‘വിരാട് കോഹ്‌ലിക്ക് ശേഷമുള്ള മികച്ച ബാറ്റർ’; ഇന്ത്യൻ താരത്തെ പുകഴ്ത്തി മുൻ പാക് നായകൻ

ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്‌ലിയുടെ പിൻഗാമിയായി യുവതാരം ശുഭ്മൻ ഗില്ലിനെ ഉയർത്തിക്കാട്ടി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാൻ റമീസ് രാജ. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും സെഞ്ച്വറി നേടിയ ഗിൽ, ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി വാഗ്ദാനമാണെന്ന് ഇതിനകം തെളിയിച്ചതാണ്.

കഴിഞ്ഞദിവസം ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസ് നേടിയ ആറു വിക്കറ്റ് ജയത്തിൽ നിർണായകമായത് ഗില്ലിന്‍റെ അർധ സെഞ്ച്വറി പ്രകടനമാണ്. 49 പന്തിൽ 67 റൺസെടുത്താണ് താരം പുറത്തായത്. പിന്നാലെയാണ് ഗില്ലിനെ പുകഴ്ത്തി പാക് മുൻ നായകൻ രംഗത്തെത്തിയത്.

‘ഗില്ലിന് വളരെയധികം കഴിവുണ്ട്, മുന്നിൽ ഒരുപാട് സമയവും. അവൻ മനോഹരമായാണ് കളിക്കുന്നത്. അവൻ ഡ്രൈവ് ചെയ്യുമ്പോൾ, ഷോട്ടിൽ ഒരു കർവ് ഉണ്ട്. അവന് ഓഫ് സൈഡിലോ, ഓൺ സൈഡിലോ, പുൾ ഷോട്ടോ കളിക്കുന്നതൊന്നും വിഷയമല്ല, വളരെ മനോഹരവും വൃത്തിയിലും വെടിപ്പിലുമാണ് അതെല്ലാം കളിക്കുന്നത്. വിരാട് കോഹ്‌ലിക്ക് ശേഷമുള്ള ഏറ്റവും മികച്ച ബാറ്റർ ഗില്ലാകുമെന്ന് പലരും പ്രവചിക്കുന്നു’ -തന്‍റെ യൂട്യൂബ് ചാനലിൽ റമീസ് രാജ പറഞ്ഞു.

രോഹിത് ശർമയുടെ ക്ലാസും ചാരുതയും ഗില്ലിനുണ്ടെന്നും യുവതാരത്തിന് ‘ആകാശമാണ് പരിധി’യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനകം ടെസ്റ്റിൽ രണ്ടും ഏകദിനത്തിൽ നാലും ട്വന്‍റി20യിൽ ഒന്നും സെഞ്ച്വറി ശുഭ്മൻ ഗിൽ നേടിയിട്ടുണ്ട്.

Tags:    
News Summary - Ex Pakistan Captain's Big Compliment For India Star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.