'സ്റ്റമ്പ് അവിടെയുള്ളപ്പോൾ എന്തിനാണ് ബാറ്ററെ ഉന്നംവെക്കുന്നത്?' – ഷമാർ ജോസഫിനെതിരെ മുൻ ഇന്ത്യൻ താരം

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20 മത്സരത്തിനിടെ ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെ ലക്ഷ്യമിട്ട് പന്തെറിഞ്ഞ വിൻഡീസ് പേസർ ഷമാർ ജോസഫിന്റെ പ്രവൃത്തിയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗാവസ്കർ. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ പരുക്കേറ്റ താരത്തിന്റെ ശരീരത്തിലേക്ക് വീണ്ടും ഷോർട്ട് ബോളുകൾ എറിഞ്ഞ വിൻഡീസ് താരത്തിന്റെ നടപടി സ്പോർട്സ്മാൻഷിപ്പിന് നിരക്കാത്തതാണെന്ന് ഗാവസ്കർ കുറ്റപ്പെടുത്തി.

മത്സരത്തിന്റെ അവസാന ഓവറിലാണ് സംഭവങ്ങളുടെ തുടക്കം. ഷമാർ ജോസഫ് എറിഞ്ഞ ഒരു പന്ത് വാലറ്റക്കാരനായ അർഷ്ദീപ് സിങ്ങിന്റെ തോളിൽ കൊള്ളുകയും താരം കടുത്ത വേദനയിൽ പുളയുകയും ചെയ്തു. പരുക്കേറ്റെങ്കിലും തോൽവി മുന്നിൽക്കണ്ട് ഗ്രൗണ്ടിൽ തുടരാൻ അർഷ്ദീപ് തീരുമാനിക്കുകയായിരുന്നു. റിട്ടയേർഡ് ഹർട്ടായി മടങ്ങിപ്പോകാൻ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ആവശ്യപ്പെട്ടെങ്കിലും താരം അതിന് തയാറായില്ല.

എന്നാൽ അടുത്ത പന്തിൽ ബൗണ്ടറി നേടാനായി അർഷ്ദീപ് സ്റ്റംപുകളിൽ നിന്ന് മാറി നിന്നപ്പോൾ, ഷമാർ ജോസഫ് വീണ്ടും താരത്തിന്റെ പരുക്കേറ്റ തോളിന് നേരെ ഷോർട്ട് ബോൾ എറിയുകയായിരുന്നു. സ്റ്റംപ് ഒഴിഞ്ഞുകിടക്കുമ്പോൾ വിക്കറ്റിലേക്ക് പന്തെറിയുന്നതിന് പകരം മനഃപൂർവം ബാറ്റ്‌സ്മാനെ ലക്ഷ്യമിട്ടാണ് ജോസഫ് പന്തെറിഞ്ഞതെന്ന് ഗാവസ്കർ കമന്ററി ബോക്സിൽ തുറന്നടിച്ചു.

"അവന് സുഖമില്ലെങ്കിൽ റിട്ടയർ ചെയ്യണം. അവൻ നല്ല വേദനയിലാണെന്ന് തോന്നുന്നു. സ്റ്റംപിലേക്ക് തന്നെ പന്തെറിയുന്നതല്ലേ കൂടുതൽ എളുപ്പം? അർഷ്ദീപ് മാറിനിൽക്കുകയാണെന്ന് അവനറിയാം. സ്റ്റംപിലേക്ക് മാത്രം പന്തെറിയുക, അവനെ ലക്ഷ്യം വയ്ക്കരുത്,"– ഗാവസ്കർ ലൈവ് കമന്ററിക്കിടെ രോഷത്തോടെ പറഞ്ഞു.

ഗാവസ്കറെ കൂടാതെ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീവത്സ് ഗോസ്വാമിയും വിൻഡീസ് പേസറുടെ പ്രവൃത്തിയെ ചോദ്യം ചെയ്ത് രംഗത്തെത്തി. അർഷ്ദീപിനെതിരെ ജോസഫ് പെരുമാറിയത് മാന്യതയ്ക്ക് നിരക്കാത്തതാണെന്നും, മനഃപൂർവം പരുക്കേൽപ്പിക്കാനാണ് താരം ശ്രമിച്ചതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

രണ്ടാമതും പന്ത് ശരീരത്തിൽ കൊള്ളാതെ കഷ്ടിച്ച് രക്ഷപ്പെട്ട അർഷ്ദീപിന് പിന്നീട് കളി തുടരാനായില്ല. 5 റൺസെടുത്ത താരം റിട്ടയേർഡ് ഹർട്ടായി മടങ്ങിയതോടെ വെസ്റ്റ് ഇൻഡീസ് 24 റൺസിന്റെ വിജയം സ്വന്തമാക്കുകയും പരമ്പര 2-2 എന്ന നിലയിൽ ഒപ്പമെത്തുകയും ചെയ്തു. പരമ്പര വിജയികളെ തീരുമാനിക്കുന്ന നിർണായകമായ അഞ്ചാം മത്സരം ശനിയാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും. അർഷ്ദീപിന്റെ പരുക്ക് ഇന്ത്യൻ ക്യാമ്പിന് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Tags:    
News Summary - Gavaskar Slams Shamar Joseph Over Arshdeep Singh Short-Ball Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.