സ്റ്റേഡിയം മേൽക്കൂരയിലെ പരസ്യബോർഡ് തകർന്ന് ഗാലറിയിലേക്ക് വീണു; ഓടി രക്ഷപ്പെട്ട് കാണികൾ -Video

ലഖ്നോ: ലോകകപ്പിൽ ആസ്ട്രേലിയ-ശ്രീലങ്ക മത്സരത്തിനിടെ സ്റ്റേഡിയം മേൽക്കൂരയിലെ പരസ്യ ബോർഡുകൾ ഗാലറിയിലേക്ക് വീണത് പരിഭ്രാന്തി പരത്തി. യു.പി ലഖ്നോവിലെ അടൽ ബിഹാരി വാജ്പേയ് സ്റ്റേഡിയത്തിൽ ശ്രീലങ്കൻ ബാറ്റിങ് പുരോഗമിക്കവെ 43ാം ഓവറിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ. മേൽക്കൂരയിൽ ഫ്രെയിം ചെയ്തുവെച്ച ഫ്ലക്സ് ബോർഡുകളാണ് കനത്ത കാറ്റിനെ തുടർന്ന് ഗാലറിയിലേക്ക് വീണത്. 

ബോർഡുകൾ ഇളകുന്നതിന്റെയും വീഴുന്നത് കണ്ട് കാണികൾ അലറിവിളിക്കുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്. ആസ്ട്രേലിയൻ താരങ്ങളായ സ്റ്റീവൻ സ്മിത്തും ​െഗ്ലൻ മാക്സ് വെല്ലും ഇതുകണ്ട് ഭയക്കുന്നതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് അമ്പയർമാർ മത്സരം അൽപസമയത്തേക്ക് നിർത്തിവെച്ചു. ഗാലറിയിൽ കാണികൾ കുറവായതിനാലും ആളുകൾ ഓടിയതിനാലും പരിക്കില്ലാതെ രക്ഷപ്പെട്ടു.

മത്സരത്തിൽ ആസ്ട്രേലിയക്കെതിരെ ഗംഭീര തുടക്കത്തിന് ശേഷം ശ്രീലങ്ക അവിശ്വസനീയമായി തകർന്നടിയുകയായിരുന്നു. പതും നിസ്സംഗയും (67 പന്തിൽ 61), കുശാൽ പെരേരയും (82 പന്തിൽ 78) ചേർന്ന് ഒന്നാം വിക്കറ്റിൽ 130 പന്തിൽ 125 റൺസ് അടിച്ചുകൂട്ടിയ ശേഷമായിരുന്നു ലങ്കയുടെ കൂട്ടത്തകർച്ച. ഒരു ഘട്ടത്തിൽ 26.2 ഓവറിൽ രണ്ടിന് 157 എന്ന ശക്തമായ നിലയിൽനിന്ന് 43.3 ഓവറിൽ 209 റൺസെടുക്കുമ്പോഴേക്കും ശ്രീലങ്കയുടെ പത്തു വിക്കറ്റും നിലംപൊത്തുകയായിരുന്നു. ഓസീസ് നിരയിൽ ആദം സാംബ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും രണ്ട് വീതവും മാക്സ്വെൽ ഒന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ 15 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 89 റൺസെന്ന നിലയിലാണ്. അർധ സെഞ്ച്വറി നേടിയ ഓപണർ മിച്ചൽ മാർഷ് (52), ഡേവിഡ് വാർണർ (11), സ്റ്റീവൻ സ്മിത്ത് (0) എന്നിവരാണ് പുറത്തായത്. മാർനസ് ലബൂഷെയ്ൻ, ജോഷ് ഇംഗ്ലിസ് എന്നിവരാണ് ക്രീസിൽ. 

Tags:    
News Summary - Hordings in the stadium roof collapsed and fell into the gallery; cricket fans ran away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.