ചണ്ഡിഗഢ്: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിൽ കേരളത്തിന് അനായാസ ജയം. ഗ്രൂപ് സി മത്സരത്തിൽ മേഘാലയയെ അഞ്ച് വിക്കറ്റിനാണ് കേരളം തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത മേഘാലയ നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ കേരളം 12.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സച്ചിൻ ബേബി (24 പന്തിൽ 28), വിഷ്ണു വിനോദ് (12 പന്തിൽ 27), അബ്ദുൽ ബാഷിത് (14 പന്തിൽ 13) എന്നിവരുടെ ബാറ്റിങ്ങാണ് കേരളത്തിന്‍റെ വിജയം എളുപ്പമാക്കിയത്. നായകൻ സഞ്ജു സാംസൺ നാല് റൺസെടുത്ത് പുറത്തായി.
മേഘാലയ നിരയിൽ നാല് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. 20 റൺസെടുത്ത ലാറി സാങ്മയാണ് ടോപ് സ്കോറർ.
രാജ് ബിശ്വ (15), നായകൻ പുനിത് ബിഷ്ത് (18), കിഷൻ ലിംഗ്ദോ (19) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. കേരളത്തിനായി വൈശാഖ് ചന്ദ്രൻ, എസ്. മിഥുൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും മനുകൃഷ്ണൻ, ബേസിൽ തമ്പി, കെ.എം. ആസിഫ്, സിജോമോൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ജയത്തോടെ ഗ്രൂപ് സിയിൽ കേരളം രണ്ടാം സ്ഥാനത്തെത്തി. ഏഴു മത്സരങ്ങളിൽനിന്ന് അഞ്ചു ജയവും രണ്ടു തോൽവിയും സഹിതം 20 പോയിന്റാണ് കേരളത്തിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള കർണാടകക്ക് 24 പോയിന്റുണ്ട്. ഹരിയാന ആണ് മൂന്നാം സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.