ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിതാരമാകുമെന്ന് ആഘോഷിക്കപ്പെട്ട ഉന്മുക്ത് ചന്ദ് 28ാം വയസ്സിൽ വിരമിച്ചു. ബി.സി.സി.ഐക്ക് രാജിക്കത്ത് നൽകിയ ഉന്മുക്ത് മറ്റേതെങ്കിലും രാജ്യത്തേക്ക് കുടിയേറി കരിയർ സുരക്ഷിതമാക്കാനുള്ള ചിന്തയിലാണ്. അമേരിക്കയാണ് താരത്തിന്‍റെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ.
2012 അണ്ടർ 19 ലോകകപ്പിലെ അവിസ്മരണീയ പ്രകടനത്തിലൂടെയാണ് ഉന്മുക്ത് ക്രിക്കറ്റ് ലോകത്ത് ശ്രദ്ധാകേന്ദ്രമായത്. ആസ്ട്രേലിയക്കെതിരെ ഫൈനലിൽ 111 റൺസെടുത്ത് പുറത്താകാതെ നിന്ന ഉന്മുക്തിന്‍റെ മികവിലാണ് ഇന്ത്യ ലോകകിരീടം നേടിയത്.
''ഇന്ത്യക്കായി ഇനി കളിക്കാൻ ആകില്ലെന്ന തിരിച്ചറിവിലാണ് കളി അവസാനിപ്പിക്കുന്നത്. ഇന്ത്യയോടൊപ്പമുള്ള ഈ ക്രിക്കറ്റ് യാത്രയിൽ ഒരുപാട് അവിസ്മരണീയ നിമിഷങ്ങളുണ്ട്. ഇന്ത്യക്കായി അണ്ടർ 19 കിരീടം നേടിയത് ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമാണ്. ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരുടെ ചുണ്ടിൽ ചിരി കൊണ്ടുവരാനായതിൽ ഇന്ത്യൻ നായകനെന്ന നിലയിൽ അഭിമാനിക്കുന്നു. ഇന്ത്യൻ എ ടീമിനെ വിവിധ ത്രിരാഷ്ട്ര പരമ്പരകളിൽ ജേതാക്കളാക്കിയതും ഒരിക്കലും മറക്കില്ല'' -ഉന്മുക്ത് ചന്ദ് കുറിച്ചു.
2012ൽ 12ാം വയസ്സിൽ തന്നെ ഐ.പി.എല്ലിൽ അരങ്ങേറിയ ഉന്മുക്തിന് കാര്യമായി തിളങ്ങാനായില്ല. ആദ്യം ഡൽഹി ഡെയർ ഡെവിൾസിലും പിന്നീട് മുംബൈ ഇന്ത്യൻസിലും രാജസ്ഥാൻ റോയൽസിലുമെത്തി. 67 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്നായി 3379 റൺസ് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.