വിഷണ്ണനായി കോഹ്ലി, വാതിലിൽ ഇടിച്ച് മാക്‌സ്‌വെല്‍; എലിമിനേറ്ററിൽ പുറത്തായതിനു പിന്നാലെ ശോകമൂകമായി ആർ.സി.ബി ഡ്രസ്സിങ് റൂം

അഹ്മദാബാദ്: ഒരു ഐ.പി.എൽ സീസണിൽ കൂടി റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കിരീടമില്ലാതെ മടങ്ങിയിരിക്കുന്നു. അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയ വിരാട് കോഹ്ലിയും സംഘവും എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനു മുന്നിൽ വീണു.

ലീഗ് റൗണ്ടിൽ കളിച്ച ആദ്യത്തെ എട്ട് മത്സരങ്ങളിൽ ഏഴിലും തോറ്റു. പോയന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു ബംഗളൂരു പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമാകുമെന്ന് ആരാധകർ വരെ ഉറപ്പിച്ചിരുന്നു. എന്നാൽ, ഒരു ഫീനിക്സ് പക്ഷിയെപോലെ ഉയിർത്തെഴുന്നേറ്റ ആർ.സി.ബി തുടർച്ചയായ വിജയങ്ങളുമായി നാലാമത് ഫിനിഷ് ചെയ്തു. ലീഗ് റൗണ്ടിൽ ചെന്നൈക്കെതിരായ അവസാന ത്രില്ലർ പോരാട്ടം ജയിച്ചതോടെ ആരാധകരുടെ പ്രതീക്ഷയും വാനോളമെത്തി.

എന്നാൽ, അഹ്മദാബാദിൽ സഞ്ജുവിനും സംഘത്തിനും മുന്നില്‍ നോക്കൗട്ടിന്‍റെ സമ്മർദം അതിജീവിക്കാനായില്ല. അഞ്ചുവർഷത്തിനിടെ നാലാം തവണയാണ് പ്ലേ ഓഫിൽ ടീം പുറത്താകുന്നത്. ഐ.പി.എല്ലിൽ റെക്കോഡുകൾ ഓരോന്നായി സ്വന്തമാക്കുമ്പോഴും കോഹ്ലിക്ക് കിരീടം എന്നത് സ്വപ്നം മാത്രമായി തുടരുകയാണ്. രാജസ്ഥാനു മുന്നിൽ ക്വാളിഫയർ കാണാതെ പുറത്തായതിന്‍റെ നിരാശ മത്സരശേഷം ആർ.സി.ബിയുടെ ഡ്രസ്സിങ് റൂമിൽ പ്രകടമായിരുന്നു. ആർ.സി.ബി തന്നെയാണ് മത്സരശേഷമുള്ള ഡ്രസ്സിങ് റൂമിലെ രംഗങ്ങൾ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടത്. 3.33 മിനിറ്റ് ദൈർഘ്യമുള്ളതാണ് വിഡിയോ.

ഡോറിൽ ഇടിക്കുന്ന ആസ്ട്രേലിയൽ ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിനെയും ഫോണിൽ നോക്കിയിരിക്കുന്ന കോഹ്ലിയെയും നായകൻ ഫാഫ് ഡുപ്ലെസിസ് ഉൾപ്പെടെയുള്ളവർ നിരാശയോടെ ഇരിക്കുന്നതും വിഡിയോയിലുണ്ട്. തോൽവിക്കു പിന്നാലെ ഡഗ്ഔട്ടിൽ വിഷണ്ണനായി ഇരിക്കുന്ന കോഹ്ലിയുടെ രംഗങ്ങളും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ‘സീസണിന്‍റെ തുടക്കത്തിൽ ഞങ്ങളുടേത് മോശം പ്രകടനമായിരുന്നു. നിലവാരത്തിനൊത്ത് കളിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. പിന്നീട് ഞങ്ങൾ ശക്തമായി തിരിച്ചുവന്നു. ആത്മാഭിമാനത്തിനായി കളിച്ചു. ഇതോടെ ആത്മവിശ്വാസം തിരിച്ചുകുട്ടി. തിരിച്ചുവരവും യോഗ്യത നേടിയതും സവിശേഷമായ ഒന്നായിരുന്നു. ഇത് ഏറെ വിലമതിക്കുന്നതും ഓർമിക്കുന്നതുമാണ്’ -കോഹ്ലി പറഞ്ഞു.

ടീമിനെ പിന്തുണച്ച ആരാധകരോടും കോഹ്ലി നന്ദി പറഞ്ഞു. 15 മത്സരങ്ങളിൽനിന്ന് 741 റൺസുമായി കോഹ്ലി റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് മത്സരത്തിൽ ബഹുദൂരം മുന്നിലാണ്. കോഹ്ലിയുടെ ഒറ്റപ്പെട്ട പ്രകടനം മാറ്റി നിർത്തിയാൽ, ടീമിലെ മറ്റു ബാറ്റർമാർ പ്രതീക്ഷക്കൊത്ത് ഫോം കണ്ടെത്താത്തതും ബൗളർമാർ നിരാശപ്പെടുത്തിയതുമാണ് ഈ സീസണിലും ടീമിന് തിരിച്ചടിയായത്.

Tags:    
News Summary - Heartbreaking scenes inside RCB dressing room after exit from IPL 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.