രഞ്ജി ട്രോഫി; കേരളം പതറുന്നു
ജംഷഡ്പുർ: രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിന്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറിനെതിരെ ബാറ്റ് ചെയ്യുന്ന കേരളം പതറുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ സന്ദർശകർ ആറ് വിക്കറ്റിന് 269 റൺസെടുത്തിട്ടുണ്ട്. ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റിന് 224 റൺസെന്ന ശക്തമായ നിലയിലായിരുന്ന കേരളത്തിന്, അവസാന സെഷനിൽ വീണ നാല് വിക്കറ്റുകളാണ് തിരിച്ചടിയായത്. ഓപണർ അഭിഷേക് പി. നായരുടെ സെഞ്ച്വറിയാണ് ആശ്വാസം.
ഇന്നിങ്സ് തുറന്ന രോഹൻ കുന്നുമ്മലും അഭിഷേക് നായരും ചേർന്ന് മികച്ച തുടക്കമാണ് കേരളത്തിന് നൽകിയത്. രോഹൻ പതിവ് ശൈലിയിൽ മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞപ്പോൾ കരുതലോടെയുള്ള തുടക്കമായിരുന്നു അഭിഷേകിന്റേത്. സ്കോർ 83ൽ നിൽക്കെ രോഹൻ മടങ്ങി. ഉത്കർഷ് സിങ്ങിന്റെ പന്തിൽ സുഷാന്ത് മിശ്ര ക്യാച്ചെടുത്താണ് രോഹൻ (44) പുറത്തായത്. തുടർന്നെത്തിയ സച്ചിൻ ബേബിയും അഭിഷേകും ചേർന്ന് 121 റൺസ് കൂട്ടിച്ചേർത്തു. ഇതിനിടയിൽ അഭിഷേക് രഞ്ജി ട്രോഫിയിലെ ആദ്യ സെഞ്ച്വറി പൂർത്തിയാക്കി. ആദിത്യ സിങ്ങിനെ സിക്സർ പറത്തിയാണ് അഭിഷേക് നൂറിലെത്തിയത്.
സ്കോർ 204ൽ നിൽക്കെ 35 റൺസെടുത്ത സച്ചിൻ മടങ്ങി. ഉത്കർഷ് സിങ്ങിന്റെ പന്തിൽ റോബിൻ മിൻസിന് ക്യാച്ച് നൽകിയായിരുന്നു സച്ചിന്റെ മടക്കം. 126 റൺസെടുത്ത അഭിഷേകിനെ മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെ മനീഷിയും പുറത്താക്കി.
പത്ത് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. തൊട്ടുപിറകെ ഒരേ ഓവറിൽ തുടരെയുള്ള പന്തുകളിൽ വിഷ്ണു വിനോദും മുഹമ്മദ് അസ്ഹറുദ്ദീനും വീണു. 15 റൺസെടുത്ത വിഷ്ണു, മുഹമ്മദ് കൗനെയ്ൻ ഖുറേഷിയുടെ ഓവറിൽ എൽ.ബി.ഡബ്ല്യുവിൽ കുടുങ്ങിയപ്പോൾ, തൊട്ടടുത്ത പന്തിൽ അസ്ഹർ ക്യാച്ച് നൽകി. ജലജ് സക്സേന ഏഴ് റൺസെടുത്തും കരക്കു കയറി. 17 റൺസോടെ സൽമാൻ നിസാറും 13 റൺസോടെ ആദിത്യ സർവാടെയുമാണ് ക്രീസിൽ. ഝാർഖണ്ഡിനുവേണ്ടി ഉത്കർഷ് മൂന്നും ഖുറേഷി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.