളർമാരും ഔൾ റൗണ്ട് പ്രകടനമാണ് പുറത്തെടുത്തത്. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആതിഥേയർ 2-0ന് മുന്നിലെത്തി.
ഇന്ത്യ മുന്നോട്ടുവെച്ച 236 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 191 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ (53 റൺസ്), ഋതുരാജ് ഗെയ്ക്വാദ് (58 റൺസ്), വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ (52) എന്നിവരുടെ അർധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ വമ്പൻ സ്കോറിലെത്തിച്ചത്. രവി ബിഷ്ണോയ്, പ്രസിദ്ധ് കിഷൻ എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി.
ഇതോടെ ട്വന്‍റി20യിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ ജയിക്കുന്ന പാകിസ്താന്‍റെ ലോക റെക്കോഡിനൊപ്പം ഇന്ത്യയും എത്തി. 211 ട്വന്‍റി20 മത്സരങ്ങളിൽനിന്ന് 135 ജയം. 226 മത്സരങ്ങളിൽനിന്നാണ് പാകിസ്താൻ 135 ജയം സ്വന്തമാക്കിയത്. പരമ്പരയിൽ ഒരു മത്സരം കൂടി ജയിക്കാനായാൽ ലോക റെക്കോഡ് ഇന്ത്യയുടെ മാത്രം പേരിലാകും. അതോടൊപ്പം പരമ്പരയും സ്വന്തമാക്കാനാകും.
ചൊവ്വാഴ്ച ഗുവാഹത്തിയിലാണ് ഓസീസിനെതിരെയുള്ള മൂന്നാം മത്സരം. 2006 ഡിസംബർ ഒന്നിനാണ് ഇന്ത്യ ആദ്യമായി ട്വന്‍റി20 കളിക്കുന്നത്. വിരേന്ദർ സെവാഗിന്‍റെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിന് പരാജയപ്പെടുത്തി. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കർ ഇന്ത്യക്കായി കളിച്ച ഒരേയൊരു ട്വന്‍റി20 മത്സരവും ഇതാണ്. 2007 ട്വന്‍റി20 ലോകകപ്പിൽ സ്കോട്ട്ലൻഡിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. മഴ കാരണം മത്സരം ഉപേക്ഷിച്ചു. പാകിസ്താനെതിരെ നടന്ന മൂന്നാം മത്സരം സമനിലയിലായതോടെ ബൗൾ ഔട്ടിലാണ് ഇന്ത്യ ജയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.