ന്യൂഡൽഹി: ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടത്തിനാണ് സെപ്റ്റംബർ 14ന് ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വേദിയൊരുക്കുന്നത്. ഏഷ്യാകപ്പിലെ വമ്പൻ പോരിൽ അയൽക്കാരായ ഇന്ത്യയും പാകിസ്താനും ക്രീസിൽ മുഖാമുഖമെത്തുന്നു. ടൂർണമെന്റിലെ ഏറ്റവും വലിയ പോരാട്ടത്തിന് ക്രീസുണരാൻ ക്രിക്കറ്റ് ലോകം നാളുകളെണ്ണി കാത്തിരിക്കുമ്പോൾ, കളത്തിന് പുറത്തു നിന്നുള്ള വാർത്തകൾ അത്ര ശുഭകരമല്ല.
ഇന്ത്യയും പാകിസ്താനും ക്രീസിൽ വീണ്ടും മുഖാമുഖമെത്തുമ്പോൾ പതിവുപോലെ കളിയേക്കാൾ കൂടുതൽ രാഷ്ട്രീയമാണ് ചർച്ചയാവുന്നത്. ഏറ്റവും ഒടുവിലായി പഹൽഗാമിലെ ഭീകാരക്രമണവും, ഓപറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ തിരിച്ചടിയുമെല്ലാം മത്സരത്തെയും വിവാദങ്ങളുടെ നടുമുറ്റമാക്കി മാറ്റുന്നു.
യുദ്ധത്തിന്റെയും, അതിർത്തി കടന്നുള്ള പാക് ഭീകരതയുടെയും പേരിൽ പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്ന് ഒരു വശത്തു നിന്ന് ആവശ്യമുയരുന്നുവെങ്കിലും, ഐ.സി.സി-എ.സി.സി ടൂർണമെന്റുകളിൽ മാത്രം മത്സരിക്കാമെന്ന സർക്കാർ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് ബി.സി.സി.ഐ ഞായറാഴ്ച ഇന്ത്യയെ പാഡണിയാൻ അയക്കുന്നത്.
കളിക്കാനുള്ള തീരുമാനമവുമായി ഇന്ത്യ മുന്നോട്ട് പോകുമ്പോൾ, ആരാധകരുടെ ആവേശം പഴയപടിയൊന്നുമില്ലെന്ന് ദുബൈയിലെ ടിക്കറ്റ് വിൽപനയിലെ ഇടിവ് മുതൽ ഏറ്റവും ഒടുവിലായി സാമൂഹിക മാധ്യമങ്ങളിലുയരുന്ന മാച്ച് ബഹിഷ്‍കരണ ആഹ്വാനം വരെ സൂചന നൽകുന്നു.
മാച്ച് ഡേയിലേക്ക് ദിവസങ്ങൾ അടുക്കുന്തോറും ഇന്ത്യ മത്സരത്തിൽ നിന്നും പിൻവാങ്ങണമെന്ന പ്രചാരണവും സജീവമാകുന്നു. ബോയ്കോട്ട് എഷ്യ കപ്പ് എന്ന ഹാഷ് ടാഗിൽ ‘എക്സ്’ ഉൾപ്പെടെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമിൽ ഇന്ത്യ -പാകിസ്താൻ മത്സര ബഹിഷ്‍കരണ പ്രചാരണം ശക്തമാണ്. ക്രിക്കറ്റ് ആരാധകർ മുതൽ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും വരെ ഈ ആഹ്വാനവുമായി സജീവമായി രംഗത്തുണ്ട്. പഹൽഗാമിൽ മരിച്ചു വീണ നമ്മുടെ സഹോദരങ്ങളുടെ ഓർക്കണമെന്നും, രക്തവും വെള്ളവും ഒന്നിച്ച് ഒഴുകില്ലെന്നതു പോലെ ക്രിക്കറ്റും രക്തവും ഒന്നിച്ചു വേണ്ടെന്നും ആരാധകർ ഓർമിപ്പിക്കുന്നു.
പാകിസ്താനെതിരെ കളിക്കാൻ തീരുമാനിച്ച ബി.സി.സി.ഐയോടും സർക്കാറിനോടുമുള്ള പ്രതിഷേധ സൂചകമായി മത്സരം ബഹിഷ്‍കരിക്കാൻ ക്രിക്കറ്റ് ആരാധകർ തയ്യാറാവണമെന്നും ആവശ്യമയുരുന്നു.
ഐ.പി.എൽ ഫ്രാഞ്ചൈസിയായ കിങ്സ് ഇലവൻ പഞ്ചാബിന്റെ മാച്ച് കാർഡും സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡായി മാറി. സെപ്റ്റംബർ 14ന് നടക്കുന്ന ഏഷ്യകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുന്നോടിയായി ടീം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച മാച്ച് കാർഡിൽ എതിരാളിയെ കുറിച്ച് മിണ്ടുന്നില്ല.
ഇന്ത്യയുടെ ലോഗോകൊപ്പം എതിർ ടീമിന്റെ ലോഗോയുടെ കളം ഒഴിച്ചിട്ടാണ് പഞ്ചാബ് കിങ്സ് മാച്ച് കാർഡ് പുറത്തിറക്കിയത്. രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാർ കളിക്കാനിറങ്ങുന്ന എന്നു മാത്രമേ പോസ്റ്റിന് ക്യാപ്ഷനായി കുറിച്ചിട്ടുള്ളൂ.
ഇന്ത്യ-പാക് മത്സരത്തിനെതിരെ ആദ്യം മുതൽ പരസ്യമായി രംഗത്തുവന്ന രാഷ്ട്രീയ നേതാവാണ് ശിവസേന ഉദ്ധവ് താക്കറെ പക്ഷ എം.പിയായ പ്രിയങ്ക ചതുർവേദി. ‘ഇന്ത്യൻ പൗരന്മാരുടെയും സൈന്യത്തിന്റെയും രക്തത്തിനു മുകളിലാണോ സാമ്പത്തിക താൽപര്യങ്ങൾ’ എന്ന് ചോദിച്ചുകൊണ്ടായിരുന്നു പ്രിയങ്ക ആദ്യ വിമർശന മുന്നയിച്ചത്.
മത്സരത്തിൽ നിന്നും പിൻവാങ്ങാൻ ആഭ്യന്തര മന്ത്രി മുതൽ ബി.സി.സി.ഐ ഉൾപ്പെടെയുള്ളവരോട് ഇവർ ആവശ്യപ്പെടുകയും ചെയ്തു. ഏറ്റവും ഒടുവിലായി പഹൽഗാമിൽ വെടിയേറ്റ് വീണവരുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് മത്സരത്തിന്റെ കാരിക്കേച്ചർ പങ്കുവെച്ചുകൊണ്ട് ‘ഒരിക്കലും മറക്കരുത്, ഒരിക്കലും മാപ്പില്ല. പാകിസ്താനുമായി ക്രിക്കറ്റില്ലെന്നത് രാജ്യത്തിന്റെ വികാരം’ എന്നായിരുന്നു പ്രിയങ്ക ചതുർവേദിയുടെ പോസ്റ്റ്. മത്സരം റദ്ദാക്കണമെന്ന് ശിവസേന നേതാവ് ആനന്ദ് ദുബെയും ആവശ്യമുന്നയിച്ചു.
അതേ സമയം ഏഷ്യാ കപ്പ് ടി-20 ടൂർണമെന്റിലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതൊരു മത്സരമാണെന്നാണ് സുപ്രീം കോടതി പറഞ്ഞായിരുന്നു ജസ്റ്റിസ് ജെ.കെ മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങുന്ന ബെഞ്ച് ഹർജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.