അവസാന 12 പന്തുകളാണ് ഹര്‍ദിക്കും ഋഷഭും നേരിടുന്നതെങ്കില്‍, ഇന്ത്യ തോല്‍ക്കും!

ഇംഗ്ലണ്ടില്‍ ഇന്ത്യ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കിയത് മൂന്നാം മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തും ബാറ്റുമായി തകര്‍ത്താടിയതിന്റെ പിന്‍ബലത്തിലായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഋഷഭ് പന്ത് വൈറ്റ് ബാള്‍ ക്രിക്കറ്റില്‍ തന്റെ ആദ്യ സെഞ്ച്വറി നേടിയതും ഗംഭീരമായി.

ഫോമിലേക്കുയര്‍ന്നു കഴിഞ്ഞാല്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിക്കാന്‍ പന്തിനും ഹര്‍ദിക്കിനും അനായാസം സാധിക്കും. എന്നാല്‍, ഇന്ത്യയുടെ സൂപ്പര്‍ സഖ്യത്തെ കുറിച്ച് പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ റാഷിദ് ലത്തീഫ് പറഞ്ഞത് മറ്റൊന്നാണ്. ഹര്‍ദിക് പാണ്ഡ്യയും ഋഷഭ് പന്തും അവസാന 12 പന്താണ് നേരിടാന്‍ വരുന്നതെങ്കില്‍ ഇന്ത്യ മത്സരം തോല്‍ക്കും. ഐ.പി.എല്‍ പോലുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ അവരുടെ കളിയൊക്കെ നടക്കുമായിരിക്കും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്താൻ, ആസ്‌ട്രേലിയ ടീമുകള്‍ക്കെതിരെ കളിക്കുമ്പോള്‍ ഇവര്‍ ബാറ്റ് ചെയ്യാനെത്തുകയാണെങ്കില്‍ മനസ്സിലാക്കേണ്ടത് ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെന്നാണ്. ഡെത്ത് ഓവറുകളില്‍ കാര്യമായൊന്നും ചെയ്യാന്‍ ഋഷഭ്-ഹര്‍ദിക് സഖ്യത്തിന് കഴിഞ്ഞേക്കില്ലെന്നും ലത്തീഫ് കോട്ട് ബിഹൈന്‍ഡ് യൂട്യൂബ് ഷോയില്‍ പറഞ്ഞു.

ഇന്ത്യക്കായി കളിക്കുമ്പോള്‍ ദിനേശ് കാര്‍ത്തിക്കും തിളങ്ങാതെ പോകും. ഫ്രാഞ്ചൈസി ക്രിക്കറ്റിലാണെങ്കില്‍ കുഴപ്പമില്ല. ട്വന്റി20യില്‍ ഇന്ത്യക്ക് മൂന്നോ നാലോ മികച്ച ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുണ്ട്. എവിടെയാണ് കാര്‍ത്തിക്കിന് ഇടം ലഭിക്കുകയെന്നും മുന്‍ പാക് താരം ചോദിക്കുന്നു. ഐ.പി.എല്‍ 2022 സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി ദിനേശ് കാര്‍ത്തിക്ക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

പത്ത് ഇന്നിങ്സുകളില്‍ നിന്ന് 330 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഐ.പി.എല്‍ തിളക്കം കാര്‍ത്തിക്കിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവൊരുക്കി. രാജ്യത്തിനായി കളിക്കുമ്പോള്‍ താഴെയിറങ്ങി മികച്ച ഫിനിഷിങ് കാഴ്ചവെക്കാന്‍ കാര്‍ത്തിക്കിന് സാധിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ അടുത്തിടെ ഗംഭീര ബാറ്റിങ്ങാണ് നടത്തിയത്. 21 പന്തുകളില്‍ 30 റണ്‍സടിച്ച കാര്‍ത്തിക് വിന്‍ഡീസിനെതിരെ പത്തൊമ്പത് പന്തുകളില്‍ പുറത്താകാതെ 41 റണ്‍സടിച്ചിരുന്നു.

Tags:    
News Summary - 'If Hardik Pandya and Rishabh Pant are facing the last 12 balls, India are losing'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.