നായകസ്ഥാനം ആരുടെയും ജന്മാവകാശമല്ലെന്ന് ഗംഭീർ; 'കോഹ്‌ലി ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കണം'

നായകസ്ഥാനം ഒഴിഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ഇനി ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. നായകസ്ഥാനം ആരുടേയും ജന്മാവകാശമല്ല. എം.എസ്. ധോണി പോലും നായകസ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്‌ലിക്ക് കീഴിൽ കളിച്ചിട്ടുണ്ടെന്ന് ഗംഭീർ പറഞ്ഞു.

''ഇതിലും കൂടുതലായി ഇനിയെന്താണ് നിങ്ങൾക്ക് കാണേണ്ടത്? എനിക്കറിയില്ല. നായകസ്ഥാനം ആരുടേയും ജന്മാവകാശമല്ലെന്നാണ് എന്റെ വിശ്വാസം. എം.എസ്. ധോണിയെ പോലുള്ളവർ നായകസ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറുകയും കോഹ്‌ലിക്ക് കീഴിൽ കളിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം മൂന്ന് ഐ.സി.സി ട്രോഫികളും, മൂന്നോ നാലോ ഐ.പി.എൽ ട്രോഫികളും നേടിയിട്ടുണ്ട്" മുൻ ഇന്ത്യൻ ഓപണർ കൂടിയായ ഗംഭീർ സ്റ്റാർ സ്പോർട്സിന്റെ ഗെയിം പ്ലാൻ ഷോയിൽ പറഞ്ഞു.

''എനിക്ക് തോന്നുന്നു, കോഹ്‌ലി കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് സ്കോറിലും റൺസിലുമാണ്. നിങ്ങൾ ഇന്ത്യക്ക് വേണ്ടി കളിക്കണമെന്ന് ആഗ്രഹിക്കുമ്പോൾ ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനാവാനല്ല ആഗ്രഹിക്കേണ്ടത്, മറിച്ച് ഇന്ത്യയുടെ വിജയമാണ്'' ഗംഭീർ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 1-2ന് തോറ്റതിന് പിന്നാലെയാണ് കോഹ്‌ലി സ്ഥാനമൊഴിഞ്ഞത്. ടി-20 ലോകകപ്പിന് ശേഷം നേരത്തെ തന്നെ ടി-20 ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയും ഉടൻ തന്നെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് കോഹ്‌ലി നീക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് രോഹിത് ശർമ്മയെ ഇന്ത്യയുടെ മുഴുവൻ സമയ വൈറ്റ് ബോൾ ക്യാപ്റ്റനായി ബി.സി.സി.ഐ പ്രഖ്യാപിച്ചത്.

ജനുവരി 19 മുതൽ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കുന്നത്. രോഹിത് ശർമ്മയുടെ അഭാവത്തിൽ, സ്റ്റാൻഡ്-ഇൻ ക്യാപ്റ്റനായ കെ.എൽ. രാഹുലിന്റെ നേതൃത്വത്തിലാണ് കോഹ്‌ലി കളിക്കിറങ്ങുക.

Tags:    
News Summary - Captaincy Is Not Anyone's Birthright": Gautam Gambhir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT