സഞ്ജുവിന് അഭിനന്ദനവുമായി മുൻ താരങ്ങൾ; യുവരാജിനെ പോലെയെന്ന് ഡ്വെയ്ൽ സ്റ്റെയ്ൻ

ലഖ്‌നൗ: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തിലെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തിന് പിന്നാലെ മലയാളി താരം സ‍ഞ്ജു സാംസണിന് അഭിനന്ദനപ്രവാഹം. താരത്തിന് പ്രശംസയുമായി മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിങ്, മുഹമ്മദ് കൈഫ്, ഇർഫാൻ പത്താൻ, മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡ്വെയ്ൽ സ്റ്റെയ്ൻ അടക്കമുള്ളവര്‍ രംഗത്തെത്തി.

സഞ്ജുവിന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിന്റെയത്രയും കഴിവുണ്ടെന്നായിരുന്നു മുൻ ദക്ഷിണാഫ്രിക്കൻ പേസർ ഡെയ്ൽ സ്റ്റെയ്നിന്റെ പ്രതികരണം. മികച്ച ഫോമിലുള്ള സഞ്ജു സാംസണെക്കുറിച്ച് നിങ്ങൾക്ക് അറിയില്ല. ഞാൻ ഇന്ത്യൻ പ്രീമിയർ ലീഗിൽ അദ്ദേഹത്തിന്റെ ബാറ്റിങ് കണ്ടിട്ടുണ്ട്. മത്സരത്തിന്റെ അവസാന ഓവറുകളിൽ ഇഷ്ടം പോലെ ബൗണ്ടറികൾ‌ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് അവിശ്വസനീയമാണെന്നും സ്റ്റെയ്ൻ പറഞ്ഞു.

നിര്‍ഭാഗ്യം കൊണ്ട് ടീം ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഏറെ നിലവാരമുള്ള ഇന്നിങ്സാണ് സഞ്ജു കളിച്ചതെന്ന് വീരേന്ദര്‍ സെവാഗ് ട്വീറ്റ് ചെയ്തു. സഞ്ജു വിജയത്തോളം ടീമിനെ എത്തിച്ചു എന്നത് എടുത്തുപറഞ്ഞായിരുന്നു ഹര്‍ഭജന്‍ സിങ്ങിന്‍റെ പ്രതികരണം. സഞ്ജു അഗ്രസീവും ഇംപ്രസീവുമായി ബാറ്റ് വീശിയെന്നും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നുമായിരുന്നു മുന്‍താരം മുഹമ്മദ് കൈഫിന്‍റെ കുറിപ്പ്. ഇവര്‍ക്കൊപ്പം ഇര്‍ഫാന്‍ പത്താനും ഇയാന്‍ ബിഷപ്പും അടക്കമുള്ളവരും സഞ്ജുവിന് അഭിനന്ദനവുമായി രംഗത്തെത്തി.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ഒമ്പത് റണ്‍സിന് തോറ്റെങ്കിലും ഏകദിന കരിയറിലെ തന്‍റെ ഉയര്‍ന്ന സ്കോറുമായി സഞ്ജു ശ്രദ്ധനേടിയിരുന്നു. മഴ കാരണം 40 ഓവറായി ചുരുക്കിയ മത്സരത്തില്‍ 250 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 240 റണ്‍സേ നേടാനായുള്ളൂ. ശിഖര്‍ ധവാനും (നാല്), ശുഭ്‌മാന്‍ ഗില്ലും(മൂന്ന്), ഋതുരാജ് ഗെയ്‌ക്‌വാദും(19), ഇഷാന്‍ കിഷനും പുറത്തായ ശേഷം ആറാമനായി ക്രീസിലെത്തി 63 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്‌സും സഹിതമാണ് സഞ്ജു പുറത്താകാതെ 86 റണ്‍സ് നേടിയത്. സഞ്ജുവിന് പുറമെ ശ്രേയസ് അയ്യര്‍ 50ഉം ഷാർദുല്‍ താക്കൂര്‍ 33ഉം റണ്‍സ് നേടിയെങ്കിലും ടീമിന് വിജയിക്കാനായില്ല. 

Tags:    
News Summary - Former players congratulate Sanju; Dale Steyn is like Yuvraj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.