ഇന്ത്യൻ താരം ശുഭ്മൻ ഗിൽ പരിശീലനത്തിനിടെ
ധർമശാല: നാലിൽ നാല് മത്സരങ്ങളും ജയിച്ച് സെമി ഫൈനൽ സാധ്യത സജീവമാക്കിയവർ തമ്മിൽ നേർക്കുനേർ വരുമ്പോൾ ഈ ലോകകപ്പിലെ ഏറ്റവും വാശിയേറിയതും തീർത്തും പ്രവചനാതീതവുമായ പോരാട്ടത്തിൽ കാതോർക്കുകയാണ് ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം. കലാശക്കളിക്കും സെമി ഫൈനലിനും മുമ്പേ ലീഗ് റൗണ്ടിലൊരു ഫൈനൽ.
ഇന്ത്യയും പോയന്റ് ടേബ്ളിൽ ഒന്നാമന്മാരായ ന്യൂസിലൻഡും ഞായറാഴ്ച ഇറങ്ങുമ്പോൾ ആതിഥേയർക്ക് ലക്ഷ്യങ്ങൾ പലതാണ്. ജയിച്ച് മുന്നിലെത്തണം, സെമിയിൽ ഒരു ടിക്കറ്റ് ഉറപ്പിക്കണം, കരുത്തരെ വീഴ്ത്തി ആത്മവിശ്വാസം കൂട്ടണം. നീലപ്പടയുടെയും കിവികളുടെയും ശക്തി ദൗർബല്യങ്ങൾ പരീക്ഷിക്കപ്പെടാൻ ഏറെ സാധ്യതയുള്ള മത്സരം കൂടിയാണിത്.
ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്കാണ് ഇന്ത്യയെ അലട്ടുന്ന പ്രധാനപ്രശ്നം. പകരം ആരെന്നതും ചോദ്യമാണ്. ഹാർദിക്കിന്റെ അഭാവം രണ്ടുപേർക്ക് വഴി തുറക്കാൻ സാധ്യതയുണ്ട്. പേസർ മുഹമ്മദ് ഷമിയും മധ്യനിര ബാറ്റർ സൂര്യകുമാർ യാദവുമാണ് പരിഗണനയിൽ മുന്നിൽ. നിലവിലെ വിജയ ഇലവന്റെ ഭാഗമാണ് ഹാർദിക്കിനെപ്പോലെ പേസ് ബൗളിങ് ഓൾ റൗണ്ടറായ ശാർദുൽ ഠാകുർ.
ധർമശാലയിലെ സാഹചര്യങ്ങൾ പേസ് ബൗളിങ്ങിന് അനുകൂലമാവുമെന്ന പ്രതീക്ഷയിൽ ഷമിയെ കൊണ്ടുവന്നേക്കാം. താരത്തിന് ഇതുവരെ അവസരം ലഭിച്ചിട്ടുമില്ല. ഷമി വരുമ്പോൾ ശാർദുലിനെ മാറ്റി സ്പെഷലിസ്റ്റ് ബാറ്ററെ ഇറക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്. അത് സൂര്യയുടെ വഴിയാണ് തെളിക്കുന്നത്. ജസ്പ്രീത് ബുംറയുടെ പേസ് അപകടം വിതറിക്കൊണ്ടിരിക്കുന്നു. മറ്റൊരു പേസറായ മുഹമ്മദ് സിറാജും മോശമാക്കുന്നില്ല. സ്പിൻ ഡിപ്പാർട്മെന്റിൽ ജദേജക്ക് പുറമെ കുൽദീപ് യാദവും വിശ്വസ്തനാണ്. ബാറ്റിങ് നോക്കിയാൽ ക്യാപ്റ്റൻ രോഹിത് ശർമ, ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ എല്ലാവരും മികവ് തുടരുന്നു.
ക്യാപ്റ്റൻ കെയിൻ വില്യംസണിന്റെയും വെറ്ററൻ പേസർ ടിം സൗത്തിയുടെയും അഭാവം ഇതുവരെ ന്യൂസിലൻഡിന്റെ ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും ബാധിച്ചിട്ടില്ല. ഡെവൺ കോൺവേ, രചിൻ രവീന്ദ്ര, വിൽ യങ്, ഡാരിൽ മിച്ചൽ, താൽകാലിക നായകൻ ടോം ലഥാം... എല്ലാവരും ബാറ്റുകൊണ്ട് മികച്ച സംഭാവനകൾ നൽകുന്നു. ഇടംകൈയൻ സ്പിന്നർ മിച്ചൽ സാന്റനറാണ് ബൗളിങ്ങിലെ കുന്തമുന. ട്രെൻഡ് ബോൾട്ടും ലോക്കി ഫെർഗൂസനും മാറ്റ് ഹെൻറിയും റോളുകൾ കൃത്യമായി നിർവഹിച്ചാൽ ഇന്ത്യക്ക് വെല്ലുവിളിയാവും.
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, രവീന്ദ്ര ജദേജ, ശാർദുൽ ഠാകുർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇശാൻ കിഷൻ, സൂര്യകുമാർ യാദവ്.
ന്യൂസിലൻഡ്: ടോം ലഥാം (ക്യാപ്റ്റൻ), ഡെവൺ കോൺവേ, രചിൻ രവീന്ദ്ര, വിൽ യങ്, ഡാരിൽ മിച്ചൽ, ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ജിമ്മി നീഷം, ട്രെന്റ് ബോൾട്ട്, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ഇഷ് സോധി, മാർക്ക് ചാപ്മാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.