ഐ.പി.എല്ലിൽനിന്ന് ധോണിയുടെ വിരമിക്കൽ; വെളിപ്പെടുത്തലുമായി സുരേഷ് റെയ്‌ന

ന്യൂഡൽഹി: ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഐ.പി.എല്ലിൽനിന്ന് വിരമിക്കുന്നതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരവും ചെന്നൈ ടീം അംഗവുമായിരുന്ന സുരേഷ് റെയ്‌ന. ധോണി ഇത്തവണത്തെ ഐ.പി.എല്ലിന് ശേഷം വിരമിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ചെന്നൈ ആരാധകർക്ക് ആവേശം നൽകുന്ന വെളിപ്പെടുത്തലുമായി താരം രംഗത്തെത്തിയത്. ഈ സീസണിൽ ധോണി വിരമിക്കില്ലെന്നാണ് അടുത്ത സുഹൃത്തുകൂടിയായ റെയ്‌ന പറയുന്നത്. കിരീടം നേടിയ ശേഷം ഒരു വർഷംകൂടി ടീമിന് വേണ്ടി കളിക്കുമെന്നാണ് ദിവസങ്ങൾക്ക് മുമ്പ് നേരിൽകണ്ട് സംസാരിച്ചപ്പോൾ ധോണി അറിയിച്ചതെന്ന് റെയ്‌ന പറഞ്ഞു.

ലഖ്‌നോക്കെതിരായ മത്സരത്തിന് മുമ്പ് കമന്റേറ്റർ ഡാനി മോറിസൻ വിരമിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ, നിങ്ങളാണ് ഞാൻ വിരമിക്കുന്ന കാര്യം തീരുമാനിച്ചതെന്ന് ധോണി പ്രതികരിച്ചിരുന്നു. ഇതോടെ താരം അടുത്ത സീസണിലും ടീമിനൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയിലായി ആരാധകർ. 'മോറിസണോട് പറഞ്ഞതു പോലെ ധോണി കളിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ഐ.പി.എല്ലിന്റെയും ഇന്ത്യൻ ക്രിക്കറ്റിന്റെയും ഗുണത്തിന് അദ്ദേഹം കളി തുടരണം. ഓരോ മത്സരത്തിന് ശേഷവുമുള്ള ധോണിയുടെ പാഠശാല വളരെ പ്രധാനമാണ്. നിരവധി താരങ്ങളാണ് അദ്ദേഹത്തിനടുത്തുവന്ന് കാര്യങ്ങൾ പഠിച്ചെടുക്കുന്നത്. വിരമിക്കുന്ന കാര്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടത്', റെയ്‌ന കൂട്ടിച്ചേർത്തു.

ശനിയാഴ്ച മുംബൈക്കെതിരായ മത്സരത്തിന് ശേഷം റെയ്‌ന ചെന്നൈയുടെ ഡ്രസ്സിങ് റൂമിലെത്തുകയും ധോണി ഉൾപ്പെടെയുള്ള താരങ്ങളുമായി സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു. ചെന്നൈയുടെ ജഴ്‌സിയണിഞ്ഞ് മത്സരശേഷമുള്ള പുരസ്കാരദാന ചടങ്ങിലും താരം പങ്കെടുത്തു. മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം സമ്മാനിച്ചതും റെയ്‌നയായിരുന്നു.

Tags:    
News Summary - Dhoni's retirement from IPL; Suresh Raina with disclosure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.