വിക്കറ്റ് പങ്കിട്ടു, പിന്നെ പന്തും! അഞ്ച് വിക്കറ്റ് വീഴ്ത്തിയ പന്ത് രണ്ടായി മുറിച്ച് ഓരോ കഷണം സ്വന്തമാക്കി ഇംഗ്ലണ്ട് ബൗളർമാർ

ലീഡ്സ് (ഇംഗ്ലണ്ട്): ക്രിക്കറ്റ് മത്സരത്തിൽ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ബൗളർമാർ ഓർമക്കായി മാച്ച് ബാൾ സൂക്ഷിക്കുന്നത് പതിവാണ്. എന്നാൽ, ഒരു ഇന്നിങ്സിലെ ആകെ 10 വിക്കറ്റുകളിൽ രണ്ടുപേർ അഞ്ചെണ്ണം വീതം സ്വന്തമാക്കിയാൽ എന്ത് ചെയ്യും? ഹെഡിങ്‌ലി സ്റ്റേഡിയത്തിൽ പാകിസ്താനെതിരെ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ട് പേസർമാരായ ഒലീ റോബിൻസണും ജോഷ് ടങ്ങും അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു.

മെമന്റോ ആയി രണ്ടുപേർക്ക് പന്ത് വേണം. ഇതിന് പരിഹാരമായി ചെയ്തത് ക്രിക്കറ്റ് ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യം. പന്ത് നേർപകുതിയായി മുറിച്ചെടുത്തു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ ഒന്നാം ഇന്നിങ്സിൽ 171 റൺസിന് പുറത്താക്കി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ റോബിൻസണും ടങ്ങും തീരുമാനം ഇംഗ്ലീഷ് ടീം മാനേജർ വഴി ഹെഡിങ്‌ലിയിലെ ഗ്രൗണ്ട് സ്റ്റാഫിനെ അറിയിക്കുകയും അവർ പ്രത്യേക മെഷീൻ ഉപയോഗിച്ച് അഞ്ച് മിനിറ്റുകൊണ്ട് ബാൾ കൃത്യമായി മുറിച്ചുനൽകുകയുമായിരുന്നു. ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ആതിഥേയർ ആദ്യ ദിനം സ്റ്റമ്പെടുമ്പോൾ രണ്ട് വിക്കറ്റ് 112 റൺസാണ് നേടിയത്. മോശം കാലാവസ്ഥമൂലം രണ്ടാം ദിവസത്തെ കളി വൈകുകയാണ്.

ട്രീസ-ഗായത്രി സഖ്യം ക്വാർട്ടറിൽ

ന്യൂഡൽഹി: ആറാം ലോക മെഡലെന്ന പി.വി. സിന്ധുവിന്റെ സ്വപ്നത്തിന് പ്രീക്വാർട്ടറിൽ അന്ത്യം. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ് വനിത സിംഗ്ൾസിൽ ചൈനയുടെ ലോക മൂന്നാം നമ്പർ താരം വാങ് ഷി യിയോട് 11-21, 21-15, 17-21ന് തോറ്റ് സിന്ധു പുറത്തായി. വനിത ഡബ്ൾസിൽ മലയാളി ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ചേർന്ന സഖ്യവും പുരുഷന്മാരിൽ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി ജോടിയും ക്വാർട്ടർ ഫൈനലിലെത്തിയതാണ് വ്യാഴാഴ്ചത്തെ സവിശേഷത. പുരുഷ സിംഗ്ൾസിൽ ആയുഷ് ഷെട്ടിയും പ്രീക്വാർട്ടറിൽ മടങ്ങി. മിക്സഡ് ഡബ്ൾസിൽ താനിഷ ക്രാസ്റ്റോ-ധ്രുവ് കപില ജോടിയുടെ പോരാട്ടവും അവസാനിച്ചു.

പ്രീക്വാർട്ടറിൽ ഏഴാം സീഡ് റിൻ ഇവനാഗ-കിയേ നകാനിഷി സഖ്യത്തെയാണ് ട്രീസ-ഗായത്രി കൂട്ടുകെട്ട് തോൽപിച്ചത്. സ്കോർ: 21-16, 21-1. മലേഷ്യയുടെ ജുനൈദി ആരിഫ്-യാപ് റോയ് കിങ് സഖ്യത്തിനെതിരെ 21-23, 21-19, 21-17ന് സാത്വികും ചിരാഗും വിജയം കണ്ടപ്പോൾ ആയുഷ് 19-21, 11-21ന് ഇന്തോനേഷ്യയുടെ അൽവി ഫർഹാനോട് മുട്ടുമടക്കി. ചൈനയുടെ ചെൻ ഫൻഗുയി-ഗുവോ സിൻവ ജോടിയാണ് താനിഷ-ധ്രുവ് സഖ്യത്തെ പ്രീക്വാർട്ടറിൽ പരാജയപ്പെടുത്തിയത്. സ്കോർ: 16-21, 5-21.

Tags:    
News Summary - Five wickets each, half a ball each: Robinson, Tongue split match ball after Pak rout

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.