മുംബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിനുള്ള 15 അംഗ ഇന്ത്യൻ സംഘത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. നായകൻ രോഹിത് ശർമയും മുഖ്യ സെലക്ടർ അജിത് അഗാർക്കറുമാണ് ടീമിനെ പ്രഖ്യാപിച്ചത്. പരിക്കേറ്റ പേസർ ജസ്പ്രീത് ബുംറ ടീമിലുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ മത്സരത്തിൽ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർ ഇടം നേടി. മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചില്ല. ഓപ്പണിങ് ബാറ്റർ ശുഭ്മൻ ഗില്ലിനെ ടീമിന്‍റെ ഉപനായകനായി തെരഞ്ഞെടുത്തു.
വിജയ് ഹസാരെ ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ചവെച്ച കരുൺ നായർക്കും സെലക്ഷൻ ലഭിച്ചില്ല. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നേയുള്ള ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ ബുംറക്ക് പകരം ഹർഷിത് റാണ കളത്തിലിറങ്ങും. ഗിൽ, യശ്വസ്വി ജയ്സ്വാൾ എന്നിവരാണ് നായകനൊപ്പം ടീമിലിടം നേടിയ ഓപ്പണിങ് ബാറ്റർമാർ. മൂന്നാം നമ്പറിൽ സൂപ്പർ താരം വിരാട് കോഹ്ലി കളിക്കും. മധ്യനിരയിൽ ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവർ ഇടം നേടി.
ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവർ ഓൾറൗണ്ടർ ക്വാട്ടയിൽ ടീമിലുണ്ട്. സ്പെഷ്യലിസ്റ്റ് സ്പ്പിന്നറായി കുൽദീപ് യാദവ് ഇടം നേടി. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് പടയിൽ മുഹമ്മദ് ഷമി തിരിച്ചെത്തി. അർഷ്ദീപ് സിങാണ് മറ്റൊരു പേസർ. മുഹമ്മദ് സിറാജിന് ടീമിലിടം ലഭിച്ചില്ല.
ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സംഘം- രോഹിത് ശർമ (നായകൻ), ശുഭ്മൻ ഗിൽ, യശ്വസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഹർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്.
ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ടീം- രോഹിത് ശർമ (നായകൻ), ശുഭ്മൻ ഗിൽ, യശ്വസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, കെ.എൽ. രാഹുൽ, ഹർദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ/ഹർഷിത് റാണ, മുഹമ്മദ് ഷമി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.