‘ഞാൻ ക്ഷമ ചോദിച്ചു, ഇന്നും വിഷമമുണ്ട്...’; രോഹിത് ശർമയോട് മുൻ ബി.സി.സി.ഐ സെലക്ടർ

മുംബൈ: ഇന്ത്യ ജേതാക്കളായ 2011 ഏകദിന ലോകകപ്പ് സ്ക്വാഡിൽനിന്ന് രോഹിത് ശർമയെ ഒഴിവാക്കിയതിൽ താരത്തോട് ക്ഷമ ചോദിച്ച് അന്നത്തെ ബി.സി.സി.ഐ സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത്. 1983ൽ കപിൽ ദേവിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യ ആദ്യമായി ക്രിക്കറ്റിന്‍റെ വിശ്വകിരീടത്തിൽ മുത്തമിടുന്നത്. രണ്ടാം ലോക കിരീടത്തിനായി പിന്നീട് 28 വർഷമാണ് ഇന്ത്യ കാത്തിരുന്നത്.

എം.എസ്. ധോണി നയിച്ച ഇന്ത്യൻ സംഘം 2011ൽ ലോകകപ്പ് നേടി ചരിത്രപുസ്തകത്തിൽ ഇടംപിച്ചു. സ്വന്തം മണ്ണിൽ ലോകകപ്പ് നേടുന്ന ആദ്യ ടീമായി. അക്കാലത്ത് ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും ലോകകപ്പ് സ്ക്വാഡിൽ രോഹിത്തിന് ഇടമില്ലായിരുന്നു. പിന്നീട് വൈറ്റ് ബാൾ ക്രിക്കറ്റിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായി മാറി രോഹിത്. ഓൾ റൗണ്ടർമാർക്ക് മുഖ്യ പരിഗണന കൊടുത്തതിനാലാണ് അന്ന് രോഹിത്തിനെ ടീമിൽനിന്ന് ഒഴിവാക്കിയതെന്നും ആ തീരുമാനത്തിൽ ഖേദമുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു.

ലോകകപ്പിന് ആവശ്യമായ ടീം ഘടനയുടെയും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാൻ ശേഷിയുള്ള താരങ്ങൾ ടീമിലുണ്ടാകണമെന്നും തീരുമാനിച്ചതിനാലാണ് രോഹിത്തിനെ ഒഴിവാക്കിയത്. സ്പെഷലിസ്റ്റ് താരങ്ങളേക്കാൾ ഓൾ റൗണ്ടർ താരങ്ങളെ കേന്ദ്രീകരിച്ചുള്ള 1983ലെ വിജയതന്ത്രമാണ് മാനേജ്‌മെന്റ് പിന്തുടർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ‘രോഹിത്തിന്‍റെ കാര്യത്തിൽ ഇന്നും എനിക്ക് വിഷമമുണ്ട്. കഴിഞ്ഞ വർഷം ഞാൻ അദ്ദേഹത്തോടെ ക്ഷമ ചോദിച്ചിരുന്നു. ഇത് മനപൂർവം ചെയ്തതല്ല, കൂടുതൽ ഓൾ റൗണ്ടർമാരെ ടീമിലെടുക്കാനായിരുന്നു തീരുമാനം. 1983 ലോകകപ്പ് വിജയ തന്ത്രമായിരുന്നു അതിന്‍റെ അടിസ്ഥാനം’ -ഒരു അഭിമുഖത്തിൽ ശ്രീകാന്ത് പറഞ്ഞു. രോഹിത്തിനെ ഒഴിവാക്കിയ തീരുമാനം ഇന്നും മനസ്സിനെ വേദനിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2011 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടാത്തതിന്‍റെ സങ്കടം രോഹിത് പല വേദികളിലും പങ്കുവെച്ചിരുന്നു. ബാറ്റിങ്ങിനൊപ്പം ആവശ്യമുള്ള സമയത്ത് പന്തെറിയാനും കഴിയുന്ന താരങ്ങളെ ടീമിൽ ഉറപ്പാക്കുകയാണ് അന്നത്തെ സെലക്ഷൻ കമ്മിറ്റി ചെയ്തത്. ആ തീരുമാനം തെറ്റിയില്ല. ടൂർണമെന്റിലുടനീളം ഇന്ത്യൻ ഓൾറൗണ്ടർമാർ മികച്ച പ്രകടം നടത്തി, ഇന്ത്യ രണ്ടാം ലോക കിരീടവും നേടി. 362 റൺസും 15 വിക്കറ്റും നേടിയ യുവരാജ് സിങ് ടൂർണമെന്റിലെ താരമായി. സുരേഷ് റെയ്ന, വീരേന്ദർ സെവാഗ്, സചിൻ ടെണ്ടുൽക്കർ, യൂസഫ് പഠാൻ തുടങ്ങിയവരെല്ലാം ടീമിലുണ്ടായിരുന്നു.

‘അവസാന ദിനം, ടൂർണമെന്‍റിലെ മികച്ച കളിക്കാരൻ ആരായിരുന്നു? യുവരാജ് സിങ്, ബൗളിങ്ങിലും ബാറ്റിങ്ങിലും താരം മികവ് പുലർത്തി. ഏതാനും മത്സരങ്ങളിൽ സെവാഗ്, സചിൻ, റെയ്ന എന്നിവർ പന്തെറിഞ്ഞു. യൂസഫ് പത്താൻ പോലും ഒരു പകുതി ഓൾറൗണ്ടറാണ്. ഈ പകുതി ഓൾ റൗണ്ടർ പദ്ധതിയുടെ ഭാഗമായി നിർഭാഗ്യവശാൽ രോഹിത് ശർമക്ക് സ്ക്വാഡിൽ ഇടംകണ്ടെത്താനായില്ല. രോഹിത് എന്തുകൊണ്ടും അന്ന് ലോകകപ്പ് കളിക്കാൻ യോഗ്യനായിരുന്നു’ -ശ്രീകാന്ത് കൂട്ടിച്ചേർത്തു. ഇന്ത്യക്കൊപ്പം രണ്ടു തവണ ട്വന്‍റി20 ലോകകപ്പും (2007, 2024 വർഷങ്ങളിൽ) രണ്ട് തവണ ചാമ്പ്യൻസ് ട്രോഫിയും (2013, 2025 വർഷങ്ങളിൽ) നേടിയ രോഹിത്തിന് ഇതുവരെ ഏകദിന ലോകകപ്പ് നേടാൻ സാധിച്ചിട്ടില്ല. 2023ലെ ലോകകപ്പിൽ ഇന്ത്യയെ രോഹിത് നയിച്ചെങ്കിലും ഫൈനലിൽ ആസ്ട്രേലിയയോട് തോറ്റു.

Tags:    
News Summary - I am sorry’: Former BCCI selector apologises to Rohit Sharma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.