സിഡ്നി: പെർത്തിലെ തകർപ്പൻ ജയത്തിനു പിന്നാലെ ആസ്ട്രേലിയൻ മണ്ണിൽ സന്നാഹ മത്സരവും ജയിച്ച് ഇന്ത്യ. ഇരു നിരയിലും പരീക്ഷണങ്ങളേറെ കണ്ട പ്രസിഡന്റ്സ് ഇലവനെതിരായ മത്സരത്തിലാണ് രോഹിത് ശർമയുടെ കീഴിലിറങ്ങിയ ടീം പടയോട്ടം ആധികാരികമാക്കിയത്.
ദ്വിദിന മത്സരത്തിന്റെ ആദ്യദിനം മഴയെടുത്തതിനെ തുടർന്ന് 46 ഓവറായി ചുരുക്കിയ രണ്ടാം ദിനം അക്ഷരാർഥത്തിൽ ഇന്ത്യക്ക് അവകാശപ്പെട്ടതായിരുന്നു. ആദ്യം ബാറ്റുചെയ്ത ആതിഥേയർ 240 റൺസിലൊതുങ്ങിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 257 റൺസ് കുറിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും പുതുപാഠങ്ങൾ തേടിയിറങ്ങിയ ഇളമുറക്കാരുടെ മിടുക്കും മികവും ഉറപ്പാക്കിയായിരുന്നു ഇന്ത്യൻ ജയം.
ജസ്പ്രീത് ബുംറ കരക്കിരുന്ന കളിയിൽ ഇന്ത്യക്കായി ഹർഷിത് റാണയാണ് ഓസീസ് ബാറ്റർമാരെ ഒതുക്കുന്നതിൽ മുന്നിൽനിന്നത്. ആറോവറിൽ റാണ 44 റൺസ് വഴങ്ങി നാലുപേരെ മടക്കിയപ്പോൾ ആകാശ് ദീപ് 10 ഓവറിൽ 58 റൺസ് വിട്ടുനൽകി രണ്ടു വിക്കറ്റെടുത്തു. റൺ നൽകുന്നതിൽ കൂടുതൽ പിശുക്കു കാട്ടിയ മുഹമ്മദ് സിറാജ് ഏഴോവറിൽ 18 റൺസ് നൽകി ഒരു വിക്കറ്റ് സ്വന്തമാക്കി. പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവരും ഓരോ വിക്കറ്റെടുത്തു. ഓസീസ് ബാറ്റിങ്ങിൽ സെഞ്ച്വറിത്തിളക്കവുമായി നിറഞ്ഞുനിന്ന സാം കൊൻസ്റ്റാസ് ആയിരുന്നു ഹൈലൈറ്റ്. 97 പന്ത് നേരിട്ട് 14 ഫോറും ഒരു സിക്സുമായി 107 റൺസാണ് കൊൻസ്റ്റാസ് നേടിയത്. ഹാനോ ജാക്കബ്സ് 61 റൺസും ജാക് െക്ലറ്റൺ 40ഉം കുറിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ശുഭ്മൻ ഗിൽ 50 റൺസുമായി ടോപ് സ്കോററായി. ഓപണർ യശസ്വി ജയ്സ്വാൾ (45), നിതീഷ് കുമാർ റെഡ്ഡി (42), വാഷിങ്ടൺ സുന്ദർ (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. അവധി കഴിഞ്ഞ് തിരിച്ചെത്തി ഓപൺ ചെയ്യുന്നതിന് പകരം നാലാം നമ്പറിൽ ഇറങ്ങിയ രോഹിത് ശർമ മൂന്ന് റൺസെടുത്ത് മടങ്ങി. ഓസീസ് നിരയിൽ ഒമ്പതു പേരാണ് പന്തെറിഞ്ഞത്. സ്കോട്ട് ബോളണ്ട് 10 ഓവർ എറിഞ്ഞെങ്കിലും വിക്കറ്റ് നേടാനായില്ല. ഋഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി സ്ഥാനക്കയറ്റം കിട്ടിയ സർഫറാസിന് വിക്കറ്റിനു പിന്നിലും ബാറ്റിങ്ങിലും തിളങ്ങാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.