2027 ഏകദിന ലോകകപ്പ്: ഇന്ത്യക്ക് ഷമിയെപ്പോലുള്ള പരിചയസമ്പന്നരായ ബൗളർമാരെ വേണമെന്ന് കൈഫ്

മുംബൈ: അടുത്ത വർഷം ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിൽ പരിചയസമ്പന്നരായ പേസർമാരുടെ സാന്നിധ്യം അനിവാര്യമാണെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. ദക്ഷിണാഫ്രിക്കയിലെ പിച്ചുകൾ ബാറ്റിങ്ങിന് കൂടുതൽ അനുകൂലമാകാൻ സാധ്യതയുള്ളതിനാൽ, ലോകകപ്പ് വിജയത്തിൽ ബൗളർമാരുടെ പ്രകടനം നിർണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുംബൈയിൽ ഹാരിസ് ഷീൽഡ് ഇന്റർ സ്കൂൾ ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ദക്ഷിണാഫ്രിക്കയിലെ നിലവിലെ സാഹചര്യങ്ങൾ ബാറ്റിങ്ങിന് ഏറെ അനുയോജ്യമാണ്. അവിടെ ബൗളർമാർ ആധിപത്യം പുലർത്തുമെന്ന് കരുതുന്നില്ല. അതിനാൽ മികച്ച ബൗളിങ് നിരയുള്ള ടീമിനാകും നേട്ടമുണ്ടാക്കാൻ സാധിക്കുക. ലോകകപ്പ് ഉയർത്തണമെങ്കിൽ ടീമിന്റെ ബൗളിങ്ങും ഫീൽഡിങ്ങും പൂർണ്ണമായും സജ്ജമായിരിക്കണം," കൈഫ് പറഞ്ഞു.

ഇന്ത്യൻ ബാറ്റിങ് നിരയിൽ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഫോമിലാകുമെന്നതിൽ സംശയമില്ലെങ്കിലും, ജസ്പ്രീത് ബുംറയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലെന്ന് കൈഫ് ചൂണ്ടിക്കാട്ടി.

യുവ നായകൻ ശുഭ്മൻ ഗില്ലിന് കീഴിൽ പരിചയസമ്പന്നരായ ബൗളർമാർ ഇറങ്ങുന്നതാണ് ടീമിന് ഗുണം ചെയ്യുക. യുവ ബൗളർമാരെ മാത്രം പരീക്ഷിച്ച് മുന്നോട്ടുപോകുന്നത് എപ്പോഴും ഫലം കാണണമെന്നില്ല. പ്രായമല്ല, പ്രകടനവും കായികക്ഷമതയുമാണ് യോഗ്യത എന്ന് വ്യക്തമാക്കിയ കൈഫ്, നാല് വർഷത്തിന് ശേഷം ഭുവനേശ്വർ കുമാറിനെ ട്വന്റി-20 ടീമിലേക്ക് തിരിച്ചെടുത്തത് മറ്റ് മുതിർന്ന താരങ്ങൾക്കും പ്രതീക്ഷ നൽകുന്നതാണെന്ന് കൂട്ടിച്ചേർത്തു.

മുതിർന്ന പേസർ മുഹമ്മദ് ഷമിയുടെ സേവനം ലോകകപ്പിൽ ഇന്ത്യക്ക് അത്യാവശ്യമാണെന്ന് കൈഫ് ഊന്നിപ്പറഞ്ഞു. കഴിഞ്ഞ മൂന്ന് ലോകകപ്പുകളിലായി 18 മത്സരങ്ങളിൽ നിന്ന് 55 വിക്കറ്റുകൾ വീഴ്ത്തിയ ഷമിയുടെ അനുഭവസമ്പത്ത് ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ വലിയ തരംഗം സൃഷ്ടിക്കും.

2023 ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങളടക്കം ഷമി കാഴ്ചവെച്ച പ്രകടനം കൈഫ് അനുസ്മരിച്ചു. നിലവിൽ ആഭ്യന്തര ക്രിക്കറ്റിൽ ദീർഘമായ സ്പെല്ലുകൾ എറിഞ്ഞ് കായികക്ഷമത തെളിയിക്കുന്ന ഷമിയെ പ്രായത്തിന്റെ പേരിൽ മാറ്റിനിർത്തരുതെന്നും, ഓസ്ട്രേലിയൻ ടീമിലെ 30 കടന്ന വേഗപ്പട ഇതിന് തെളിവ് തരുന്നുണ്ടെന്നും കൈഫ് ഓർമ്മിപ്പിച്ചു.

Tags:    
News Summary - India Need Experienced Bowlers Like Mohammad Shami for 2027 World Cup: Mohammad Kaif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.