രാജ്യം ആദ്യമായി ഒറ്റക്ക് ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിൽ കാണികളുടെ പെരുമാറ്റം അതിരുവിടുന്നു. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിനിടെ കാണികൾ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയതും പാക് താരങ്ങളെ കളിയാക്കിയതുമെല്ലാം നാണക്കേടുണ്ടാക്കിയിരുന്നു.
കാണികളുടെ അതിരുവിട്ട പെരുമാറ്റത്തിൽ പാകിസ്താൻ ടീം അധികൃതർ അന്താരാഷ്ട്ര ക്രിക്കറ്റ് ബോർഡിന് പരാതിയും നൽകിയിരുന്നു. ഇതിനിടെയാണ് രാജ്യത്തെ നാണിപ്പിക്കുന്ന മറ്റൊരു വിഡിയോ പുറത്തുവന്നത്. ഇന്ത്യ-ബംഗ്ലാദേശ് മത്സരശേഷമാണ് ആതിഥ്യമര്യാദക്കും കായികാവേശത്തിനും പേരുകേട്ട രാജ്യത്തെ ലജ്ജിപ്പിക്കുന്ന തരത്തിൽ കാണികൾ പെരുമാറിയത്.
കഴിഞ്ഞദിവസം പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്‍റെ സൂപ്പർഫാനായ ഷുഐബ് അലിയാണ് ഇന്ത്യൻ കാണികളുടെ അധിക്ഷേപത്തിന് ഇരയായത്. ബംഗ്ലാ കടുവയെ പോലെ വേഷമിട്ട് കൈയിലൊരു കടുവയുടെ കളിപ്പാവയും കൊണ്ട് ഗാലറിയിൽ സ്വന്തം ടീമിനായി ആർപ്പുവിളിക്കുന്ന ഷുഐബ് ഏറെ പ്രസിദ്ധനാണ്. ടീമിന്‍റെ ഭൂരിഭാഗം മത്സരങ്ങളിലും ഗാലറിയിൽ ഇദ്ദേഹത്തിന്‍റെ സാന്നിധ്യമുണ്ടാകും.
മത്സരശേഷം സ്റ്റേഡിയത്തിലുണ്ടായിരുന്ന ഇന്ത്യൻ ആരാധകർ ഷുഐബിന്‍റെ കൈയിലെ കടുവയുടെ കളിപ്പാവ തട്ടിയെടുത്ത് കീറിയെറിയുന്നതാണ് വിഡിയോയിലുള്ളത്. ഇന്ത്യയിലേക്ക് ലോകകപ്പ് കാണാനായി വരുമ്പോൾ ബംഗ്ലാദേശിന്‍റെ സൂപ്പർഫാനും ഇന്ത്യൻ ആരാധകരിൽനിന്ന് ഇത്തരത്തിലൊരു പെരുമാറ്റം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ബംഗ്ലാദേശ് കുറിച്ച 257 റൺസ് വിജയലക്ഷ്യം വിരാട് കോഹ്ലിയുടെ അപരാജിത സെഞ്ച്വറി (101*) കരുത്തിലാണ് ഇന്ത്യ മറികടന്നത്.
വെള്ളിയാഴ്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന പാകിസ്താൻ-ആസ്ട്രേലിയ മത്സരത്തിനിടെ പാക് കാണികളിലൊരാൾ സ്വന്തം ടീമിനുവേണ്ടി സിന്ദാബാദ് വിളിച്ചത് ഗാലറിയിലുണ്ടായിരുന്ന പൊലീസുകാരൻ തടയുന്നതിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു. സ്വന്തം ടീമിന് വേണ്ടി മുദ്രാവാക്യം വിളിക്കുന്നതിൽ എന്താണ് തെറ്റെന്ന് ചോദിക്കുന്ന പാക് ആരാധകർ, ഇതിന്‍റെ വിഡിയോ പകർത്താൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരൻ സംഭവ സ്ഥലത്തുനിന്ന് തടിതപ്പുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.