മുംബൈ: ഹെയ്ൻറിച് ക്ലാസന്‍റെ വെടിക്കെട്ട് സെഞ്ച്വറിയിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്തു. ക്ലാസൻ 67 പന്തിൽ 109 റൺസെടുത്തു. 12 ഫോറും നാലു സിക്സുമടങ്ങുന്നതാണ് താരത്തിന്‍റെ ബാറ്റിങ്.
നാല് റണ്ണെടുക്കുന്നതിനിടെ ക്വിന്‍റൻ ഡീകോക് (രണ്ടു പന്തിൽ നാല്) പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ റീസ ഹെൻഡ്രിക്സും വാൻ ഡെർ ഡ്യുസനും ചേർന്ന് ടീമിനെ നൂറു കടത്തി. 61 പന്തിൽ 60 റൺസെടുത്ത് ഡ്യുസനും 75 പന്തിൽ 85 റൺസെടുത്ത് ഹെൻഡ്രിക്സും പുറത്താകുമ്പോൾ ടീം 164ലെത്തിയിരുന്നു. എയ്ഡൻ മാർക്രം (44 പന്തിൽ 42), ഡേവിഡ് മില്ലർ (ആറു പന്തിൽ അഞ്ച്) എന്നിവരും മടങ്ങി. പിന്നാലെ ആറാം വിക്കറ്റിൽ ക്ലാസനും ജാൻസെനും ചേർന്ന് തകർത്തടിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 62 പന്തിലാണ് നൂറു റൺസ് അടിച്ചെടുത്തത്. അടുത്ത 14 പന്തിൽ പാർട്ണർഷിപ്പ് 150 കടത്തി.
61 പന്തിലാണ് ക്ലാസൻ സെഞ്ച്വറി നേടിയത്. പിന്നാലെ ജാൻസെൻ 35 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി. 42 പന്തിൽ 75 റൺസുമായി താരം പുറത്താകാതെ നിന്നു. ആറു സിക്സും മൂന്നു ഫോറുമാണ് താരം നേടിയത്. ഒരു റണ്ണുമായി കേശവ് മഹാരാജും പുറത്താകാതെ നിന്നു. മൂന്നു റണ്ണെടുത്ത ജേറാൾഡ് കോറ്റ്‌സാണ് പുറത്തായ മറ്റൊരു താരം. ഇംഗ്ലണ്ടിനായി റീസ് ടോപ്ലി മൂന്നു വിക്കറ്റ് വീഴ്ത്തി. ഗസ് അറ്റ്കിൻസൺ, ആദിൽ റാഷിദ് എന്നിവർ രണ്ടു വീതം വിക്കറ്റും നേടി.
മൂന്ന് കളികളിൽ നാല് പോയന്‍റുള്ള ദക്ഷിണാഫ്രിക്കക്കും രണ്ട് പോയന്റുള്ള ഇംഗ്ലണ്ടും വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങിയത്. ആദ്യ കളിയിൽ ന്യൂസിലൻഡിനോട് തോറ്റ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപിച്ചിരുന്നു. മൂന്നാം കളിയിൽ 69 റൺസിന്റെ ഞെട്ടിക്കുന്ന തോൽവിയായിരുന്നു ഇംഗ്ലണ്ടിന്റേത്.
ശ്രീലങ്കയെയും ആസ്ട്രേലിയയെയും കീഴടക്കിയ ദക്ഷിണാഫ്രിക്ക, പിന്നീട് നെതർലൻഡ്സിനോടേറ്റ തോൽവിയുടെ ക്ഷീണത്തിലാണ് വാംഖഡെ സ്റ്റേഡിയത്തിൽ ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.