ശ്രീലങ്കക്കെതിരെ ആസ്ട്രേലിയക്ക് അനായാസ ജയം

ലഖ്നോ: ലോകകപ്പിൽ ശ്രീലങ്കക്കെതിരെ ആസ്ട്രേലിയക്ക് അനായാസ ജയം. മിച്ചൽ മാർഷിന്റെയും ജോഷ് ഇംഗ്ലിസിന്റെയും അർധസെഞ്ച്വറികളുടെ ബലത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഓസീസിന്റെ വിജയം. 35.2 ഓവറിൽ വിജയലക്ഷ്യമായ 210 റൺസ് കങ്കാരുപ്പട അടിച്ചെടുത്തു.

ആസ്ട്രേലിയക്കായി ഓപണർ ഡേവിഡ് വാർണർ ആഞ്ഞടിച്ചാണ് തുടങ്ങിയതെങ്കിലും ആറ് പന്തിൽ 11 റൺസെടുത്ത താരം മധുശങ്കയുടെ പന്തിൽ വിക്കറ്റിന് മുമ്പിൽ കുടുങ്ങി. തുടർന്നെത്തിയ സ്റ്റീവൻ സ്മി​ത്തിനെയും റൺസെടുക്കും മുമ്പെ മധുശങ്ക ഇതേ രീതിയിൽ മടക്കിയതോടെ ആസ്ട്രേലിയ പതറി. എന്നാൽ, ഓപണർ മിച്ചൽ മാർഷും മാർനസ് ലബൂഷെയ്നും പിടിച്ചുനിന്നതോടെ ഓസീസ് പിടിമുറുക്കി. 51 പന്തിൽ 52 റൺസെടുത്ത മാർഷ് നിർഭാഗ്യകരമായി റണ്ണൗട്ടായി മടങ്ങിയപ്പോൾ 40 റൺസെടുത്ത ലബൂഷെയ്നെ മധുശങ്ക തന്നെ കരുണരത്നയുടെ കൈയിലെത്തിച്ചു. 59 പന്തിൽ 58 റൺസടിച്ച് ടീമിനെ ജയത്തോടടുപ്പിച്ച ജോഷ് ഇംഗ്ലിസിനെ വെല്ലാലഗെയുടെ പന്തിൽ തീക്ഷണ പിടികൂടി. ആറാം വിക്കറ്റിൽ ഒന്നിച്ച ​െഗ്ലൻ മാക്സ്​ വെല്ലും (21 പന്തിൽ പുറത്താവാതെ 31), മാർകസ് ​സ്റ്റോയിനിസും (10 പന്തിൽ പുറത്താവാതെ 20) ആഞ്ഞടിച്ചപ്പോൾ ഓസീസിന് ജയം എളുപ്പമാവുകയായിരുന്നു. ലങ്കക്കായി ദിൽഷൻ മധുശങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ദുനിത് വെല്ലാലഗെ ഒരു ​വിക്കറ്റ് നേടി.

ആസ്ട്രേലിയക്കെതിരെ ഗംഭീര തുടക്കത്തിന് ശേഷം ശ്രീലങ്ക അവിശ്വസനീയമായി തകർന്നടിയുകയായിരുന്നു. പതും നിസ്സംഗയും (67 പന്തിൽ 61), കുശാൽ പെരേരയും (82 പന്തിൽ 78) ചേർന്ന് ഒന്നാം വിക്കറ്റിൽ 130 പന്തിൽ 125 റൺസ് അടിച്ചുകൂട്ടിയ ശേഷമായിരുന്നു ലങ്കയുടെ കൂട്ടത്തകർച്ച. ഒരു ഘട്ടത്തിൽ 26.2 ഓവറിൽ രണ്ടിന് 157 എന്ന ശക്തമായ നിലയിൽനിന്ന് 43.3 ഓവറിൽ 209 റൺസെടുക്കുമ്പോഴേക്കും ശ്രീലങ്കയുടെ പത്തു വിക്കറ്റും നിലംപൊത്തുകയായിരുന്നു. ഇടക്ക് മഴ വില്ല​നായെത്തിയ മത്സരത്തിൽ ഓപണർമാർക്ക് പുറമെ ചരിത അസലങ്കക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. അസലങ്ക നടത്തി​യ ചെറുത്തുനിൽപ്പാണ് സ്കോർ 200 കടത്തിയത്. 39 പന്തിൽ 25 റൺസെടുത്ത താരത്തെ മാക്സ് വെല്ലിന്റെ പന്തിൽ ലബൂഷെയ്ൻ പിടികൂടിയതോടെ ലങ്കൻ ഇന്നിങ്സിനും വിരാമമായി.

കുശാൽ മെൻഡിസ് (ഒമ്പത്), സദീര സമരവിക്രമ (എട്ട്), ധനഞ്ജയ ഡിസിൽവ (ഏഴ്), ദുനിത് വെല്ലാലഗെ (രണ്ട്), ചമിക കരുണരത്നെ (രണ്ട്), മഹീഷ് തീക്ഷ്ണ (പൂജ്യം), ലഹിരു കുമാര (നാല്), ദിൽഷൻ മധുശങ്ക (പുറത്താവാതെ പൂജ്യം) എന്നിങ്ങനെയായിരുന്നു മറ്റു ശ്രീലങ്കൻ ബാറ്റർമാരുടെ സംഭാവന. ഓസീസ് നിരയിൽ ആദം സാംബ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്കും പാറ്റ് കമ്മിൻസും രണ്ട് വീതവും മാക്സ്വെൽ ഒന്നും വിക്കറ്റ് നേടി.

Tags:    
News Summary - Easy win for Australia against Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.