വിരാട് കോഹ്ലി, രോഹിത് ശർമ, സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ

ഇന്ത്യൻ ക്രിക്കറ്റിൽ പുരുഷ താരങ്ങളുടെ അതേ പ്രതിഫലം വനിതകൾക്കുണ്ടോ? യാഥാർഥ്യമിതാണ്...

ന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകൾ കളത്തിലിറങ്ങിയ ഞായറാഴ്ചയാണ് കടന്നുപോയത്. ഇരുടീമുകളും തോറ്റെങ്കിലും വനിതാ ടീമിന്‍റെ ഉജ്ജ്വല പോരാട്ടവീര്യം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. പുരുഷ ടീം ആസ്ട്രേലിയയോട് ഏഴുവിക്കറ്റ് തോൽവി വഴങ്ങിയപ്പോൾ, വനിതാ ടീം ത്രില്ലർ പോരിനൊടുവിൽ നാല് റൺസിനാണ് ഇംഗ്ലണ്ടിനെതിരെ കളി കൈവിട്ടത്.

ആസ്ട്രേലിയക്കെതിരെ മുൻനിര ബാറ്റർമാർ അമ്പേ പരാജയപ്പെട്ടതോടെയാണ് ഇന്ത്യ വൻ തോൽവി ഏറ്റുവാങ്ങിയത്. ഇടവേളക്കുശേഷം തിരിച്ചെത്തിയ രോഹിത് ശർമയും (എട്ട്) വിരാട് കോഹ്‌ലിയും (പൂജ്യം) ആസ്ട്രേലിയൻ പേസർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ കൂടാരം കയറി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (10), ശ്രേയസ് അയ്യർ (11) തുടങ്ങി പ്രതീക്ഷയർപ്പിച്ച യുവതാരങ്ങളും പെർത്തിൽ മുട്ടുകുത്തി. എന്നാൽ വനിതാ ടീമിന്‍റെ ക്യാപ്റ്റൻ ഹർമൻപ്രീതും (70) വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയും (88) വമ്പൻ പോരാട്ടവീര്യമാണ് പുറത്തെടുത്തത്.

ഇതോടെ പുരുഷ-വനിതാ ടീമുകളിലെ താരങ്ങൾ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും തുടക്കമായി. ഇരുടീമിലെയും അംഗങ്ങൾക്ക് തുല്യവേതനമാണ് ലഭിക്കുന്നതെന്ന തരത്തിൽ ചർച്ചകൾ പുരോഗമിക്കവേ, യാഥാർഥ്യം അതിൽനിന്ന് വ്യത്യസ്തമാണ്. ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറിയായിരിക്കെ 2022ലാണ് പുരുഷ, വനിതാ ടീമുകൾക്ക് തുല്യ വേതനം നടപ്പാക്കിയത് എന്നുൾപ്പെടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിൽ പറയുന്നു. എന്നാൽ എന്താണ് ‍യാഥാർഥ്യമെന്ന് പരിശോധിക്കാം.

പുരുഷ ടീമിന് നൽകുന്ന അതേ മാച്ച് ഫീ തന്നെയാണ് വനിതകൾക്കും നൽകുന്നത്. ജയ് ഷായുടെ പ്രഖ്യാപനവും അതായിരുന്നു. അതായത് ഓരോ താരത്തിനും ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ 15 ലക്ഷം രൂപയും ഏകദിനത്തിന് ആറ് ലക്ഷവും ട്വന്‍റി20 മത്സരത്തിന് മൂന്ന് ലക്ഷം രൂപയുമാണ് മാച്ച് ഫീ. ഇത് ലിംഗഭേദമില്ലാതെ എല്ലാവർക്കും ലഭിക്കുന്നു. എന്നാൽ ബി.സി.സി.ഐയുടെ വാഷിക കരാറിൽ ഉൾപ്പെടുത്തുന്നതിന് നൽകുന്ന പ്രതിഫലം പരിശോധിക്കുമ്പോഴാണ് കൊട്ടിഗ്ഘോഷിക്കുന്ന ‘ലിംഗനീതി’യുടെ യഥാർഥ ചിത്രം മനസ്സിലാകുക. പുരുഷന്മാർക്ക് നൽകുന്നതിന്‍റെ ഏഴയലത്തു പോലും സ്ത്രീകൾക്കു നൽകുന്ന പ്രതിഫലം വരില്ല!

2024 -25 വർഷത്തേക്ക് വിരാട്, രോഹിത്, ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ എന്നീ താരങ്ങളെ ‘എ പ്ലസ്‘ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ബി.സി.സി.ഐ കരാറൊപ്പിട്ടത്. എന്നാൽ വനിതാ ടീമിന് എ പ്ലസ് എന്നൊരു കാറ്റഗറി തന്നെയില്ല. ‘എ’ കാറ്റഗറിയാണ് അവിടെ ഏറ്റവും വലുത്. അതിൽ ഉൾപ്പെട്ടതാകട്ടെ മന്ദാനയും ഹർമൻപ്രീതും ദീപ്തി ശർമയും മാത്രം. എന്നാൽ ഈ കാറ്റഗറിയിൽ പുരുഷന്മാരുടേതിന് തുല്യമാണോ പ്രതിഫലം? ഒരിക്കലുമല്ല.

ആദ്യം പുരുഷന്മാരുടെ പ്രതിഫലം നോക്കാം, എ പ്ലസിൽ ഉൾപ്പെടുന്നവർക്ക് ഏഴ് കോടിയാണ് വാർഷിക പ്രതിഫലം. ഇതിനു താഴെ വരുന്ന എ, ബി, സി കാറ്റഗറികളിൽ യഥാക്രമം അഞ്ച് കോടി, മൂന്ന് കോടി, ഒരു കോടി എന്നിങ്ങനെയും പ്രതിഫലം നൽകുന്നു. എന്നാൽ സ്ത്രീകളുടെ കാര്യം വരുമ്പോൾ എ, ബി, സി കാറ്റഗറികളിൽ 50 ലക്ഷം, 30 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് പ്രതിഫലം. അതായത് പുരുഷന്മാർക്ക് കിട്ടുന്നതിന്‍റെ പത്തിലൊന്ന് തുക മാത്രമാണ് സെൻട്രൽ കോൺട്രാക്ടിൽ വനിതകൾക്ക് ലഭിക്കുന്നത്. മൈതാനത്ത് തുല്യ വേതനം കിട്ടുമ്പോഴും പിന്നാമ്പുറത്തെ അനീതിക്ക് മാറ്റമൊന്നുമില്ലെന്ന് സാരം.

2024-25 കാലയളവിൽ സെൻട്രൽ കോൺട്രാക്ടിൽ ഉൾപ്പെട്ടവർ

പുരുഷ ടീം:

  • എ+ വിഭാഗം (ഏഴ് കോടി രൂപ): വിരാട് കോഹ്‌ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജദേജ
  • എ വിഭാഗം (5 കോടി രൂപ): മുഹമ്മദ് സിറാജ്, കെ.എൽ. രാഹുൽ, ശുഭ്മൻ ഗിൽ, ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്
  • ബി വിഭാഗം (മൂന്ന് കോടി രൂപ): സൂര്യകുമാർ യാദവ്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ
  • സി വിഭാഗം (ഒരു കോടി രൂപ): റിങ്കു സിങ്, തിലക് വർമ, ഋതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ, രവി ബിഷ്‌ണോയ്, വാഷിങ്ടൺ സുന്ദർ, മുകേഷ് കുമാർ, സഞ്ജു സാംസൺ, അർഷ്‌ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, രജത് പാടിദാർ, ധ്രുവ് ജുറെൽ, സർഫറാസ് ഖാൻ, നിതീഷ് കുമാർ റെഡ്ഡി, ഇഷാൻ കിഷൻ, അഭിഷേക് ശർമ, ആകാശ് ദീപ്, വരുൺ ചക്രവർത്തി, ഹർഷിത് റാണ

വനിതാ ടീം:

  • എ വിഭാഗം (50 ലക്ഷം രൂപ): ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ദീപ്തി ശർമ
  • ബി വിഭാഗം (30 ലക്ഷം രൂപ): രേണുക സിങ് താക്കൂർ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ഷഫാലി വർമ
  • സി വിഭാഗം (10 ലക്ഷം രൂപ): യാസ്തിക ഭാട്ടിയ, ശ്രേയങ്ക പാട്ടീൽ, രാധ യാദവ്, ടിറ്റാസ് സന്ധു, അരുന്ധതി റെഡ്ഡി, അമൻജോത് കൗർ, ഉമാ ചേത്രി, സ്നേഹ് റാണ, പൂജ വസ്ത്രാകർ
Tags:    
News Summary - Harmanpreet, Mandhana get same match fee as Virat Kohli, Rohit Sharma, but what about contract amount: 'Equal pay’ facts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.