എലൈറ്റ് പാനല്‍ അമ്പയറിൽനിന്ന് തുണിക്കച്ചവടക്കാരനിലേക്ക്; ആസാദ് റഊഫിന്റെ ജീവിതം മാറിമറിഞ്ഞതിങ്ങനെ...

കറാച്ചി: അന്തരിച്ച പാകിസ്താൻകാരനായ മുൻ അമ്പയർ ആസാദ് റഊഫിന്റെ അവസാന കാലഘട്ടം ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു. ഒരുകാലത്ത് ഐ.സി.സി എലൈറ്റ് പാനല്‍ അമ്പയറായിരുന്ന റഊഫിന് പണി പോയതോടെ ജീവിക്കാൻ കറാച്ചിയിൽ തുണിക്കട തുടങ്ങേണ്ടിവന്നു. 2000 മുതല്‍ 2013വരെയുള്ള കാലഘട്ടത്തില്‍ 98 ഏകദിനങ്ങളിലും 23 ട്വന്റി 20 മത്സരങ്ങളിലും 49 ടെസ്റ്റിലും അമ്പയറായിരുന്ന റഊഫ് അക്കാലത്ത് ലോകത്തെ മികച്ച അമ്പയർമാരിൽ ഒരാളായാണ് വിലയിരുത്തപ്പെട്ടിരുന്നത്. 2013ല്‍ ഐ.പി.എല്ലുമായി ബന്ധപ്പെട്ട് ഒത്തുകളി ആരോപണങ്ങളും പിന്നാലെ ലൈംഗിക പീഡന പരാതിയും ഉയർന്നതോടെ ഐ.സി.സി വിലക്കേർപ്പെടുത്തിയതാണ് ആസാദിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്.

ഒത്തുകളി ആരോപണത്തെയും സംശയാസ്പദ വ്യക്തികളില്‍നിന്ന് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ വാങ്ങിയതിന്റെയുമെല്ലാം പശ്ചാത്തലത്തിൽ 2016ലാണ് ഐ.സി.സി റഊഫിനെ അഞ്ച് വര്‍ഷത്തേക്ക് വിലക്കിയത്. അവസാനം ലാഹോറിലെ ലന്ദ ബസാറില്‍ വസ്ത്രങ്ങളും ഷൂവും വില്‍ക്കുന്ന കട തുടങ്ങേണ്ടി വന്നു ആസാദിന്. 2013ന് ശേഷം ക്രിക്കറ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് 66കാരനായ അദ്ദേഹം പാക്‌ ടി.വി ഡോട്ട് ടി.വിക്ക് ഈയിടെ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ഐ.പി.എല്ലുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ഒത്തുകളി ആരോപണത്തിന് പിന്നില്‍ ബി.സി.സി.ഐ ആണെന്നും തനിക്കതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞിരുന്നു. 2012ല്‍ മുംബൈയിലെ ഒരു മോഡലിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലും റഊഫ് ആരോപണവിധേയനായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. വിവാദങ്ങൾ ബാക്കിവെച്ചാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.


Tags:    
News Summary - From ICC Elite Panel Umpire to Clothier; How Azad Rauf's life changed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.